
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സ്ത്രീകള്‍ക്ക് 2500 രൂപ നല്‍കുമെന്ന വാഗ്ദാനം ആദ്യമന്ത്രിസഭ യോഗത്തില്‍ പാസാക്കാതെ ബിജെപി. പകരം ആയുഷ്മാന്‍ ഭാരത് പദ്ധതിക്ക് അംഗീകാരം നല്‍കുകയും 14 സിഐജി റിപ്പോര്‍ട്ടുകള്‍ ആദ്യ നിയമസഭാ സമ്മേളനത്തില്‍ മേശപ്പുറത്ത് വെക്കാനും മന്ത്രിസഭ തീരുമാനിച്ചു. സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു.
ഡല്‍ഹിയില്‍ നിന്നും ആംആദ്മി പാര്‍ട്ടിയെ താഴെ ഇറക്കാന്‍ ബിജെപിയുടെ ആദ്യ വാഗ്ദാനമായിരുന്നു സ്ത്രീകള്‍ക്ക് പ്രതിമാസം 2500 രൂപ നല്‍കുമെന്നത്. അധികാരത്തിലേറിയ ആദ്യ മന്ത്രിസഭയില്‍ തന്നെ ഇത് പാസാക്കും എന്നായിരുന്നു ബിജെപിയുടെ അവകാശവാദം . തെരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷവും ഇതേ നിലപാടിലായിരുന്നു ബിജെപി. എന്നാല്‍, ആദ്യമന്ത്രി സഭയോഗത്തില്‍ ഇത് പരിഗണിച്ചു പോലുമില്ല.

ഇതോടെ ബിജെപിയുടെ വിശ്വസ്തയെ ചോദ്യം ചെയ്ത് ആം ആദ്മി പാര്‍ട്ടി രംഗത്തെത്തി. ആദ്യ ദിവസം തന്നെ ബിജെപി അവരുടെ വാഗ്ദാനങ്ങള്‍ ലംഘിക്കാന്‍ തുടങ്ങിയെന്നും ഡല്‍ഹിയിലെ ജനങ്ങളെ വഞ്ചിക്കാന്‍ ബിജെപി തീരുമാനിച്ചുവെന്നും മുന്‍ മുഖ്യമന്ത്രി അതിഷി ആരോപിച്ചു. അഞ്ച് ലക്ഷം രൂപ മേല്‍പരിധി നിശ്ചയിച്ചാണ് ആയുഷ്മാന്‍ ഭാരതിന് അംഗീകാരം നല്‍കിയത്. 14 സിഎജി റിപ്പോര്‍ട്ടുകള്‍ ആം ആദ്മിയുടെ അഴിമതി തുറന്നു കാട്ടുന്നതാണെന്ന് ബിജെപി നേരത്തെ ആരോപിച്ചിരുന്നു.
മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്കാണ് പ്രധാന വകുപ്പുകള്‍ നല്‍കിയിട്ടുള്ളത്. ധനം, റവന്യു, പൊതുഭരണം, വിജിലന്‍സ്, ലാന്‍ഡ് ആന്‍ഡ് ബില്‍ഡിങ്, വനിത-ശിശു വികസനം എന്നീ വകുപ്പുകളുടെ ചുമതലയും മുഖ്യമന്ത്രിക്കാണ്. ഉപമുഖ്യമന്ത്രി പര്‍വേശ് വര്‍മയ്ക്ക് ജല വകുപ്പ് ലഭിച്ചു. ഇതിനൊപ്പം ജലസേചനം, പ്രളയ നിയന്ത്രണ വകുപ്പും പര്‍വേശ് വര്‍മയ്ക്കാണ്. യമുനാനദി ശുചീകരണമുള്‍പ്പെടെയുള്ള ചുമതലകള്‍ ഇതില്‍ ഉള്‍പ്പെടും. കപില്‍ മിശ്രയാണ് നിയമ മന്ത്രി.