
കാസര്‍കോട്: ആഫ്രിക്കന്‍ രാജ്യമായ ടോഗോയിലെ ലോമെ തുറമുഖത്തുനിന്നു കാമറൂണിലേക്കു പോകുന്നതിനിടെ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ കപ്പലില്‍ മലയാളികളും. ഇവര്‍ ഉള്‍പ്പെടെ 18 ജീവനക്കാരുമായി പോകുകയായിരുന്ന ചരക്കുകപ്പലാണ് കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയത്. കാസര്‍കോട് ബേക്കല്‍ പനയാല്‍ അമ്പങ്ങാട് കോട്ടപ്പാറയിലെ രജീന്ദ്രന്‍ ഭാര്‍ഗവനും (35) കൊച്ചി സ്വദേശിയും ഉള്‍പ്പെടെ കപ്പലില്‍ 7 ഇന്ത്യക്കാര്‍ ഉണ്ടെന്നാണു വിവരം.
മാര്‍ച്ച് 17നു രാത്രി കപ്പല്‍ റാഞ്ചിയതായാണ് പാനമയിലെ വിറ്റൂ റിവര്‍ കപ്പല്‍ കമ്പനി രജീന്ദ്രന്റെ ബന്ധുക്കളെ അറിയിച്ചിരിക്കുന്നത്. മുംബൈ ആസ്ഥാനമായ മേരിടെക് ടാങ്കര്‍ മാനേജ്‌മെന്റിന്റെ ചരക്കുമായി പോകുകയായിരുന്നു ചരക്കുകപ്പല്‍. കടല്‍ക്കൊള്ളക്കാരുമായി കപ്പല്‍ക്കമ്പനി അധികൃതര്‍ ചര്‍ച്ച നടത്തിയെന്നും ജീവനക്കാര്‍ സുരക്ഷിതരാണെന്നും അധികൃതര്‍ പറയുന്നു. പ്രശ്നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് രജീന്ദ്രന്റെ ബന്ധുക്കള്‍ കേന്ദ്രമന്ത്രിമാര്‍, മുഖ്യമന്ത്രി, എംപിമാര്‍ എന്നിവര്‍ക്കു നിവേദനം നല്‍കിയിട്ടുണ്ട്.