
മലപ്പുറം: ചുങ്കത്തറ പഞ്ചായത്തില്‍ അവിശ്വാസ പ്രമേയത്തില്‍ കൂറ്മാറിയ ഇടക് അംഗത്തിന്റെ ഭര്‍ത്താവിന്റെ കട തകര്‍ത്തു. കൂറ് മാറിയ അംഗത്തിന്റെ ഭര്‍ത്താവ് സുധീര്‍ പുന്നപ്പാലയുടെ കടയാണ് തകര്‍ക്കപ്പെട്ടത്. ആക്രമണത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകര്‍ ആണെന്നാണ് പരാതി.
കട പൂട്ടി താക്കോല്‍ പ്രവര്‍ത്തകര്‍ കൊണ്ടുപോയെന്നാണ് പ്രധാന ആരോപണം. പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ.പി റീനയുടെ നേതൃത്വത്തില്‍ അഞ്ചംഗസംഘം ആക്രമിച്ചെന്നാണ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. മലപ്പുറം എസ്.പിയോട് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് സുധീര്‍ പുന്നപ്പാല പരാതി നല്‍കി.

രണ്ട് ദിവസം മുന്‍പാണ് ചുങ്കത്തറയില്‍ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി എല്‍ഡിഎഫിന് അധികാരം നഷ്ടമായത്. ഒന്‍പതിനെതിരെ 11 വോട്ടുകള്‍ക്കാണ് അവിശ്വാസ പ്രമേയം പാസായത്. വൈസ് പ്രസിഡന്റായ നുസൈബ സുധീര്‍ ആണ് യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തത്. ഇത് പി.വി അന്‍വറിന്റെ ഇടപെടല്‍ കാരണമാണെന്ന് സിപിഎം ആരോപിച്ചിരുന്നു. ഇതിനിടെയാണ് ഇന്ന് കട ആക്രമിച്ചത്.