KeralaNEWS

‘അടച്ചിട്ട് പോയാല്‍ മതി സാറേ, നിയമം എല്ലാവര്‍ക്കും ഒരുപോലെയാണ്’; എംവിഡിയുടെ വാഹനത്തിന് പിഴയടപ്പിച്ച് യുവാവ്

കൊല്ലം: റോഡ് നിയമലംഘനങ്ങള്‍ക്ക് പിഴയടപ്പിക്കാന്‍ ഓടി നടന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹനത്തിന് പിഴ അടപ്പിച്ച് യുവാവ്. പുക പരിശോധന സര്‍ട്ടിഫിക്കറ്റില്ലാതെ നിരത്തിലിറങ്ങിയ സര്‍ക്കാര്‍ വാഹനത്തിനാണ് റോഡില്‍ തടഞ്ഞ് നിര്‍ത്തി വാഹനത്തിലെ ഉദ്യോഗസ്ഥരെ കൊണ്ട് തന്നെ പിഴ അടപ്പിച്ചത്. കൊല്ലം ഓയൂര്‍ ജങ്ഷനില്‍ കഴിഞ്ഞ ദിവസമാണ് സംഭവം.

വാഹന പരിശോധന നടത്തുന്ന എംവിഡി ഉദ്യോഗസ്ഥരെ കണ്ട സമീപത്തെ കടയിലെ ജീവനക്കാരന്‍ പരിവാഹന്‍ സൈറ്റില്‍ കയറി സര്‍ക്കാര്‍ വാഹനത്തിന് പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടോ എന്ന് പരിശോധിച്ചു. ജനുവരി 25 കാലാവധി അവസാനിച്ച വണ്ടിയുമായാണ് എത്തിയതെന്ന് മനസിലാക്കിയ ഇയാള്‍ വാഹനത്തിനടുത്ത് വന്ന് ഉദ്യോഗസ്ഥരോട് ഈ വാഹനത്തിന് പിഴയീടാക്കണം എന്ന് ആവശ്യപ്പെടുകയായിരുന്നു.

Signature-ad

ജനുവരി 25 ന് നിങ്ങളുടെ വണ്ടിയുടെ പൊല്യൂഷന്‍ തീര്‍ന്നിട്ടുണ്ട്. ഇതിപ്പോള്‍ ഫെബ്രുവരി ആയില്ലേ. പിഴയടക്ക് സാറെ. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണ്. ഒന്നും രണ്ടുമല്ല 5000 രൂപയാണ് മിനിയാന്ന് എന്നെ കൊണ്ട് അടപ്പിച്ചത്. എല്ലാവരും ജീവിക്കാന്‍ വേണ്ടിയാണ് സാറെ, നിങ്ങളുടെ വണ്ടിക്ക് മാത്രമെന്താ കൊമ്പുണ്ടോ’ എന്ന് യുവാവ് ചോദിച്ചതോടെ പ്രതിസന്ധിയിലായ ഉദ്യോഗസ്ഥര്‍ ഞങ്ങള്‍ സര്‍ട്ടിഫിക്കറ്റ് എടുത്തോളാം എന്ന് പറഞ്ഞ് അവിടെ നിന്ന് പോകാന്‍ ശ്രമിച്ചു.

എന്നാല്‍, വാഹനം തടഞ്ഞ് പിഴയടച്ചിട്ട് പോയാല്‍ മതിയെന്ന് നിര്‍ബന്ധം പിടിച്ചതോടെ ഉദ്യോഗസ്ഥര്‍ വഴങ്ങേണ്ടി വന്നു. 2000 രൂപ പിഴ അടച്ച ചലാന്‍ യുവാവിനെ ഫോണില്‍ കാണിച്ചാണ് ഉദ്യോഗസ്ഥര്‍ അവിടെ നിന്നും സ്ഥലം വിട്ടത്. യുവാവിന്റെ മുമ്പില്‍ പിഴയിട്ടെങ്കിലും പിന്നീട് ഉദ്യോഗസ്ഥര്‍ സര്‍ട്ടിഫിക്കറ്റ് സൈറ്റില്‍ അപ്ലോഡ് ചെയ്തു പിഴ ഒഴിവാക്കിയിട്ടുണ്ട്. പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി അവസാനിച്ചാല്‍ പിഴ വരുന്ന തീയതി മുതല്‍ ഏഴു ദിവസത്തിനകം സര്‍ട്ടിഫിക്കറ്റ് സൈറ്റില്‍ അപ്ലോഡ് ചെയ്താല്‍ പിഴ ഒഴിവാക്കി നല്‍കണം എന്നതാണ് മോട്ടര്‍ വാഹന വകുപ്പ് നിയമം.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: