KeralaNEWS

ഈ ജില്ല വേറെ ലെവലാകും! വരുന്നത് കോടികളുടെ പദ്ധതി, പക്ഷേ…

ആലപ്പുഴ: എം.സി റോഡിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി നിര്‍ദ്ദേശിക്കപ്പെട്ട ചെങ്ങന്നൂര്‍ റിംഗ് റോഡ് പദ്ധതി കടലാസില്‍ ഒതുങ്ങി. കല്ലിശേരി മുതല്‍ മംഗലം മിത്രപ്പുഴക്കടവ് പാലം വരെയുള്ള 18കിലോ മീറ്റര്‍ ബൈപാസ് നിലവിലുണ്ട്. ഇതിനോട് ചേര്‍ത്ത് മൂന്നു ഘട്ടമായി 6.7കിലോമീറ്റര്‍ റിംഗ് റോഡ് കൂടി നിര്‍മ്മിക്കാനാണു പദ്ധതി. ഐ.ടി.ഐ ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച് കോഴഞ്ചേരി റോഡില്‍ കെ.എസ്ഇ.ബി സബ്‌സ്റ്റേഷന്‍ കടന്ന് അങ്ങാടിക്കല്‍ പുത്തന്‍കാവ് ക്ഷേത്രത്തിനരികിലെ പാടത്തിലൂടെ നിലവിലുള്ള പൊതുമരാമത്ത് റോഡില്‍ എത്തുന്നതാണ് ആദ്യഘട്ടം. 1.19 കിലോമീറ്റര്‍ വരുന്നതാണിത്.

ഹാച്ചറി ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച് ആലാ റോഡില്‍ പേരിശേരി മഠത്തുംപടി ലവല്‍ ക്രോസ് വരെ രണ്ടര കിലോമീറ്ററാണ് രണ്ടാം ഘട്ടം. പേരിശേരി മുതല്‍ മുണ്ടന്‍കാവ് വരെയാണ് മുന്നാംഘട്ടം (മൂന്ന് കിലോമീറ്റര്‍). 2017ലെ ബഡ്ജറ്റിലാണ് ചെങ്ങന്നൂരില്‍ റിംഗ് റോഡ് എന്ന പ്രഖ്യാപനമുണ്ടായത്. 2020ല്‍ സ്ഥലമേറ്റെടുക്കാനായി 65കോടി രൂപ വകയിരുത്തി. സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹികാഘാത പഠനം പൂര്‍ത്തിയായിട്ടുണ്ട്. 2017ല്‍ 150 കോടി രൂപയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചതെങ്കിലും വര്‍ഷങ്ങള്‍ കഴിഞ്ഞതിനാല്‍ പദ്ധതിത്തുകയില്‍ വര്‍ദ്ധന വന്നേക്കാം. നേരത്തെയുണ്ടായിരുന്ന രൂപരേഖയിലും മാറ്റങ്ങളുണ്ട്. മൂന്ന് മേല്‍പാലങ്ങള്‍ ഉള്‍പ്പെടുന്ന പുതിയ പദ്ധതിരേഖ കേരള റോഡ് ഫണ്ട് ബോര്‍ഡ് വിഭാഗം സമര്‍പ്പിച്ചതായാണ് സൂചന.

Signature-ad

സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയാകാന്‍ ഇനിയും വേണം സമയം

പുതിയ റിംഗ് റോഡിനായി 9.86 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കേണ്ടിവരും. ഇതിലേറെയും പാടശേഖരങ്ങളാണ്. എന്നാല്‍ ചിലരുടെ വീടും പുരയിടവും നഷ്ടമാകും. മൂന്നു വീടുകള്‍ പൂര്‍ണമായും പൊളിക്കേണ്ടിവരും. സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയാകാന്‍ ഇനിയും സമയമെടുക്കും. ഇതിനിടെയാണ് പദ്ധതി പുതുക്കാനുള്ള നിര്‍ദേശം കെ.ആര്‍.എഫ്ബി സമര്‍പ്പിച്ചത്. അഞ്ചുവര്‍ഷത്തിനിടെയുണ്ടായ വാഹനപ്പെരുക്കം ഉള്‍പ്പെടെ കണക്കിലെടുത്താണ് മൂന്നു മേല്‍പാലങ്ങള്‍ ഉള്‍പ്പെടെയുള്ള മാറ്റങ്ങള്‍ നിര്‍ദേശിച്ചത്. റിംഗ് റോഡ് പൂര്‍ത്തിയാകുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാകുമെന്നാണ് പ്രതീക്ഷ. എംസി റോഡിലൂടെയുള്ള ദീര്‍ഘദൂരയാത്രക്കാര്‍ക്ക് നഗരത്തില്‍ പ്രവേശിക്കുന്നത് ഒഴിവാക്കി റിംഗ് റോഡിലൂടെ സഞ്ചരിക്കാം.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: