CrimeNEWS

ഇസ്രയേലി വനിതയെയും ഹോം സ്റ്റേ ഉടമയേയും ബലാത്സംഗം ചെയ്തു; ഒപ്പമുള്ളവരെ കനാലില്‍ തള്ളിയിട്ടു

ബെംഗളൂരു: കര്‍ണാടകയില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായി ഇസ്രയേല്‍ വിനോദ സഞ്ചാരിയും ഹോംസ്റ്റേ ഉടമസ്ഥയും. വ്യാഴാഴ്ച രാത്രി ബെംഗളൂരുവില്‍ നിന്ന് 350 കിലോമീറ്റര്‍ അകലെ കൊപ്പലിലാണ് സംഭവം. കൊപ്പലിലെ ഒരു കനാലിന് അടുത്ത് രാത്രി 11.30ന് നക്ഷത്രങ്ങളെ നിരീക്ഷിക്കാനെത്തിയതായിരുന്നു ഇരുവരും.

അമേരിക്കയില്‍ നിന്നുള്ള ഡാനിയേല്‍, മഹാരാഷ്ട്രക്കാരനായ പങ്കജ്, ഒഡിഷയില്‍ നിന്നുള്ള ബിബാഷ് എന്നിവരും ഇരുവര്‍ക്കുമൊപ്പമുണ്ടായിരുന്നു. ഇവരെയല്ലാം കനാലിലേക്ക് തള്ളിയിട്ടാണ് മൂന്ന് പേര്‍ ചേര്‍ന്ന സംഘം ഇസ്രയേല്‍ വനിതയേയും ഹോംസ്റ്റേ ഉടമസ്ഥയേയും ബലാത്സംഗത്തിന് ഇരയാക്കിയത്. ഇതില്‍ ബിബാഷിനെ ഇതുവരെ കനാലില്‍നിന്ന് കണ്ടെത്താനായിട്ടില്ല. ഡാനിയേലും പങ്കജും നീന്തി രക്ഷപ്പെട്ടു.

Signature-ad

‘സനാപൂരിനടുത്ത് വെച്ച് അഞ്ച് പേര്‍ – മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്മാരും – ആക്രമിക്കപ്പെട്ടു. അവരില്‍ രണ്ട് പേര്‍ വിദേശികളാണ് – ഒരു അമേരിക്കക്കാരനും മറ്റൊരാള്‍ ഇസ്രായേലില്‍ നിന്നുള്ള സ്ത്രീയുമാണ്. മര്‍ദിച്ചതിനു പുറമേ, രണ്ട് സ്ത്രീകളെയും പ്രതികള്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് സ്ത്രീ പരാതിയില്‍ പറഞ്ഞു,’ കൊപ്പല്‍ പോലീസ് സൂപ്രണ്ട് റാം എല്‍ അരസിദ്ദി പറഞ്ഞു.

അത്താഴത്തിനുശേഷം താനും നാല് അതിഥികളും തുംഗഭദ്ര ലെഫ്റ്റ് ബാങ്ക് കനാലിന് അടുത്ത് നക്ഷത്ര നിരീക്ഷണം നടത്തുന്നതിനിടെ പ്രതികള്‍ ബൈക്കിലെത്തി ഉപദ്രവിക്കുകയായിരുന്നുവെന്നാണ് 29-കാരിയായ ഹോം സ്റ്റേ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നത്. പെട്രോള്‍ എവിടെനിന്ന് കിട്ടുമെന്ന് ആദ്യം അന്വേഷിച്ച അവര്‍ പിന്നീട് അവര്‍ വിനോദ സഞ്ചാരികളില്‍നിന്ന് പണം ആവശ്യപ്പെട്ടു. പണം നല്‍കില്ലെന്ന് പറഞ്ഞപ്പോള്‍ ആക്രമിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു. പിന്നീട് അവര്‍ ബൈക്കില്‍തന്നെ രക്ഷപ്പെട്ടുവെന്നും പരാതിയില്‍ പറയുന്നുണ്ട്.

ഇസ്രയേല്‍ വനിതയും ഹോംസ്റ്റേ ഉടമയും ആശുപത്രിയില്‍ സുഖം പ്രാപിച്ച് വരികയാണെന്നും ആവശ്യമെങ്കില്‍ അവരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുമെന്നും പോലീസ് വ്യക്തമാക്കി. പരാതിയുടെ അടിസ്ഥാനത്തില്‍ കൂട്ട ബലാത്സംഗം, കവര്‍ച്ച എന്നീ കുറ്റങ്ങള്‍ ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: