
കോഴിക്കോട്: വടകരയില്‍ മോഷ്ടിച്ച ബൈക്കുകളുമായി അഞ്ച് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പൊലീസ് പിടിയില്‍. ഒന്‍പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളാണ് പിടിയിലായത്. മോഷ്ടിച്ച ആറ് ബൈക്കുകള്‍ ഇവരില്‍ നിന്നും പിടിച്ചെടുത്തു.
വടകര ഭാഗത്ത് വ്യാപകമായി മോഷണം നടക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കുട്ടിക്കള്ളന്‍മാര്‍ പിടിയിലായത്. വടകര റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നാണ് ഇവര്‍ ബൈക്കുകള്‍ മോഷ്ടിച്ചതെന്ന് പൊലീസ് പറയുന്നു. ബൈക്കുകളുടെ ലോക്കുകള്‍ പൊട്ടിച്ചാണ് ഇവര്‍ മോഷണം നടത്തിയതെന്നും പൊലീസ് പറഞ്ഞു.

ബൈക്കിന്റെ വയര്‍ മുറിച്ച് സ്റ്റാര്‍ട്ടാക്കി പോയ ശേഷം വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച് ചേസിസ് നമ്പര്‍ ചുരണ്ടിയും രൂപ മാറ്റം വരുത്തിയും മേമുണ്ട, ചല്ലി വയല്‍ ഭാഗങ്ങളില്‍ കറങ്ങുകയാണ് പതിവ്. ബൈക്ക് തകരാറായാല്‍ റോഡരികില്‍ ഉപേക്ഷിക്കും. ഇവര്‍ ഇത്തരത്തില്‍ കൂടുതല്‍ മോഷണം നടത്തിയോയെന്നതുള്‍പ്പടെ പൊലീസ് അന്വേഷിക്കുന്നുണ്ട്.
രാത്രി കാലങ്ങളില്‍ വീട്ടില്‍ പറയാതെ പുറത്തിറങ്ങിയാണ് ഇവര്‍ മോഷണം നടത്തിയിരുന്നത്. കുട്ടികള്‍ പിടിയിലാപ്പോള്‍ മാത്രമാണ് രക്ഷിതാക്കള്‍ വിവരം അറിഞ്ഞതെന്നും മോഷ്ടിച്ച ബൈക്കുകള്‍ ഇവര്‍ നിറം മാറ്റം വരുത്തിയെന്നും പൊലിസ് പറഞ്ഞു. സിസിടിവി ക്യാമറകള്‍ ഉള്‍പ്പെടെ പരിശോധിച്ചു നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ബൈക്കുകള്‍ തിരിച്ചറിഞ്ഞതും പ്രതികളെ മുഴുവന്‍ പിടികൂടിയതും. പ്രതികള്‍ പ്രായപൂര്‍ത്തിയാകത്തവരായതിനാല്‍ ഇവരെ നാളെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കും.