NEWS

മേഘയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്: ലോക്കോ പൈലറ്റിന്റെ മൊഴി നിർണായകം, അവസാനം വിളിച്ചയാളെ കണ്ടെത്താൻ പൊലീസ്

    തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ ഇൻ്റലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. പത്തനംതിട്ട അതിരുങ്കൽ കാരയ്ക്കാക്കുഴി പൂഴിക്കാട് വീട്ടിൽ മുൻ ഗവ.ഐ.ടി.ഐ പ്രിൻസിപ്പൽ മധുസൂദനൻ- പാലക്കാട് കലക്ടറേറ്റ് ജീവനക്കാരി നിഷ ദമ്പതികളുടെ ഏക മകൾ മേഘ (25) ആണ് മരണപ്പെട്ടത്. പേട്ടയ്ക്കും ചാക്കയ്ക്കും ഇടയിലുള്ള റെയിൽവേ പാളത്തിൽ തിങ്കളാഴ്ച രാവിലെ ഒമ്പതര മണിയോടെയാണ് മേഘയുടെ മൃതദേഹം നാട്ടുകാർ ആദ്യം കണ്ടത്.

ജനങ്ങൾ ഉടൻ പേട്ട പൊലീസിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് സംഘം നടത്തിയ പരിശോധനയിൽ മൃതദേഹത്തിന് സമീപത്തുനിന്ന് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ്റെ ഐ ഡി കാർഡ് കണ്ടെത്തി. ഇതിലൂടെയാണ് മരിച്ചത് മേഘയാണെന്ന് തിരിച്ചറിഞ്ഞത്. രാത്രി ഡ്യൂട്ടി കഴിഞ്ഞ് തിങ്കളാഴ്ച രാവിലെ വിമാനത്താവളത്തിൽ നിന്ന് ഇറങ്ങിയതായിരുന്നു മേഘ. തിരുവനന്തപുരത്തേക്ക് വന്ന ജയന്തി ജനത എക്‌സ്പ്രസാണ് യുവതിയുടെ ജീവൻ അപഹരിച്ചത്.

Signature-ad

സംഭവത്തെക്കുറിച്ചുള്ള ലോക്കോ പൈലറ്റിൻ്റെ മൊഴി പൊലീസിന് നിർണായകമായിരിക്കുന്നു. ഫോണിൽ സംസാരിച്ച് പാളത്തിലൂടെ നടന്നു വന്ന മേഘ ട്രെയിൻ വരുന്നത് കണ്ട് പെട്ടെന്ന് ട്രാക്കിന് കുറുകെ തലവെച്ച് കിടക്കുകയായിരുന്നു എന്നാണ് ലോക്കോ പൈലറ്റ് വെളിപ്പെടുത്തിയത്. ഇത് ആത്മഹത്യയാണെന്ന സംശയത്തിന് ബലം നൽകുന്നുണ്ടെങ്കിലും പൊലീസ് എല്ലാ സാധ്യതകളും അന്വേഷിക്കുന്നുണ്ട്.

സംഭവ സമയം മേഘ ആരോടാണ് ഫോണിൽ സംസാരിച്ചത് എന്ന് കണ്ടെത്താൻ പൊലീസ് ശ്രമം നടത്തുകയാണ്. ട്രെയിൻ തട്ടി ഫോൺ പൂർണമായി തകർന്നതിനാൽ സൈബർ പൊലീസിൻ്റെ സഹായത്തോടെ ഫോണിലെ വിവരങ്ങൾ ശേഖരിക്കും.

ഫോറൻസിക് സയൻസ് കോഴ്‌സ് പൂർത്തിയാക്കിയ മേഘ ഒരു വർഷം മുൻപാണ് എമിഗ്രേഷൻ ഐബിയിൽ ജോലിയിൽ പ്രവേശിച്ചത്. എട്ട് മാസം മുൻപാണ് തിരുവനന്തപുരത്ത് ഐബിയിൽ ജോലിക്ക് പ്രവേശിച്ചത്. തുടർന്ന് ചാക്കയ്ക്ക് സമീപം താമസമാക്കുകയായിരുന്നു. നാട്ടിലെ ക്ഷേത്രത്തിൽ ഉത്സവത്തിൽ പങ്കെടുക്കാൻ ഒരു മാസം മുൻപാണ് മേഘ അവസാനമായി നാട്ടിലെത്തിയത്. മേഘയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. ഇന്ന് (ചൊവ്വ) രാവിലെ 11 ന്  വീട്ടുവളപ്പിൽ സംസ്കാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: