KeralaNEWS

പി.സി ജോര്‍ജ് ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ തുടരുന്നു, നിര്‍ദേശിച്ചത് 48 മണിക്കൂര്‍

കോട്ടയം: ചാനല്‍ ചര്‍ച്ചയിലെ വിദ്വേഷ പരാമര്‍ശ കേസില്‍ റിമാന്‍ഡിലായതിന് പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബിജെപി നേതാവ് പി സി ജോര്‍ജ് ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ തുടരുന്നു. കോട്ടയം മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി ഐസിയുവിലാണ് അദ്ദേഹം കഴിയുന്നത്. 48 മണിക്കൂര്‍ നിരീക്ഷണമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

വൈദ്യപരിശോധനയില്‍ ഇസിജിയില്‍ വ്യതിയാനം കണ്ടതിനെ തുടര്‍ന്നാണ് ജോര്‍ജിനെ മെഡിക്കല്‍ കോളേജിലെത്തിച്ചത്. ആരോഗ്യനില മെച്ചപ്പെട്ടതിനുശേഷമായിരിക്കും ജയിലിലേയ്ക്ക് മാറ്റുന്നതില്‍ പൊലീസ് അന്തിമ തീരുമാനം കൈകൊള്ളുക.

Signature-ad

ഇന്നലെ രാവിലെയാണ് പി സി ജോര്‍ജ് ഈരാറ്റുപേട്ട കോടതിയിലെത്തി കീഴടങ്ങിയത്. ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനില്‍ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും കോടതിയിലെത്തി കീഴടങ്ങിയ പിസി ജോര്‍ജ്, കേസില്‍ ജാമ്യം ലക്ഷ്യമിട്ടാണ് മുന്നോട്ട് പോയത്. എന്നാല്‍, കോടതി പൊലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു.

തുടര്‍ന്ന് പി സി ജോര്‍ജിനെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. കഴിഞ്ഞ രണ്ട് ദിവസമായി പൊലീസ് ജോര്‍ജിനായി അന്വേഷണം നടത്തുകയായിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാന്‍ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാന്‍ രണ്ട് ദിവസത്തെ സാവകാശം പി സി ജോര്‍ജ് തേടിയിരുന്നു. ജനുവരി അഞ്ചിനാണ് ചാനല്‍ ചര്‍ച്ചയ്ക്കിടെ പി സി ജോര്‍ജ് മുസ്ലീം വിരുദ്ധ പരാമര്‍ശം നടത്തിയത്. യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷന്‍സ് കോടതിയും പിന്നീട് ഹൈക്കോടതിയും പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു.

 

Back to top button
error: