
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃത്വവുമായി കഴിഞ്ഞ കുറച്ചു കാലങ്ങളായി അകല്‍ച്ചയില്‍ കഴിയുന്ന ശശി തരൂര്‍ എംപിക്ക് പാര്‍ട്ടി നിര്‍ണായക പദവി നല്‍കുന്നതായി സൂചന. ശശി തരൂരിനെപോലുള്ള ഒരു നേതാവിനെ പാര്‍ട്ടിക്കൊപ്പം ഉറപ്പിച്ച് നിര്‍ത്തുന്നതിന് വേണ്ടിയാണ് കോണ്‍ഗ്രസിന്റെ പുതിയ നീക്കം. ലോക്‌സഭ പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തേക്ക് ശശി തരൂരിനെ പരിഗണിച്ചേക്കും. നിലവില്‍ അസമില്‍ നിന്നുള്ള എംപി ഗൗരവ് ഗൊഗൊയ് ആണ് പ്രതിപക്ഷ ഉപനേതാവ്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി കഴിഞ്ഞാല്‍ തൊട്ടടുത്ത പദവിയാണിത്. ഇവിടെ ശശി തരൂരിനെ ഇരുത്താനാണ് ഇപ്പോഴത്തെ നീക്കം.
ഗൗരവ് ഗൊഗൊയിയെ അസം പിസിസി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് കണക്കിലെടുത്താണ് ഈ മാറ്റം. കേരളത്തോടൊപ്പം നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനം കൂടിയാണ് അസം. ഗൗരവിന് പിസിസി അദ്ധ്യക്ഷ സ്ഥാനത്തേക്ക് എത്തിച്ച് സംസ്ഥാനത്ത് പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് പദ്ധതിയുണ്ട്. ഗൗരവ് ഗൊഗൊയ് സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമായി ഹിമന്ത ബിശ്വ ശര്‍മ്മയ്ക്കെതിരെ രംഗത്തെത്തണമെന്ന നിലപാടാണ് അസം കോണ്‍ഗ്രസ് നേതൃത്വത്തിനുള്ളത്. ഇതുമായി ബന്ധപ്പെട്ട് അസം നേതൃത്വം ഹൈക്കമാന്‍ഡിന് കത്തയക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ന് അസം കോണ്‍ഗ്രസ് നേതൃത്വത്തിന്റെ യോഗം ഡല്‍ഹിയില്‍ നടക്കുന്നുണ്ട്. ഈ യോഗത്തിന് ശേഷം അസം പിസിസി അദ്ധ്യക്ഷനായി ഗൗരവ് ഗൊഗൊയിയെ പ്രഖ്യാപിക്കാന്‍ സാദ്ധ്യതയുണ്ട്. ഇങ്ങനെ ഒരു സാഹചര്യമുണ്ടായാല്‍ ലോക്‌സഭ പ്രതിപക്ഷ ഉപനേതാവ് പദവി ഒഴിയേണ്ടതായി വരും. നിലവില്‍ രാഹുല്‍ ഗാന്ധി അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ തന്നെ പ്രധാന പദവിയിലേക്ക് പരിഗണിക്കപ്പെടണമെന്ന ആവശ്യം തരൂര്‍ മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ സംഘടന പരിചയം ശശി തരൂരിന് കുറവായത് കൊണ്ട് അത്തരം ചുമതലകള്‍ നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറായേക്കില്ല. എന്നാല്‍ ലോക്‌സഭ ഉപനേതാവ് പദവിയിലേക്ക് പരിഗണിച്ചാല്‍ തരൂരിന്റെ പിണക്കം ഒരുവിധത്തില്‍ മാറുമെന്നാണ് നേതൃത്വം കരുതുന്നത്.