
പാലക്കാട്: ഒറ്റപ്പാലം പാലപ്പുറം അഴിക്കലപ്പറമ്പില്‍ സുഹൃത്തിനെ കൊന്ന് കുഴിച്ചുമൂടിയ സംഭവം നടന്നിട്ട് മൂന്നുവര്‍ഷം. സംഭവത്തില്‍ അറസ്റ്റിലാവുകയും പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങുകയും ചെയ്ത മുഖ്യപ്രതി പാലപ്പുറം പാറയ്ക്കല്‍ മുഹമ്മദ് ഫിറോസിനെ (26) കണ്ടെത്താന്‍ ഇതുവരെയായിട്ടില്ല. ലക്കിടി മംഗലം കേലത്ത് ആഷിഖിനെ (24) കൊന്ന് കുഴിച്ചുമൂടിയ കേസിലെ പ്രതിയെയാണ് ഒറ്റപ്പാലം അഡീ. ജില്ലാ സെഷന്‍സ് കോടതിയില്‍ വിചാരണ തുടങ്ങിയിട്ടും കണ്ടെത്താനാകാത്തത്.
2022 ഫെബ്രുവരി 14-ന് പട്ടാമ്പിയില്‍വെച്ച് മോഷണക്കേസില്‍ അറസ്റ്റിലായി ചോദ്യം ചെയ്യുന്നതിനിടെയാണ് സുഹൃത്തിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ വിവരം ഫിറോസ് പോലീസിനോട് പറഞ്ഞത്. രണ്ടുമാസംമുമ്പ് ആഷിഖിനെ കൊന്ന് പാലപ്പുറം അഴീക്കലപ്പറമ്പ് തോടിനോട് ചേര്‍ന്ന് കുഴിച്ചുമൂടിയെന്നായിരുന്നു മൊഴി.

ഫെബ്രുവരി 15-ന് പോലീസ് സ്ഥലത്ത് പരിശോധന നടത്തി. തുടര്‍ന്ന് അഴുകിയ നിലയില്‍ ആഷിഖിന്റെ മൃതദേഹം കിട്ടി. ഈസ്റ്റ് ഒറ്റപ്പാലത്തുവെച്ച് ഇരുവരും മദ്യപിക്കുന്നതിനിടെ തര്‍ക്കമുണ്ടാവുകയും കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയിരുന്നത്. തുടര്‍ന്ന് ഗുഡ്സ് ഓട്ടോറിക്ഷയില്‍ അഴീക്കലപ്പറമ്പിലെത്തി കുഴിച്ചിടുകയായിരുന്നു.
ഒറ്റയ്ക്കാണ് ചെയ്തതെന്നായിരുന്നു പോലീസിന്റെ സംശയം. പിന്നീട് 2022 ഏപ്രിലില്‍ ഫിറോസിന്റെ ബന്ധുവിനെക്കൂടി അറസ്റ്റ് ചെയ്തു.
ഇതിനുശേഷമാണ് ഫിറോസിന് ജാമ്യം ലഭിച്ചത്. പിന്നീട് വിചാരണകള്‍ക്ക് ഹാജരാകാതെ വന്നതോടെ കോടതി വാറന്റും പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാള്‍ വിദേശത്തേക്ക് കടന്നുവെന്ന സംശയവും പോലീസിനുണ്ട്. മുമ്പ് ഇത് പരിശോധിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നുവെങ്കിലും ഇതും നിലച്ച സ്ഥിതിയിലാണ്.