
മംഗ്ളുറു: ബാങ്ക് ഓഫ് ബറോഡ കൊണാജെ ശാഖയിലെ മാനേജർ മുതിർന്ന പൗരന്മാരുടെ 3 കോടി രൂപ തട്ടിയെടുത്തു. 2022 സെപ്റ്റംബർ 22 മുതൽ 2024 ഫെബ്രുവരി 7 വരെ ഈ ശാഖയിൽ മാനേജരായി പ്രവർത്തിച്ച ഡെറക് അജിത് ഡിസൂസക്ക് എതിരെയാണ് ആരോപണം. മുതിർന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപങ്ങളുടെ പേരിൽ അവരുടെ അനുമതിയില്ലാതെ 1,44,71,000 രൂപയുടെ വായ്പകൾ അനുവദിച്ചതായി പരാതിയിൽ ആരോപിക്കുന്നു.
‘ഇങ്ങനെ അനുവദിച്ച വായ്പാ തുക മറ്റ് പ്രതികളുടെ അക്കൗണ്ടുകളിലേക്ക് മാറ്റുകയും ചെയ്തു. സേവിംഗ്സ് അക്കൗണ്ടുകളിൽ ഉണ്ടായിരുന്ന പണം സ്ഥിര നിക്ഷേപങ്ങളിൽ നിക്ഷേപിക്കാൻ അക്കൗണ്ട് ഉടമകൾ നിർദേശം നൽകിയിരുന്നു. എന്നാൽ ഡെറക് അജിത് ഡിസൂസ, പണം ദുരുപയോഗം ചെയ്യാനുള്ള ലക്ഷ്യത്തോടെ കമ്പ്യൂട്ടർ പ്രിന്റഡ് രസീതുകൾക്ക് പകരം വ്യാജ കയ്യെഴുത്ത് സ്ഥിര നിക്ഷേപ രസീതുകൾ നൽകി. തുടർന്ന് ഉടമകളുടെ അറിവില്ലാതെ അവരുടെ അക്കൗണ്ടുകളിൽ നിന്ന് 67,94,000 രൂപ സ്ഥിര നിക്ഷേപങ്ങൾ നടത്താതെ തന്നെ മറ്റ് പ്രതികളുടെ അക്കൗണ്ടുകളിലേക്ക് മാറ്റി.’ പരാതിയിൽ പറയുന്നു.

ബാങ്കിൽ ക്രമക്കേട് നടത്തിയ പ്രതിയായ ഡെറക് അജിത് ഡിസൂസ, മൊത്തം 2,91,68,600 രൂപ പൊതു പണം ദുരുപയോഗം ചെയ്തു എന്നാണ് കണ്ടെത്തൽ. ഈ പണം നോർബർട്ട് ഡിസൂസ, അനിൽ പ്രകാശ് ഡിസൂസ, വസന്ത് കെ, തനിയപ്പ, പോൾ ഡിസൂസ, യശോധർ, മഹേഷ് കുലാശേഖർ, രാമകൃഷ്ണ ആൽവ എന്നിവരുടെ അക്കൗണ്ടുകളിലേക്കാണ് മാറ്റിയത്. ബാങ്കിന്റെ ആഭ്യന്തര വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ഈ വൻ തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തായത്.
തുടർന്ന് ചില ഉപഭോക്താക്കൾ 2,21,85,000 രൂപ ബാങ്കിന് തിരികെ നൽകി. എന്നാൽ ബാക്കി 69,83,600 രൂപ പ്രതികൾ അവരുടെ സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിച്ചതിനാൽ ഇതുവരെ തിരികെ നൽകിയിട്ടില്ല. ഈ തുക തിരികെ ലഭിക്കുമോ എന്ന ആശങ്കയിലാണ് ബാങ്കും ഉപഭോക്താക്കളും.