
ബെംഗളൂരു വിമാനത്താവളത്തിൽ സ്വർണ കള്ളക്കടത്ത് കേസിൽ അറസ്റ്റിലായ നടി രന്യ റാവുവിന് ഉന്നത രാഷ്ട്രീയ ബന്ധങ്ങൾ. ഉരുക്ക് ഫാക്ടറി സ്ഥാപിക്കാൻ കർണാടകയിലെ മുൻ ബിജെപി സർക്കാർ 12 ഏക്കർ ഭൂമി അനുവദിച്ചതായി രേഖകൾ പുറത്ത് വന്നു. കന്നഡ സിനിമ നടിയും കർണാടക കേഡറിലെ ഡിജിപി റാങ്കിലുള്ള ഐ.പി.എസ് ഉദ്യോഗസ്ഥൻ രാമചന്ദ്ര റാവുവിൻ്റെ വളർത്തു മകളുമായ രന്യ റാവു ദുബൈയിൽ നിന്ന് സ്വർണം കടത്തിയ കേസിൽ ഈ മാസം 4നാണ് അറസ്റ്റിലായത്. നടിയെ കർണാടക ഹൈക്കോടതി 24 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ഇതിനിടെ കേസിൽനിന്നു രക്ഷപ്പെടാൻ നടി സിദ്ധരാമയ്യ സർക്കാരിലെ മന്ത്രിമാരുടെ സഹായം ലഭിച്ചതായി ബിജെപി സംസ്ഥാന പ്രസിഡന്റ് ബി.വൈ വിജയേന്ദ്ര നിയമസഭയിൽ ആരോപിച്ചു.

സ്വർണക്കടത്തു കേസിൽ ഒരാളെ കൂടി ഇന്നലെ ഡിആർഐ അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ ഹോട്ടൽ ഉടമയുടെ മകനാണ് അറസ്റ്റിലായത്. രന്യ റാവുവിന്റെ സ്വർണക്കടത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികളിലെ ഉദ്യോഗസ്ഥർക്കും ജ്വല്ലറി ഉടമകൾക്കും പങ്കുള്ളതായാണു സൂചന. ആറു മാസത്തിനിടെ 27 തവണ ദുബായിലേക്കു യാത്ര ചെയ്യാൻ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ സഹായിച്ചതായി സംശയിക്കുന്നു. നടി കടത്തിയ 12.56 കോടി രൂപ വിലയുള്ള 14.2 കിലോഗ്രാം സ്വർണം ബെംഗളൂരുവിലെ 2 ജ്വല്ലറികൾക്കു വേണ്ടി കൊണ്ടു വന്നതാണെന്നാണു സൂചന.
അതേസമയം, നടി രന്യ റാവു ഉൾപ്പെട്ട സ്വർണക്കടത്ത് സിബിഐ ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചു. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസ് (ഡിആർഐ) നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സിബിഐ രന്യ റാവുവിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. അന്താരാഷ്ട്ര സ്വർണക്കടത്ത് സിൻഡിക്കേറ്റുമായി കേസിന് ബന്ധമുണ്ടെന്ന് അധികൃതർ സംശയിക്കുന്നു. കേസിന്റെ ഗൗരവം കണക്കിലെടുത്ത്, കൂടുതൽ വിവരങ്ങൾ കോടതിയിൽ പോലും ഡിആർഐ വെളിപ്പെടുത്തിയിട്ടില്ല.
രന്യ റാവു നിലവിൽ ഡിആർഐ കസ്റ്റഡിയിലാണ്. മുംബൈയിലും ബെംഗളൂരുവിലുമായി സിബിഐ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. രന്യ റാവുവിൻ്റെ യാത്രാ രേഖകൾ ഡിആർഐ ശേഖരിച്ചതിൽ നിന്നും, അവർ നിരവധി തവണ വിദേശയാത്രകൾ നടത്തിയതായി കണ്ടെത്തി. ഈ യാത്രകൾ അന്താരാഷ്ട്ര കള്ളക്കടത്ത് സംഘവുമായുള്ള ബന്ധം സൂചിപ്പിക്കുന്നതായി ഡിആർഐ, സിബിഐയെ അറിയിച്ചു.
ഇത്രയും വലിയ സാമ്പത്തിക കുറ്റകൃത്യം ഉണ്ടായിട്ടും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ഇതുവരെ കേസിൽ ഇടപെട്ടിട്ടില്ല എന്നും ആക്ഷേപമുണ്ട്. അനധികൃത സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് ഇഡി അന്വേഷണം നടത്തേണ്ടതാണെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
ദുബൈയിൽ നിന്ന് സ്വർണം എത്തിക്കുന്നതിന് 12 ലക്ഷം രൂപയാണ് രന്യ റാവു കമ്മീഷൻ കൈപ്പറ്റിയിരുന്നത് എന്നാണ് വിവരം. ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥൻ്റെ മകൾ എന്ന പരിഗണനയിൽ പ്രൊട്ടോക്കോൾ സുരക്ഷ ഉപയോഗിച്ച് ഔദ്യോഗിക വാഹനത്തിലാണ് രന്യ വിമാനത്താവളത്തിന് പുറത്ത് കടന്നിരുന്നത്. ഇത്തരത്തിൽ 27 യാത്രകൾ നടത്തിയതായാണ് പ്രാഥമിക വിവരം.
സംഭവത്തെ തുടർന്ന് കർണാടക സർക്കാർ ഐപിഎസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങൾക്ക് വിമാനത്താവളത്തിൽ നൽകിയിരുന്ന പ്രോട്ടോക്കോൾ സുരക്ഷ പിൻവലിച്ചു. അതേസമയം, രന്യ റാവുവിൻ്റെ രണ്ടാനച്ഛനായ ഡിജിപി രാമചന്ദ്ര റാവു ഹവാല കേസിൽ ഉൾപ്പെടെ ആരോപണ വിധേയനായിരുന്നു.