KeralaNEWS

കേരളത്തെ ഗ്രസിച്ച് രാസലഹരി:  വിദേശങ്ങളിൽ നിന്നും ലഹരി കടത്തുന്ന ‘ഡ്രഗ്സ് ഡോൺ’ കൊച്ചിയിൽ പിടിയിൽ

   ഒരു ഗ്രാം എംഡിഎംഎയുടെ ഒമാനിലെ വില 300 രൂപ. ഇതിന് ബെംഗളൂരുവിൽ 1000 രൂപ. എയർപോർട്ടു വഴിയും കൊറിയർ വഴിയും കടത്തുന്നത്   കിലോക്കണക്കിന് രാസലഹരി.

കേരളത്തിലെ ഗ്രാമങ്ങളെ മുന്‍പെങ്ങുമില്ലാത്തവിധം ലഹരി പിടികൂടുന്നുവെന്നു കണക്കുകള്‍. കഴിഞ്ഞ രണ്ടാഴ്ചയായുള്ള പരിശോധനയില്‍ നഗരപരിധിക്കു പുറത്തുനിന്നാണ് കൂടുതല്‍പ്പേരും പിടിയിലായതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

Signature-ad

രണ്ടാഴ്ചയ്ക്കിടെ സംസ്ഥാനത്ത് 1.664 കിലോഗ്രാം എംഡിഎംഎയാണ് പോലീസ് പിടികൂടിയത്. ഇതില്‍ 400 ഗ്രാമോളം നഗരപരിധിക്കു പുറത്തുനിന്നാണ് പിടികൂടിയത്. 180 കിലോ കഞ്ചാവ് പിടികൂടിയതിലും പകുതിയിലധികവും ഗ്രാമങ്ങളിൽ നിന്നാണ്.

കോഴിക്കോട് റൂറല്‍ പ്രദേശത്തുനിന്ന് മൂന്നുകിലോ കഞ്ചാവ് എ‍ഡിഎംഎ, ചിലതരം ലഹരിഗുളികകള്‍, ഹെറോയിന്‍, ബ്രൗണ്‍ഷുഗര്‍ എന്നിവയും പോലീസിന്റെ ഡി-ഹണ്ടിന്റെ ഭാഗമായി പിടികൂടി. മാര്‍ച്ച് ആദ്യ ആഴ്ചയില്‍ നടത്തിയ പോലീസ് റെയ്ഡില്‍ 266 പേരാണ് അറസ്റ്റിലായത്. തിരുവനന്തപുരത്ത് അറസ്റ്റിലായ 49 പേരില്‍ 43 പേരും നഗരപരിധിക്ക് പുറത്തുനിന്നാണ് പിടിയിലായത്.

കേരളത്തിലേക്ക് കടത്തുന്ന ലഹരിമരുന്നുമായി ബന്ധപ്പെട്ട് പൊലീസിന്റെയും എക്സൈസിന്റെയും സംശയമുന തീരെ ഇല്ലാത്ത സ്ഥലമായിരുന്നു ഗൾഫ് രാജ്യങ്ങൾ. ലഹരിക്കെതിരെ ആ നാടുകളിലെ കർശന നിയമങ്ങൾ തന്നെയായിരുന്നു അതിനു കാരണം. എന്നാൽ കഴിഞ്ഞ ദിവസം അധികൃതരുടെ കൺമുന്നിലൂടെ ഒമാനിൽനിന്ന് ഒരു യുവാവ് കിലോക്കണക്കിന് രാസലഹരി കടത്തിയതോടെ ഉദ്യോഗസ്ഥരുടെ ഈ ധാരണ മാറി.

മലപ്പുറം കൊണ്ടോട്ടി മുക്കോട് സ്വദേശി പി. ആഷിഖാണ് എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ ഒമാനിൽനിന്നു കേരളത്തിലെത്തിച്ചത്. ഒമാനിൽ നിന്ന് അടുത്തിടെ ആഷിഖിന് പാഴ്സൽ വന്നിരുന്നു എന്ന വിവരത്തെ തുടർന്ന് കരിപ്പൂർ പൊലീസും ഡാന്‍സാഫ് സംഘവും നടത്തിയ തിരച്ചിലിൽ‍ കണ്ടെത്തിയത് 1.65 കിലോ എ‍ഡിഎംഎ.
ഈ സമയം മട്ടാഞ്ചേരി പൊലീസിന്റെ കസ്റ്റഡിയിലായിരുന്നു ആഷിഖ്. കേരളത്തിൽ രാസലഹരി എത്തിക്കുന്ന വൻ റാക്കറ്റിന്റെ നേതാവാത്രേ ആഷിഖ്.

ഒമാനില്‍നിന്ന് ആഷിഖ് രാസലഹരി കടത്തിയെന്ന വിവരം അവിശ്വസനീയതയോടെയാണ് അന്വേഷണ ഉദ്യോഗസ്ഥർ ആദ്യം കേട്ടത്. ഒമാനിൽ ആഷിഖിന് എംഡിഎംഎ ലഭിക്കുന്നത് ഗ്രാമിനു 300 രൂപ നിരക്കിൽ. ഇത് ബെംഗളുരുവിൽ നിന്നാണെങ്കിൽ ലഭിക്കുക 1000–1200 രൂപയ്ക്ക്.

