
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിലെ പ്രതി അഫാന്റെ കുഴഞ്ഞുവീഴല്‍ നാടകം പോലീസ് പൊളിച്ചു. ശാരീരികപ്രശ്നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെ തെളിവെടുപ്പ് തുടരുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ നെടുമങ്ങാട് കോടതിയില്‍നിന്ന് കസ്റ്റഡിയില്‍ വാങ്ങി പാങ്ങോട് പോലീസ് സ്റ്റേഷനിലെത്തിച്ച അഫാനെ ചോദ്യംചെയ്യലിനുശേഷം വെള്ളിയാഴ്ച രാവിലെ ഏഴിനു തെളിവെടുപ്പിനായി താഴേപാങ്ങോടുള്ള മുത്തശ്ശിയുടെ വീട്ടിലെത്തിക്കുമെന്നായിരുന്നു വിവരം ലഭിച്ചത്.
രാവിലെ ആറരമണിയോടെ പ്രഭാതകൃത്യത്തിനായി പോകണമെന്ന് അഫാന്‍ ആവശ്യപ്പെടുകയും പോലീസ് വിലങ്ങഴിച്ചു കൊടുക്കുകയുമായിരുന്നു. എന്നാല്‍, സെല്ലിനകത്തെ ശൗചാലയത്തില്‍പോയ അഫാന്‍ തലകറക്കം ഉണ്ടെന്നു പറയുകയും ബോധക്ഷയം അഭിനയിച്ചു വീഴുകയുമായിരുന്നു. ഉടന്‍തന്നെ പാങ്ങോട് പോലീസ് കല്ലറ പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തിച്ചു നടത്തിയ പരിശോധനയില്‍ കാര്യമായ പ്രശ്‌നങ്ങളൊന്നുമില്ലെന്നു കണ്ടെത്തുകയായിരുന്നു. പിന്നീട് തെളിവെടുപ്പുവരെ സെല്ലില്‍ തലങ്ങും വിലങ്ങും നടന്ന അഫാന്‍ ഉച്ചയൂണ് നല്‍കിയപ്പോള്‍ മീന്‍കറി ആവശ്യപ്പെടുകയും ചെയ്തു.

അതേസമയം, അഫാന്‍ പാങ്ങോട് സ്റ്റേഷനില്‍ ഭക്ഷണം കഴിക്കുന്നതിനു വിമുഖത പ്രകടിപ്പിച്ചു. ഭക്ഷണം കഴിക്കുന്നതില്‍ എന്താണ് പ്രശ്‌നം എന്നു പൊലീസ് ചോദിച്ചപ്പോള്‍ താന്‍ വൈകിട്ട് പൊറോട്ടയും ചിക്കനും മാത്രമാണ് കഴിക്കുന്നതെന്നും മറ്റ് ഭക്ഷണങ്ങള്‍ കഴിക്കുന്നതിനു ബുദ്ധിമുട്ട് ഉണ്ടെന്നും പറഞ്ഞു. തുടര്‍ന്ന് അഫാന്റെ ഇഷ്ട ഭക്ഷണങ്ങള്‍ പൊലീസ് വാങ്ങി നല്‍കി. നേരത്തെ ഉച്ചയ്ക്ക് ഊണ് കഴിക്കാന്‍ മീന്‍കറി വേണമെന്ന് അഫാന്‍ ആവശ്യപ്പെട്ടിരുന്നു.
രാത്രി കിടക്കുന്നതിനു വേണ്ടി പേപ്പറുകള്‍ നല്‍കിയിരുന്നു. ഇതില്‍ കഴിഞ്ഞ ദിവസത്തെ പത്രവും ഉണ്ടായിരുന്നു. ലഭിച്ച പത്രം മുഴുവന്‍ അഫാന്‍ വായിച്ചു തീര്‍ത്തു. തുടര്‍ന്ന് പത്രം പൊലീസ് തിരികെ വാങ്ങി. തനിക്ക് വെറും തറയില്‍ കിടക്കാന്‍ കഴിയില്ലെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് പൊലീസ് സെല്ലില്‍ കിടക്കുന്നതിനുള്ള പായ സംഘടിപ്പിച്ചു നല്‍കി.