
കോഴിക്കോട്: വീട്ടുകാര്‍ നോമ്പുതുറക്കാന്‍പോയ സമയത്ത് വീടിന്റെ മുന്‍വാതിലിന്റെ പൂട്ടുതകര്‍ത്ത് അലമാരകളില്‍ സൂക്ഷിച്ച 20 പവനോളം സ്വര്‍ണവും 1,50,000 രൂപയും കവര്‍ന്നു. കടലുണ്ടി വടക്കുമ്പാട് റെയിലിനുസമീപം താമസിക്കുന്ന പറമ്പില്‍ ഉമ്മര്‍കോയയുടെ വീട്ടിലാണ് കവര്‍ച്ചനടന്നത്.
ഉമ്മര്‍കോയയുടെ മകള്‍ മാരിയത്തുല്‍ കിബ്ത്തിയുടെ ഒലിപ്രംകടവിലെ വീട്ടിലാണ് വ്യാഴാഴ്ച നോമ്പുതുറയ്ക്ക് വീട്ടുകാര്‍പോയത്. വെള്ളിയാഴ്ച രാവിലെ ഒന്‍പതോടെ തിരിച്ചെത്തിയപ്പോഴാണ് മുന്‍ഭാഗത്തെ വാതിലിന്റെ പൂട്ട് തകര്‍ന്നനിലയില്‍ കണ്ടത്. സ്വീകരണമുറിയിലും കിടപ്പുമുറിയിലും മുളകുപൊടി വിതറിയിരുന്നു. പഞ്ചായത്ത് അംഗത്തെ അറിയിച്ചശേഷം പോലീസില്‍ പരാതിനല്‍കുകയായിരുന്നു.

മുകള്‍നിലയിലെ രണ്ടുമുറിയില്‍നിന്നും താഴത്തെ ഒരു മുറിയില്‍നിന്നുമാണ് സ്വര്‍ണം നഷ്ടപ്പെട്ടത്. അലമാരയുടെ മുകളില്‍വെച്ചിരുന്ന താക്കോലെടുത്താണ് അലമാരകള്‍ തുറന്നത്. താഴത്തെ മുറിയില്‍ അലമാര തകര്‍ത്താണ് പണമെടുത്തതെന്ന് ഉമ്മര്‍കോയ പറഞ്ഞു. വടക്കുമ്പാട് ഇസത്തുല്‍ ഇസ്ലാം സെന്റര്‍ പള്ളിയുടെ സെക്രട്ടറിയാണ് ഉമ്മര്‍കോയ. പള്ളിയിലെ നിത്യപിരിവിന്റെ പണവും മറ്റുചെലവുകള്‍ക്കുള്ള പണവും സഹോദരിയുടെ കൈയില്‍നിന്ന് വാങ്ങിയ പണവുമാണ് ഇവിടെ സൂക്ഷിച്ചത്.
കോഴിക്കോട് ഡെപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി വിവരശേഖരണം നടത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധനയ്ക്കെത്തി. ഫറോക്ക് അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അന്വേഷണം നടത്തും.