Social MediaTRENDING

”മഴവില്ലെന്ന് പുച്ഛിച്ച് പലതവണ പറയുന്നു, ഞങ്ങള്‍ ഇറങ്ങിപ്പോന്നു, വിനീതില്‍നിന്ന് ഇത് പ്രതീക്ഷിച്ചില്ല”

ഗേ മോഡല്‍ അഭിഷേക് ജയ്ദീപ് മലയാളികള്‍ക്ക് സുപരിചിതനാകുന്നത് ബിഗ് ബോസ് മലയാളം സീസണ്‍ ആറില്‍ മത്സരാര്‍ത്ഥിയായി എത്തിയശേഷമാണ്. തൃശൂര്‍ സ്വദേശിയായ അഭിഷേക് പ്രൊഫഷണലി ഐടി എഞ്ചിനീയറാണ്. സോഷ്യല്‍മീഡിയ ഇന്‍ഫ്‌ലൂവന്‍സര്‍ എന്ന രീതിയിലും ശ്രദ്ധ നേടിയ അഭിഷേക് ഒരു ജാതി ജാതകം എന്ന വിനീത് ശ്രീനിവാസന്‍ സിനിമയെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോള്‍.

ഒരുപാട് നല്ല സിനിമകള്‍ തയ്യാറാക്കിയിട്ടുള്ള വിനീതില്‍ നിന്നും ഇത്തരമൊരു സിനിമ പ്രതീക്ഷിച്ചില്ലെന്നും സിനിമ പാതി വഴിയില്‍ നിര്‍ത്തി താനും കുടുംബവും ഇറങ്ങിപ്പോന്നുവെന്നുമാണ് മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ അഭിഷേകും അമ്മയും പറഞ്ഞത്. ഒരു ജാതി ജാതകം സിനിമ കണ്ടപ്പോള്‍ വല്ലാതെ വിഷമമായിയെന്ന് പറഞ്ഞുകൊണ്ട് അഭിഷേകിന്റെ അമ്മയാണ് സംസാരിച്ച് തുടങ്ങിയത്.

Signature-ad

വിനീത് ശ്രീനിവാസന്റെ ഒരു സിനിമ അടുത്തിടെ വന്നിരുന്നുവല്ലോ. ആ സിനിമയെ കുറിച്ച് സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഞാനും അമ്മയും മോനും കൂടിയാണ് കാണാന്‍ പോയത്. പകുതിക്ക് വെച്ച് ഇറങ്ങിപ്പോന്നു. ഞാന്‍ ഇനി തുടര്‍ന്ന് കാണാന്‍ ഇരിക്കുന്നില്ലെന്ന് പറഞ്ഞാണ് ഇറങ്ങിപ്പോന്നത്. സോഷ്യല്‍മീഡിയയില്‍ വരുന്ന കമന്റ്‌സുകളുണ്ടല്ലോ… അത് പച്ചയ്ക്ക് പറഞ്ഞ് കൊണ്ടിരിക്കുകയാണ് ആ സിനിമ മുഴുവന്‍.

വിനീത് ശ്രീനിവാസന്റെ കഥാപാത്രത്തെ ഗേ ആയിട്ടുള്ളവരെ പരിഹസിക്കാന്‍ ഉപയോഗിക്കുന്ന ആ പേര് ആവര്‍ത്തിച്ച് വിളിക്കുന്നുണ്ട് സിനിമയില്‍. വളരെ മോശം തീമായിരുന്നു ആ സിനിമയുടേത്. എന്റെ അമ്മയ്ക്ക് പോലും ആ സിനിമ കണ്ട് വിഷമമായി എന്നാണ് അഭിഷേകിന്റെ അമ്മ പറഞ്ഞത്. കോമഡി എന്ന പേരില്‍ എന്ത് അരോചകവും അടിച്ച് വിടാന്‍ പറ്റുമോ?.

അതും വിനീത് ശ്രീനിവാസനെപ്പോെലാരു നടനില്‍ നിന്ന് ഞങ്ങള്‍ ഇത് പ്രതീക്ഷിച്ചില്ല. എത്ര നല്ല സിനിമകള്‍ ചെയ്തിട്ടുള്ള വ്യക്തിയാണ്. എല്ലാം പറഞ്ഞിട്ട് അവസാനം ഇതൊന്നും ഒന്നുമല്ലെന്ന രീതിയില്‍ ഒരു മെസേജ് കൊടുത്തു. നമ്മുടെ സമൂഹത്തില്‍ ഇത് കൊണ്ട് ഒരു കാര്യവുമില്ല. കാരണം അവസാനത്തെ മെസേജ് ഒന്നും അവര്‍ കാണില്ല.

അത്രയധികം നെഗറ്റീവ് അതുവരെ ആ സിനിമയില്‍ പറഞ്ഞിട്ടുണ്ട്. മെസേജ് കൊടുക്കണമെന്ന് കരുതിയായിരിക്കാം അവര്‍ ആ സിനിമ ചെയ്തത്. പക്ഷെ അതല്ല അവിടെ നടന്നത്. മഴവില്ലെന്ന് പുച്ഛിച്ചുകൊണ്ട് ഇടയ്ക്ക് പറയുന്നുണ്ട്. റെയിന്‍ബോ എന്നത് ഒരു പ്രൈഡാണ് ഫ്‌ലാഗാണ്. അതിനെ അവര്‍ പുച്ഛിച്ച് എന്തിനാണ് പറയുന്നതെന്ന് എനിക്ക് മനസിലായില്ലെന്നുമാണ് അഭിഷേക് പ്രതികരിച്ച് പറഞ്ഞത്. സൂക്ഷ്മദര്‍ശിനി എന്ന നസ്രിയ-ബേസില്‍ സിനിമയെ കുറിച്ചും അഭിഷേക് സംസാരിച്ചു.

സൂക്ഷ്മദര്‍ശിനിയില്‍ ലെസ്ബിയന്‍ കപ്പിളിന്റെ കഥയാണ് പറയുന്നത്. അതില്‍ ഒരാളെ ആസിഡ് ഒഴിച്ച് കൊല്ലുന്നതും അത് ചെയ്ത അമ്മച്ചി അടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്യുന്നതുമെല്ലാം കാണിച്ചാണ് സിനിമ അവസാനിക്കുന്നത്. എന്നാല്‍ സിനിമ നല്‍കിയ സന്ദേശം ഇന്‍സ്റ്റയില്‍ വന്നപ്പോള്‍ മാറി.

കൊന്നേക്കാന്‍ അമ്മച്ചി പറയുന്ന ഭാഗം പ്രൊജക്ട് ചെയ്ത് അമ്മച്ചിക്ക് കയ്യടിയാണ് ഇന്‍സ്റ്റയില്‍ ലഭിക്കുന്നത്. അത് മാത്രമല്ല ബിഗ് ബോസിലുണ്ടായിരുന്ന ഒരു കണ്ടസ്റ്റന്റും അത് ആഘോഷിച്ചു. അമ്മച്ചി റോക്ക്‌സ് എന്നാണ് കമന്റിട്ടത്. ആ സിനിമ എന്താണോ ലക്ഷ്യം വെച്ചത് അതിന്റെ ഓപ്പോസിറ്റാണ് ഇന്‍സ്റ്റഗ്രാമില്‍ എത്തിയപ്പോള്‍ നടന്നത്. അതുകൊണ്ട് തന്നെ മാറ്റം വരും എന്നതില്‍ എനിക്ക് ഹോപ്പില്ല. കാതല്‍ സിനിമ വന്നപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നല്ലൊരു ഡിസ്‌കഷന്‍ ഉണ്ടായിരുന്നു.

പക്ഷെ എല്ലാത്തിന്റെ നെഗറ്റീവ് വശങ്ങളാണ് കൂടുതല്‍ പ്രൊജക്ട് ചെയ്യപ്പെടുന്നത്. മൂത്തോനും നല്ലൊരു സിനിമയായിരുന്നു. അത് വേണ്ടത്ര ഡിസ്‌കസ് ചെയ്യിപ്പെട്ടില്ല. പക്ഷെ സൂക്ഷ്മദര്‍ശിനിയിലെ അമ്മച്ചി ഡിസ്‌കസ് ചെയ്യപ്പെട്ടു എന്നും അഭിഷേക് പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: