
ലഖ്‌നൗ: ഭര്‍ത്താവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയ ശേഷം ശരീരം വെട്ടിനുറുക്കി വീപ്പയ്ക്കുള്ളില്‍ ഒളിപ്പിച്ചു. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് ഞെട്ടിക്കുന്ന സംഭവം. മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായിരുന്ന സൗരഭ് രജ്പുത്താണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ ഭാര്യ മുസ്‌കാന്‍ റസ്‌തോഗിയും കാമുകന്‍ സാഹില്‍ ശുക്ലയും തമ്മിലുള്ള വിവാഹേതര ബന്ധമാണ് കൊടുംക്രൂരയിലേക്ക് നയിച്ചത്.
2016ല്‍ ആയിരുന്നു സൗരഭ് രജ്പുത്തും മുസ്‌കന്‍ റസ്തോഗിയും പ്രണയിച്ച് വിവാഹിതരായത്. ഭാര്യയോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ ആഗ്രഹിച്ച സൗരഭ്, മര്‍ച്ചന്റ് നേവിയിലെ ജോലി ഉപേക്ഷിച്ചു. പ്രണയ വിവാഹവും ജോലി ഉപേക്ഷിച്ചതും സൗരഭിന്റെ കുടുംബത്തിന് ഇഷ്ടപ്പെട്ടില്ല. ഇത് തര്‍ക്കങ്ങള്‍ക്ക് കാരണമായതോടെ സൗരഭും മുസ്‌കാനും ഒരു വാടക വീട്ടിലേക്ക് താമസം മാറി. 2019-ല്‍ ഇവര്‍ക്ക് ഒരു മകളും ജനിച്ചു. എന്നാല്‍, മുസ്‌കന്‍ സുഹൃത്തായ സാഹിലുമായി പ്രണയത്തിലാണെന്ന് സൗരഭ് പിന്നീട് മനസ്സിലാക്കി. വിവാഹമോചനത്തെ കുറിച്ച് ആലോചിച്ചെങ്കിലും മകളുടെ ഭാവി ഓര്‍ത്ത് തീരുമാനത്തില്‍നിന്ന് സൗരഭ് പിന്നോട്ടുപോയി. വീണ്ടും മര്‍ച്ചന്റ് നേവിയില്‍ ചേരാനും അദ്ദേഹം തീരുമാനിച്ചു. 2023-ല്‍ ജോലിക്കായി അദ്ദേഹം രാജ്യംവിട്ടു.

ഫെബ്രുവരി 28-നായിരുന്നു ഇവരുടെ മകളുടെ ആറാം പിറന്നാള്‍. മകളുടെ ജന്മദിനം ആഘോഷിക്കാനായി ഫെബ്രുവരി 24-ന് സൗരഭ് വീട്ടിലേക്കെത്തി. ഈ സമയം മുസ്‌കാനും സാഹിലും സൗരഭിനെ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നു. മാര്‍ച്ച് നാലിന് മുസ്‌കാന്‍ സൗരഭിന്റെ ഭക്ഷണത്തില്‍ ഉറക്കഗുളികകള്‍ കലര്‍ത്തി. സൗരഭ് മയങ്ങി കഴിഞ്ഞപ്പോള്‍ സാഹിലിനൊപ്പം ചേര്‍ന്ന് കത്തി ഉപയോഗിച്ച് സൗരഭിനെ കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ശരീരം 15 കഷണങ്ങളാക്കി വെട്ടിനുറുക്കിയ ശേഷം ഒരു വീപ്പയ്ക്കുള്ളിലാക്കി. ഇതിനുമുകളില്‍ സിമന്റ് ഇട്ട് അടയ്ക്കുകയും ചെയ്തു.
എന്നാല്‍, സൗരഭിനെ പരിചയക്കാര്‍ അന്വേഷിച്ചപ്പോള്‍ സ്ഥലത്തില്ലെന്നായിരുന്നു ഭാര്യയുടെ മറുപടി. മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാനും സംശയം ഉണ്ടാകാതിരിക്കാനും സൗരഭിന്റെ ഫോണുമായി മുസ്‌കാനും സാഹിലും ഉത്തരാഖണ്ഡിലെ കൗസാനിയിലേക്ക് പോയി. സൗരഭിന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ വഴി ഫോട്ടോകള്‍ അപ്ലോഡ് ചെയ്യാനും തുടങ്ങി. എന്നാല്‍ ദിവസങ്ങളോളം ഫോണ്‍ കോളുകള്‍ ചെയ്തിട്ടും സൗരഭ് പ്രതികരിക്കാഞ്ഞതോടെ കുടുംബം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് മുസ്‌കാനെയും സാഹിലിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ ക്രൂരമായ കൊലപാതകം ഇരുവരും സമ്മതിച്ചു. സൗരഭിന്റെ ശരീരഭാഗങ്ങള്‍ അടങ്ങിയ ഡ്രം പോലീസ് കണ്ടെത്തി. സിമന്റിട്ട് ഉറപ്പിച്ചതിനാല്‍ ഡ്രില്‍ മെഷീന്‍ ഉപയോഗിച്ച് ഡ്രം പൊളിച്ചാണ് ശരീരഭാഗങ്ങള്‍ പുറത്തെടുത്തത്. കൊല്ലപ്പെട്ട് 14 ദിവസത്തിന് ശേഷമായിരുന്നു സൗരഭിന്റെ മൃതദേഹം കണ്ടെടുത്തത്.