
കോഴിക്കോട്: ഈങ്ങാപ്പുഴയില്‍ കൊല്ലപ്പെട്ട ഷിബിലയ്ക്ക് ഭര്‍ത്താവ് യാസിറിന്റെ ലഹരി ഉപയോഗം വിവാഹത്തിന് മുന്‍പുതന്നെ അറിയാമായിരുന്നുവെന്ന് വിവരം. യാസിറിന്റെ ലഹരി ഉപയോഗം അറിഞ്ഞ വീട്ടുകാര്‍ ബന്ധത്തെ എതിര്‍ത്തിരുന്നു. ഇത് വകവയ്ക്കാതെയാണ് ഷിബില യാസിറിനെ വിവാഹം ചെയ്തത്. 2020ലായിരുന്നു വിവാഹം.
‘ഉപ്പയുടെ കൈ തട്ടിമാറ്റി ഓനൊപ്പം ഇറങ്ങിത്തിരിച്ച കുട്ടിയാണ്. അവന്‍ പണ്ടേ പെണ്‍കുട്ടികളെ ശല്യപ്പെടുത്തുന്നവനായിരുന്നു. അവന്റെ കൂടെ പോവല്ലേ മോളേയെന്ന് പറഞ്ഞതാണ്. ഇന്ന് അവന്റെ കത്തിയില്‍ തീര്‍ന്നു’ -നാട്ടുകാര്‍ പറയുന്നു.

ചൊവ്വാഴ്ച രാത്രി ഏഴുമണിയോടെയാണ് താമരശേരിയെ ഞെട്ടിച്ച കൊലപാതകം നടന്നത്. ഈങ്ങാപ്പുഴ കക്കാട് സ്വദേശി ഷിബിലയാണ് (21) കൊല്ലപ്പെട്ടത്. ഭര്‍ത്താവ് യാസിറിനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ നോമ്പുതുറക്കുന്ന സമയത്ത് സ്വന്തം കാറിലാണ് ഇയാള്‍ ഷിബിലയുടെ വീട്ടിലെത്തിയത്. ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഷിബിലയുടെ കഴുത്തിലേക്ക് കത്തി കുത്തിയിറക്കുകയായിരുന്നു. മൂന്ന് വയസുകാരിയായ മകളുടെ മുന്നില്‍വച്ചായിരുന്നു ആക്രമണം.
കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. കഴുത്തിലെ രണ്ട് മുറിവുകള്‍ ആഴത്തിലുള്ളതാണെന്നും ശരീരത്തില്‍ ആകെ 11 മുറിവുകളുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. ലക്ഷ്യം ഭാര്യയുടെ പിതാവ് അബ്ദുറഹ്‌മാനായിരുന്നുവെന്നാണ് പ്രതി പൊലീസിന് മൊഴി നല്‍കിയത്. ഭാര്യയെ തന്നില്‍നിന്ന് അകറ്റിയത് അബ്ദുറഹ്‌മാനാണെന്നായിരുന്നു ഇയാള്‍ കരുതിയിരുന്നത്. ഭാര്യാപിതാവിനെ കൊലപ്പെടുത്താനായി പുതിയ കത്തി വാങ്ങി കൈയില്‍ സൂക്ഷിച്ചു. ഷിബിലയെ കൊല്ലാന്‍ വിചാരിച്ചിരുന്നില്ലെന്നും അത്രയ്ക്ക് ഇഷ്ടമായിരുന്നെന്നുമാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. ആക്രമണ സമയത്ത് യാസിര്‍ ലഹരി ഉപയോഗിച്ചിരുന്നില്ല.
വിവാഹശേഷം തുടക്കം മുതല്‍ തന്നെ പ്രശ്‌നങ്ങളുണ്ടായിരുന്നെങ്കിലും പ്രണയ വിവാഹമായതിനാല്‍ ഷിബില വീട്ടുകാരോട് ഇക്കാര്യങ്ങള്‍ പറഞ്ഞിരുന്നില്ല. അടുത്തിടെ വിവാഹബന്ധം വേര്‍പെടുത്താന്‍ യുവതി തീരുമാനിച്ചു. തുടര്‍ന്ന് മകളെയും കൂട്ടി ഷിബില സ്വന്തം വീട്ടിലേക്ക് പോയി. ഒരുമിച്ച് ജീവിക്കാന്‍ താത്പര്യമില്ലെന്ന് ഷിബില പല തവണ യാസിറിനോട് പറഞ്ഞിരുന്നു. യുവതിയെ കൊല്ലുമെന്ന് ഇയാള്‍ നിരന്തരം ഭീഷണിപ്പെടുത്തിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. പൊലീസില്‍ പരാതി നല്‍കിയിട്ടും ഇയാളുടെ ശല്യം തുടര്‍ന്നുവെന്നും പറയുന്നു.