KeralaNEWS

ടെക്‌നോക്രാറ്റായ വ്യവസായിയില്‍നിന്ന് രാഷ്ടീയക്കാരനിലേക്ക്; കേരളാ ബിജെപിയില്‍ ‘രാജീവം’ വിടരുമ്പോള്‍, ഗ്രൂപ്പുകളെ പൊളിക്കാനുറച്ച് കേന്ദ്രം

തിരുവനന്തപുരം: മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് തൊട്ടുമുമ്പ് രാജീവ് ചന്ദ്രശേഖര്‍ ഒരു പോസ്റ്റിട്ടു. 18 വര്‍ഷം നീണ്ട പൊതുപ്രവര്‍ത്തനം ഞാന്‍ അവസാനിപ്പിക്കുന്നു. നിമിഷങ്ങള്‍ള്‍ക്കകം പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു. മന്ത്രിസഭയില്‍ ഇടം കിട്ടാതെ പോയതിലുള്ള നിരാശയായിരുന്നുവോ ആ പോസ്റ്റിനു പിന്നിലെന്ന് അറിയില്ല. പക്ഷെ, അത് പിന്‍വലിക്കാനുള്ള തീരുമാനം ഇന്ന് അദ്ദേഹത്തെ കേരള സംസ്ഥാന ബി.ജെ.പി. അധ്യക്ഷസ്ഥാനത്തേക്ക് നിയമിക്കുന്നതില്‍ നിര്‍ണായകമായെന്ന് വ്യക്തം.

എം.ടി രമേശ്, ശോഭാ സുരേന്ദ്രന്‍, വി.മുരളീധരന്‍…സാധ്യതാ പട്ടികയിലെ എല്ലാവരേയും പിന്തള്ളിയാണ് രാജീവ് ചന്ദ്രശേഖറിന് നറുക്ക് വീണത്. ഇനി കേരള ബി.ജെ.പിയുടെ ഔദ്യോഗികമുഖം രാജീവ് ചന്ദ്രശേഖര്‍. പാര്‍ലമെന്ററി രംഗത്തുനിന്ന് സംഘടനാരംഗത്തേക്കുള്ള ചുവടുമാറ്റത്തില്‍ രാജീവിനെ കാത്തിരിക്കുന്ന വെല്ലുവിളികള്‍ എന്തൊക്കെയാവും?

Signature-ad

1964 മെയ് 31-ന് വ്യോമസേന ഉദ്യോഗസ്ഥന്‍ എം.കെ ചന്ദ്രശേഖറിന്റെയും വല്ലി ചന്ദ്രശേഖറിന്റെയും മകനായി അഹമ്മദാബാദിലായിരുന്നു ജനനം. മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് ഇലക്ടിക്കല്‍ എന്‍ജീനിയറിങ്ങില്‍ ബിരുദവും ഷിക്കാഗോയിലെ ഇലിനിയോസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് ബിരുദാനന്തരബിരുദവും. 1988 മുതല്‍ 1991 വരെ ഇന്റലില്‍ ജോലി ചെയ്ത ശേഷമാണ് ഇന്ത്യയിലേക്ക് തിരിച്ചുവരുന്നത്. വിവാഹശേഷം ഭാര്യാപിതാവ് ടി.പി.ജി നമ്പ്യാരുടെ ബ്രിട്ടീഷ് ഫിസിക്കല്‍ ലബോറട്ടറീസ് എന്ന ബി.പി.എല്‍ ഗ്രൂപ്പില്‍ രാജീവും ഭാഗമായി. 1994-ലാണ് ബി.പി.എല്‍. മൊബൈല്‍ സ്ഥാപിക്കുന്നത്. 2005-ല്‍ ബി.പി.എല്ലിന്റെ 64 ശതമാനം ഓഹരികള്‍ 8214 കോടി രൂപയ്ക്കാണ് വിറ്റത്.
2005-ല്‍ രാജീവ് ചന്ദ്രശേഖര്‍ നൂറ് മില്യണ്‍ ഡോളറില്‍ ജൂപിറ്റര്‍ കാപ്പിറ്റല്‍ എന്ന ഫിനാഷ്യല്‍ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി തുടങ്ങി. ഇപ്പോളത് 800 മില്യണ്‍ യു.എസ് ഡോളര്‍ വിപണി മൂല്യമുള്ള കമ്പനി്.