ആഷിഖും സംഘവും ഒമാനിൽനിന്നു വൻതോതിലാണ് നാട്ടിലേക്കു ലഹരി കടത്തിയത്. ജനുവരി ഒടുവിൽ അരക്കിലോയോളം എംഡിഎംഎയുമായി 7പേർ പിടിയിലായതാണ് ഈ സംഘത്തിലേക്ക് അന്വേഷണ ഉദ്യോഗസ്ഥരെ എത്തിച്ചത്. ആ കേസിലാണ് സംഘത്തിന്റെ തലവൻ ആഷിഖ് ഉൾപ്പെടെ 3 പേർ കഴിഞ്ഞ ദിവസം അറസ്റ്റിലാകുന്നതും.

ഒമാനിൽ സൂപ്പർമാർക്കറ്റിലെ ജീവനക്കാരനായ ആഷിഖാണ് ലഹരി ഇടപാട് നിയന്ത്രിച്ചിരുന്നത്. കഴിഞ്ഞ ദിവസം നാട്ടിലെത്തിയ പ്രതിയെ വീടുവളഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. ജോലിക്കായി ഒമാനിൽ എത്തിയ മാഗി എന്ന യുവതി പിന്നീട് സംഘത്തിനൊപ്പം ചേർന്ന് വിമാനമാർഗം ലഹരിക്കടത്തിന് തയ്യാറായി. ഒരു ലക്ഷം രൂപയാണ് ഒരു വട്ടം കടത്തിന് ലഭിച്ചിരുന്നത്. സംഘത്തിനൊപ്പമുള്ള ആദ്യ ലഹരിക്കടത്തിൽ തന്നെ മാഗി അറസ്റ്റിലായി.  കൊച്ചിയിലെ ഈ സംഘത്തിന്റെ ലഹരി ഇടപാടുകൾക്ക് ചുക്കാൻ പിടിക്കുന്നത് ഇസ്മായിൽ സേഠാണ്.

ലഗേജിൽ ഒളിപ്പിച്ചാണ് ഇവർ ലഹരിമരുന്നുകൾ കടത്തിയിരുന്നതെന്ന് പൊലീസ് പറയുന്നു. ലഗേജിനൊപ്പമുള്ള ഫ്ലാസ്ക് ആണ് ലഹരി കടത്തിലെ മുഖ്യൻ. ഫ്ലാസ്ക്കിനുള്ളിൽ ഒളിപ്പിക്കുന്ന എംഡിഎംഎ സ്കാനിങ്ങിൽ കണ്ടെത്താന്‍ സാധിക്കാത്തത് ഇവർ സമർഥമായി ഉപയോഗിച്ചു. ഇതിനൊപ്പമാണ് വിദേശത്തുനിന്നു കൊറിയറായി ലഹരി എത്തിക്കുന്നത്. ഒമാനിൽ നിന്ന് പാഴ്സൽ എത്തുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് 48 പായ്ക്കറ്റുകളിലാക്കി എത്തിച്ച 1.65 കിലോഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്. ജനുവരി അവസാനം മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി, പള്ളുരുത്തി പൊലീസും കൊച്ചി സിറ്റി ഡാൻസാഫും നടത്തിയ പരിശോധനകളില്‍ 7 പ്രതികളെ പിടികൂടി.

മഹാരാഷ്ട്ര പുണെ സ്വദേശിനി ആയിഷ ഗഫാർ സെയ്ത് (39), ഇവരുടെ പങ്കാളിയായ മലയാളി മട്ടാഞ്ചേരി സ്വദേശി റിഫാസ് റഫീക്ക് (27) മട്ടാഞ്ചേരി സ്വദേശികളായ സജീർ (28), അദ്നാൻ സവാദ് (22), ഷഞ്ജൽ (34), മുഹമ്മദ് അജ്മൽ (28) എന്നിവരാണ് ആദ്യം അറസ്റ്റിലായത്. പള്ളുരുത്തി വെളി സ്വദേശി ബാദുഷ (29) പിന്നീട് അറസ്റ്റിലായി. 443.16 ഗ്രാം എംഡിഎംഎ, 8 കിലോ കഞ്ചാവ്, 9.41 ഗ്രാം ഹാഷിഷ് ഓയിൽ, 4.64 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് അടക്കം കോടികൾ വിലമതിക്കുന്ന ലഹരിമരുന്നുകളാണ് അന്ന് ഇവരിൽനിന്നു പിടിച്ചെടുത്തത്. ആയിഷയും റിഫാസും മട്ടാഞ്ചേരിയിലെ ഒരു പ്രമുഖ ഹോട്ടലിൽ താമസിച്ച് ലഹരി ഇടപാട് നടത്തുന്നതായി ലഭിച്ച വിവരത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ അറസ്റ്റിലായത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: