
തൃശൂര്‍: രാസ ലഹരി മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച യുവാവ് പിടിയിലായി. വില്‍പ്പനയക്കായി 38.55 ഗ്രാം രാസലഹരി മലദ്വാരത്തിലൂടെ കടത്തികൊണ്ടുവന്ന കൊച്ചി വാതിരുത്തി സ്വദേശിയായ നികര്‍ത്തില്‍ ആന്റണി എന്നുവിളിക്കുന്ന വിനു (38)വിനെയാണ് ഡാന്‍സാഫ് സബ് ഇന്‍സ്പെക്ടര്‍ കെ.സി ബൈജുവും സംഘവും പിടികൂടിയത്.
ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പീച്ചി പൊലീസ് സ്റ്റേഷന്‍ ലിമിറ്റിലെ മുടിക്കോട് എന്ന സ്ഥലത്തുവച്ച് ഡാന്‍സാഫ് സംഘം കെ എസ് ആര്‍ ടി സി ബസ്സില്‍ നടത്തിയ പരിശോധനയില്‍ ശാരീരിക അസ്വസ്ഥതയോടെ അസ്വഭാവികമായി പെരുമാറിയ ഒരാളെ കണ്ടെത്തുകയായിരുന്നു. ഉടന്‍തന്നെ തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയും എക്സ്റേ എടുത്തതില്‍ മലദ്വാരത്തില്‍ അസ്വഭാവികമായി ഒരു വസ്തുവുള്ളതായും കാണപെടുകയും ചെയ്തു.

പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളേജിലെത്തി നടത്ത വിശദമായ പരിശോധനയില്‍ മലദ്വാരത്തില്‍ നിന്നും ഇന്‍സുലേഷന്‍ ടേപ്പ്കൊണ്ട് ഒട്ടിച്ച നിലയിലുള്ള 38.55 ഗ്രാം എം ഡി എം എ കണ്ടെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.