
കൊച്ചി: യുവതിയായി അഭിനയിച്ച് വിവാഹ വാഗ്ദാനം നല്‍കി യുവാവിന്റെ പക്കല്‍ നിന്ന് പണം തട്ടിയെടുത്തയാള്‍ അറസ്റ്റില്‍. മലപ്പുറം വേങ്ങര വൈദ്യര്‍വീട്ടില്‍ മുജീബ് റഹ്‌മാനെയാണ് (45) ഞാറയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയാണെന്ന വ്യാജേന യുവാവുമായി സൗഹൃദം സ്ഥാപിച്ച് ഓണ്‍ലൈനിലൂടെ 33 ലക്ഷം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. എടവനക്കാട് സ്വദേശിക്കാണ് പണം നഷ്ടമായത്.
പരാതിക്കാരന് മാട്രിമോണിയല്‍ പരസ്യം വഴിയാണ് ഫോണ്‍ നമ്പര്‍ ലഭിച്ചത്. വാട്‌സാപ് വഴി ബന്ധപ്പെട്ടപ്പോള്‍ പേര് ശ്രുതി എന്നാണെന്നും ബംഗളൂരുവില്‍ സ്ഥിര താമസമാണെന്നും ബ്രിട്ടനിലാണ് ജോലിയെന്നും പരിചയപ്പെടുത്തി. വിവാഹ വാഗ്ദാനം നല്‍കി സൗഹൃദം ശക്തമാക്കിയ ശേഷം ക്രിപ്‌റ്റോ കറന്‍സി ട്രേഡിങ് ലാഭകരമാണെന്ന് വിശ്വസിപ്പിച്ച് ചില ഓണ്‍ലൈന്‍ ആപ്പുകള്‍ യുവാവിനെക്കൊണ്ട് ഡൗണ്‍ലോഡ് ചെയ്യിച്ചു.

ആദ്യം ഇതുവഴി പരാതിക്കാരന്റെ അക്കൗണ്ടില്‍ നിന്നുള്ള 7,44,000 രൂപ മുടക്കി ക്രിപ്‌റ്റോ കറന്‍സി വാങ്ങിച്ച് മറ്റൊരു ആപ്പില്‍ നിക്ഷേപിച്ചു. ഇതിനു ശേഷവും പല തവണയായി പരാതിക്കാരന്റെ അക്കൗണ്ടില്‍ നിന്ന് 32,93,306 രൂപ തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 2023 ഒക്ടോബറിലായിരുന്നു എടവനക്കാട് സ്വദേശിയില്‍ നിന്ന് ഇയാള്‍ പണം തട്ടിയത്.