
കൊച്ചി: നഗരത്തില്‍ തിരക്കേറിയ എസ്എ റോഡിലൂടെ പട്ടാപ്പകല്‍ മദ്യലഹരിയില്‍ യുവാവു നടത്തിയ കാര്‍ ചേസിങ് കലാശിച്ചതു വാഹനാപകടത്തില്‍. വിനോദ സഞ്ചാരിയായ ഗോവന്‍ യുവതിക്കു കാറിടിച്ചു ഗുരുതരമായി പരുക്കേറ്റു. ഓള്‍ഡ് ഗോവ സ്വദേശി എസ്‌തേവാം ഫെറോവിന്റെ ഭാര്യ ജയ്‌സെല്‍ ഗോമസിനാണു(35) പരുക്കേറ്റത്.
ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ ഡ്രൈവര്‍ ചാലക്കുടി സ്വദേശി യാസിറിനെതിരെ മദ്യലഹരിയില്‍ വാഹനമോടിച്ചതിനു കടവന്ത്ര പൊലീസ് കേസെടുത്തു. എസ്ആര്‍എം റോഡില്‍ ലഹരി ഉപയോഗം ചോദ്യം ചെയ്ത യുവാവിനെ കാറിടിച്ചു കൊലപ്പെടുത്താനുള്ള ശ്രമം നടന്നു മൂന്നു ദിവസത്തിനുള്ളിലാണു നഗരത്തില്‍ വീണ്ടും സമാനമായ രീതിയില്‍ ലഹരിസംഘത്തിന്റെ ആക്രമണമുണ്ടാകുന്നത്.

ഇന്നലെ വൈകിട്ട് മൂന്നരയോടെ എസ്എ റോഡില്‍ കടവന്ത്ര മെട്രോ സ്റ്റേഷന് എതിര്‍വശത്താണു സംഭവം. പള്ളിമുക്ക് ഭാഗത്തു നിന്നു കടവന്ത്രയിലേക്കു ബൈക്ക് യാത്രികനെ ചേസ് ചെയ്തു എത്തുകയായിരുന്നു കാര്‍. പള്ളിമുക്ക് സിഗ്‌നലില്‍ ബൈക്ക് യാത്രികന്‍ സൈഡ് നല്‍കാതിരുന്നതിനെ തുടര്‍ന്നാണു യാസിര്‍ പ്രകോപിതനായതെന്നു പൊലീസ് പറയുന്നു.
ബൈക്കിനെ പിന്തുടര്‍ന്നു കടവന്ത്ര മെട്രോ സ്റ്റേഷനു സമീപത്തെ കലുങ്കിനു സമീപമെത്തിയപ്പോള്‍ യാസിര്‍ റോഡിനു കുറുകെ കാര്‍ വെട്ടിത്തിരിച്ചു ബൈക്ക് യാത്രികനെ തട്ടിവീഴ്ത്തി. ഇതോടെ, നിയന്ത്രണം വിട്ട കാര്‍ സമീപത്തു കൂടി നടന്നു പോകുകയായിരുന്ന ജയ്‌സെലിനെ കലുങ്കിന്റെ കൈവരിയിലേക്കു ചേര്‍ത്ത് ഇടിച്ചു വീഴ്ത്തി. കാറിന്റെ മുന്‍സീറ്റില്‍ യാസിറും ഒരു പെണ്‍കുട്ടിയുമാണ് ഉണ്ടായിരുന്നത്. ഓടിക്കൂടിയ നാട്ടുകാരും ഇവരും തമ്മില്‍ ചെറിയ തോതില്‍ സംഘര്‍ഷവുമുണ്ടായി.
കാറിന്റെ പിന്നിലുണ്ടായിരുന്ന 2 യുവാക്കള്‍ ഓടി രക്ഷപ്പെട്ടു. കാര്‍ കടവന്ത്ര പൊലീസ് പിടിച്ചെടുത്തു. കാറിനുള്ളില്‍ നിന്നു മദ്യക്കുപ്പികള്‍ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ഓടി രക്ഷപ്പെട്ട യുവാക്കളും പിന്നീടു പൊലീസ് സ്റ്റേഷനിലെത്തി. ജെയ്‌സലിന്റെ തലയ്ക്കും കാലിനുമാണു ഗുരുതരമായി പരുക്കേറ്റത്. കാലിനു ശസ്ത്രക്രിയ വേണ്ടി വരുമെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. സംഭവത്തില്‍ ഗോവ സ്വദേശികള്‍ പരാതി നല്‍കിയിട്ടില്ല. സെന്റ് അല്‍ഫോന്‍സ പള്ളി സന്ദര്‍ശിക്കാനെത്തിയ ഇവര്‍ ഇന്നലെ രാത്രി മടങ്ങിപ്പോകാനിരിക്കെയാണ് അപകടം. നിസ്സാര പരുക്കേറ്റ ബൈക്ക് യാത്രികന്‍ പ്രഥമശുശ്രൂഷയ്ക്കു ശേഷം ആശുപത്രി വിട്ടു.