
അടുത്തിടെ ഇന്ത്യന്‍ സിനിമകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന ചുംബനരംഗങ്ങളിലും മോശം പരാമര്‍ശങ്ങളിലും സെന്‍ട്രല്‍ ബോര്‍ഡ് ഒഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സിബിഎഫ്‌സി) കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത് കഴിഞ്ഞ ജനുവരിയില്‍ തീയേറ്ററുകളിലെത്തിയ ബോളിവുഡ് ചിത്രമായിരുന്നു ദേവ. ഷാഹിദ് കപൂറും പൂജ ഹെഗ്ഡെയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തില്‍ സിബിഎഫ്‌സി ഇടപെട്ട് മൂന്ന് മാറ്റങ്ങള്‍ വരുത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ചിത്രത്തിലെ ചുംബന രംഗങ്ങളുടെ ദൈര്‍ഘ്യം കുറച്ചതായിരുന്നു സിബിഎഫ്‌സി വരുത്തിയ പ്രധാന മാറ്റം. ഇത്തരം മാറ്റങ്ങള്‍ നടത്തിയതിന് പിന്നാലെ സിനിമാലോകത്ത് അമീര്‍ ഖാനും കരിഷ്മ കപൂറും നായികാ നായകന്‍മാരായി എത്തിയ ‘രാജാ ഹിന്ദുസ്ഥാനി’ എന്ന ചിത്രം വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. ഈ സിനിമയിലെ ഒരു ചുംബന രംഗം 72 മണിക്കൂര്‍ കൊണ്ടാണ് ചിത്രീകരിച്ചത്. ബോക്സോഫീസില്‍ വന്‍വിജയം കൊയ്ത ചിത്രത്തെക്കുറിച്ച് സംവിധായകന്‍ ധര്‍മ്മേഷ് ദര്‍ശന്‍ പറഞ്ഞ കാര്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

‘നായികയും നായകനും മഴയത്ത് ചുംബിക്കുന്ന രംഗം സിനിമയില്‍ ആവശ്യമായിരുന്നു. ആ സമയത്ത് കരിഷ്മയ്ക്ക് ചെറിയ പ്രായമായിരുന്നു. സിനിമാ ലൊക്കേഷനില്‍ കരിഷ്മയോടൊപ്പം അവരുടെ അമ്മ ബബിത കപൂറും വരുമായിരുന്നു. അമീര്‍ ഖാനുമൊത്തുളള ചുംബന രംഗങ്ങള്‍ ഷൂട്ട് ചെയ്യുമ്പോഴും ബബിത കപൂറുണ്ടായിരുന്നു. അവരുടെ മുന്‍പില്‍ വച്ചാണ് സീനെടുത്തത്. അമ്മ ഉളളതുകൊണ്ട് യാതൊരു ബുദ്ധിമുട്ടുമില്ലാതെയാണ് കരിഷ്മ ആ സീനുകള്‍ ചെയ്തത്. മൂന്ന് ദിവസം വേണ്ടി വന്നു ആ സീന്‍ ചിത്രീകരിക്കാന്‍’-അദ്ദേഹം പറഞ്ഞു.
ബോളിവുഡ് സിനിമകളില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ ചുംബനരംഗമുളള ചിത്രം രാജാ ഹിന്ദുസ്ഥാനിയാണ്. ആ സീന്‍ മനോഹരമാക്കാന്‍ 47 റീടേക്കുകള്‍ എടുക്കേണ്ടി വന്നിട്ടുണ്ട്. ചിത്രത്തിന്റെ പോസ്റ്ററുകളില്‍ ചുംബനരംഗത്തിന്റെ ചിത്രങ്ങള്‍ ചേര്‍ക്കാന്‍ ആദ്യം തീരുമാനിച്ചിരുന്നു. എന്നാല്‍ ചില കാരണങ്ങള്‍ കൊണ്ട് അത് മാറ്റിവയ്ക്കുകയായിരുന്നുവെന്നും സംവിധായകന്‍ വെളിപ്പെടുത്തി.