
പത്തനംതിട്ട: എസ് എസ് എല്‍ സി പരീക്ഷയെഴുതാന്‍ മദ്യലഹരിയില്‍ സ്‌കൂളിലെത്തി വിദ്യാര്‍ത്ഥി. കോഴഞ്ചേരിയിലെ ഒരു സ്‌കൂളിലാണ് സംഭവം. പരീക്ഷാഹാളില്‍ ഇരിക്കുന്ന വിദ്യാര്‍ത്ഥിയുടെ പെരുമാറ്റം കണ്ട് അസ്വാഭാവികത തോന്നിയ അദ്ധ്യാപകന്‍ ബാഗ് പരിശോധിക്കുകയായിരുന്നു. മദ്യക്കുപ്പിയും പതിനായിരം രൂപയും ബാഗിലുണ്ടായിരുന്നു.
തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ ക്ലാസില്‍ നിന്ന് പുറത്താക്കി. രക്ഷിതാക്കളെത്തി വീട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്തു. പരീക്ഷ കഴിഞ്ഞ ശേഷം ആഘോഷം നടത്താനായി ശേഖരിച്ച പണമാണ് കുട്ടിയുടെ കൈവശമുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു.

ആഘോഷങ്ങളും അമിത ആഹ്ലാദ പ്രകടനങ്ങളുമില്ലാതെ ഇത്തവണ എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞ് വിദ്യാര്‍ത്ഥികള്‍ വീട്ടിലേക്ക് മടങ്ങി. അവസാന ദിവസം പൊതുവിദ്യാഭ്യാസ വകുപ്പ് നിയന്ത്രണമേര്‍പ്പെടുത്തിയതോടെ പരീക്ഷ കഴിഞ്ഞ് വേഗത്തില്‍ തന്നെ കുട്ടികളെല്ലാം മടങ്ങി. പോകാന്‍ മടിച്ചവരെ അദ്ധ്യാപകര്‍ പറഞ്ഞ് മനസിലാക്കി വീട്ടിലേക്കയക്കുകയായിരുന്നു.
രക്ഷിതാക്കളില്‍ കൂടുതല്‍ പേരും സ്‌കൂളിലെത്തിയിരുന്നു. എല്ലാ സ്‌കൂളുകളിലും പൊലീസിന്റെ ശക്തമായ പട്രോളിംഗുമുണ്ടായിരുന്നു. ബസ് സ്റ്റാന്‍ഡുകളിലും സ്റ്റോപ്പുകളിലും പൊലീസ് പ്രത്യേക പരിശോധന നടത്തി. സ്‌കൂള്‍ വിട്ട് വീട്ടില്‍ പോകാതെ നിന്ന കുട്ടികളെ പൊലീസ് സ്ഥലം ചോദിച്ചറിഞ്ഞ് ബസില്‍ കയറ്റി വിട്ടു. ഉച്ചയോടെ കുട്ടികളെല്ലാം പോയി എന്ന് ഉറപ്പ് വരുത്തിയാണ് പൊലീസ് മടങ്ങിയത്.
വിദ്യാര്‍ത്ഥികളുടെ ഇടയിലെ ലഹരിയും അക്രമവാസനകളും സമാധാന ജീവിതത്തിന് ഭീഷണിയായ സാഹചര്യത്തിലാണ് കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തിയത്.