2006-ല്‍ ബി.ജെ.പിയില്‍ ചേരുന്നു. ആ വര്‍ഷം തന്നെ കര്‍ണാടകയില്‍നിന്ന് ബി.ജെ.പി. സ്വതന്ത്രനായി രാജ്യസഭാംഗം. 2006 മുതല്‍ 2018 വരെയുള്ള കാലയളവില്‍ തുടര്‍ച്ചയായി രണ്ടു തവണ കര്‍ണാടകയില്‍ നിന്നുള്ള എം.പി.2021-ല്‍ രണ്ടാം നരേന്ദ്രമോദി മന്ത്രിസഭയില്‍ ഇലകട്രോണിക്‌സ് ആന്‍ഡ് ഐടി സഹമന്ത്രി.

‘തിരുവനന്തപുരത്തിനൊരു കേന്ദ്രമന്ത്രി’ എന്ന പ്രഖ്യാപനവുമായായിരുന്നു 2024-ല്‍ രാജീവ് ചന്ദ്രശേഖറിനെ ബി.ജെ.പി. തിരുവനന്തപുരത്ത് മത്സരിപ്പിക്കുന്നത്. ശശി തരൂരിനോട് പരാജയപ്പെട്ടെങ്കിലും കനത്ത പോരാട്ടം തന്നെ രാജീവ് കാഴ്ചവെച്ചു. തൊട്ടുമുമ്പുള്ള തിരഞ്ഞെടുപ്പില്‍ 99,889 വോട്ടുകള്‍ക്കാണ് തരൂരിനോട് അടിയറവ് പറഞ്ഞതെങ്കില്‍ 2024-ല്‍ തരൂരിന്റെ ഭൂരിപക്ഷം 16077 ആയി കുറയ്ക്കാന്‍ രാജീവിന് കഴിഞ്ഞു.

കേരളത്തിലെ ഗ്രൂപ്പ് യുദ്ധങ്ങള്‍ക്ക് വിരാമമിടണമെന്ന ലക്ഷ്യത്തോടെ തീര്‍ത്തും വ്യത്യസ്തനായ ഒരു നേതാവിനെ തേടിയപ്പോള്‍ ദേശീയനേതൃത്വത്തിന് രാജീവ് എല്ലാതെ മറ്റൊരാളില്ല എന്നായി. കൃഷ്ണദാസ് പക്ഷമെന്നും വി.മുരളീധരന്‍ പക്ഷമെന്നും രണ്ടായി നിന്ന പാര്‍ട്ടിയില്‍ രാജീവിന്റെ വരവോടെ ഗ്രൂപ്പ് സമവാക്യങ്ങള്‍ പൊളിക്കാനാകുമെന്ന നിഗമനത്തിലാണ് ദേശീയ നേതൃത്വം. ടെക്‌നോക്രാറ്റായ രാജീവിന് യുവജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിയുമെന്നും കേരള ബിജെപിക്ക് പ്രൊഫഷണല്‍ ടച്ച് കൊണ്ടുവരാന്‍ കഴിയുമെന്നും അവര്‍ കരുതുന്നു.

തദ്ദേശ തിരഞ്ഞെടുപ്പാണ് ആദ്യ പരീക്ഷ. പന്തളം, പാലക്കാട് നഗരസഭകള്‍ നിലനിര്‍ത്തേണ്ടത് ജീവന്മരണ പോരാട്ടം.തിരുവനന്തപുരം കോര്‍പ്പറേഷനും തൃശ്ശൂരും പിടിക്കുക എന്നതാകും രാജീവിന്റെ അടുത്ത ലക്ഷ്യം.. 2026-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ നേമത്തുനിന്ന് രാജീവ് മത്സരിക്കാനുള്ള സാധ്യതയും മുന്നോട്ടുവെക്കുന്നു. വെല്ലുവിളികള്‍ ഏറെയാണ്. പുലികളും കടുവകളും നിറഞ്ഞ കേരള ബി.ജെ.പിയെ ഉള്ളംകൈയില്‍ ഒതുക്കാനാവുമോ എന്ന് കാലം തെളിയിക്കണം. ഇതിനേക്കാള്‍ ഉപരി തിരഞ്ഞെടുപ്പ് വിജയങ്ങള്‍ ലക്ഷ്യമാക്കി എന്തൊക്കെയായിരിക്കും രാജീവിന്റെ കയ്യിലുള്ളതെന്നാവും ദേശീയ നേതൃത്വം കാത്തിരിക്കുക.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: