
കൊല്ലം: കുണ്ടറ എസ്ഐയെന്ന് പരിചയപ്പെടുത്തി പെരുമ്പുഴയിലെ വ്യാപാരസ്ഥാപനത്തില്‍നിന്ന് 50,000 രൂപയുമായി കടന്നയാള്‍ പിടിയില്‍. കിഴക്കേ കല്ലട ഉപ്പൂട് ക്ലാച്ചേരത്തില്‍ വീട്ടില്‍ ജോണ്‍സനാ(48)ണ് മോഷണം നടത്തി 48 മണിക്കൂറിനകം കുണ്ടറ പോലീസിന്റെ പിടിയിലായത്. ജങ്ഷനുസമീപം അബ്ദുള്‍ കലാമിന്റെ നാഷണല്‍ സ്റ്റോഴ്സില്‍നിന്നാണ് പണം കവര്‍ന്നത്. വ്യാഴാഴ്ച വൈകിട്ടോടെ തിരുവല്ലയില്‍നിന്നാണ് പ്രതിയെ പിടികൂടിയത്.
നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങളും മൊബൈല്‍ ഫോണ്‍ ലൊക്കേഷനും കേന്ദ്രീകരിച്ച് കുണ്ടറ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണമാണ് പ്രതിയിലേക്കെത്തിയത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.30-ഓടെയായിരുന്നു മോഷണം. കടയില്‍ അബ്ദുള്‍ കലാം മാത്രമാണുണ്ടായിരുന്നത്. കടയിലെത്തിയ ജോണ്‍സണ്‍ ഉടമയുമായി സൗഹൃദം സ്ഥാപിച്ചു. മരുമകന്റെ കടയിലേക്ക് സാധനങ്ങള്‍ വേണമെന്നും അവന്‍ ഉടന്‍ എത്തുമെന്നും പറഞ്ഞത് കട ഉടമ വിശ്വസിച്ചു.

എസ്ഐയാണെന്ന ഉറപ്പില്‍ പണം സൂക്ഷിക്കുന്ന മേശപൂട്ടി താക്കോല്‍ സമീപത്തെ അറയിലിട്ടാണ് ഉടമ നിസ്‌കാരത്തിനു പള്ളിയിലേക്ക് പോയത്. തിരിച്ചെത്തിയപ്പോള്‍ പണം നഷ്ടപ്പെട്ടെന്ന് മനസ്സിലായതോടെ കുണ്ടറ പോലീസില്‍ പരാതി നല്‍കി. ഉടന്‍തന്നെ അന്വേഷണം ആരംഭിച്ച പോലീസ്, പണവുമായി പ്രതി ഓട്ടോറിക്ഷയില്‍ കുണ്ടറ പള്ളിമുക്കില്‍ ഇറങ്ങിപ്പോയതായി കണ്ടെത്തി.
നിരീക്ഷണ ക്യാമറാദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ അഞ്ചാലുംമൂട്ടിലും സമാനരീതിയില്‍ മോഷണം നടത്തിയത് ഒരാള്‍തന്നെയാണെന്ന് തിരിച്ചറിഞ്ഞു. മോഷണശേഷം തിരുവല്ലയിലേക്കുകടന്ന പ്രതിയെ കാവുംഭാഗം ഭാഗത്തുനിന്നാണ് പിടികൂടിയത്.