
കോട്ടയം: ഏറ്റുമാനൂർ മനക്കപ്പാടത്തിനു സമീപം റെയിൽവേ ട്രാക്കിൽ അമ്മയും 2 പെൺകുട്ടികളും ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം. ചിന്നിച്ചിതറിയ നിലയിൽ 3 പേരുടെയും മൃതദേഹം റെയിൽവേ ട്രാക്കിൽ നിന്ന് കണ്ടെത്തി.
പാറോലിക്കൽ 101 കവലയ്ക്ക് സമീപം വടകര വീട്ടിൽ കുര്യാക്കോസിൻ്റെ മകൾ ഷൈനി (42), മക്കളായ അലീന(11), ഈവ (10) എന്നിവരാണ് മരിച്ചത്. കുടുംബ പ്രശ്നത്തെ തുടർന്നുള്ള ആത്മഹത്യ എന്നാണ് പൊലീസ് പറയുന്നത്. തൊടുപുഴ ചുങ്കം സ്വദേശിയായ ഭർത്താവ് നോബിൻ്റെ പീഡനം സഹിക്കാനാവാതെ ഷൈനിയും മക്കളും 9 മാസമായി സ്വന്തം വീട്ടിലായിരുന്നു താമസം. ഷൈനിയും ഭർത്താവുമായി കുടുംബ കോടതിയിൽ കേസ് നിലവിലുണ്ടത്രേ.

എല്ലാ ദിവസവും പതിവായി രാവിലെ പള്ളിയിലെ കുർബാനയിൽ പങ്കെടുക്കാൻ പോകാറുള്ള ഷൈനിയും മക്കളും ഇന്നു പുലർച്ചെയും പള്ളിയിൽ പോകുകയാണെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും ഇറങ്ങിയത്.
ട്രാക്കിൽ നിൽക്കുന്ന യുവതിയെയും മക്കളെയും കണ്ട് നിർത്താതെ ഹോണടിച്ചെങ്കിലും ഇവർ മാറിയില്ലെന്ന് ലോക്കോ പൈലറ്റ് പറഞ്ഞു.
മരിച്ച അലീനയും ഇവാനയും തെള്ളകം ഹോളിക്രോസ് സ്കൂളിലെ വിദ്യാർഥികളാണ്. 14 വയസ്സുള്ള എഡ്വിൻ എന്ന ഒരു മകൻ കൂടിയുണ്ട് ഷൈനിക്ക്. എഡ്വിൻ എറണാകുളത്ത് സ്പോർട്സ് സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്.
ഏറ്റുമാനൂർ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടപടികൾക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.