
ഇന്ത്യൻ ഓയിൽ കോർപറേഷൻ ഡിജിഎം അലക്സ് മാത്യുവിനെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടി. കൊല്ലം കടയ്ക്കലിലെ ഗ്യാസ് എജൻസി ഉടമ മനോജിന്റെ പരാതിയിലാണ് അറസ്റ്റ്. തിരുവനന്തപുരം കവടിയാറിലെ മനോജിന്റെ വീട്ടിൽ നിന്നാണ് അലക്സ് മാത്യുവിനെ വിജിലൻസ് അറസ്റ്റ് ചെയ്തത്. ഗ്യാസ് ഉപഭോക്താക്കളെ മറ്റ് ഏജൻസികളിലേക്ക് മാറ്റാതിരിക്കാൻ 10 ലക്ഷം കൈക്കൂലി ആവശ്യപ്പെട്ട കേസിലാണ് അറസ്റ്റ്.
ഐഒസിക്ക് കീഴിലെ നിരവധി ഗ്യാസ് ഏജൻസികളുടെ ഉടമയാണ് മനോജ്. എന്നാൽ പുതുതായി വന്ന മറ്റു ഗ്യാസ് ഏജൻസികളിലേക്ക് മനോജിന്റെ ഉപഭോക്താക്കളിൽ നിരവധി പേരെ മാറ്റിയിരുന്നു. ഇനിയും 20,000 ത്തോളം ഉപഭോക്താക്കളെ മാറ്റുമെന്നും അതു ചെയ്യാതിരിക്കാൻ പണം നൽകണമെന്നുമായിരുന്നു അലക്സ് മാത്യുവിന്റെ ആവശ്യം. ഇതിനായാണ് പത്തു ലക്ഷം രൂപ ആവശ്യപ്പെട്ടത്.

തിരുവനന്തപുരത്ത് എത്തുമ്പോൾ പണം നൽകണമെന്നായിരുന്നു മനോജും അലക്സ് മാത്യവും തമ്മിലുള്ള ധാരണ. എന്നാൽ മനോജ് ഇക്കാര്യം വിജിലൻസിനെ അറിയിച്ചു. മനോജിന്റെ വീട്ടിലെത്തി അലക്സ് മാത്യു പണം കൈപ്പറ്റിയ ഉടൻ വിജിലൻസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.