HealthLIFE

ഗര്‍ഭിണികളും പങ്കാളികളും ആവശ്യപ്പെടുന്നത് ഒരേ കാര്യം; പ്രസവത്തിലെ പുതിയ ട്രെന്‍ഡ് വെളിപ്പെടുത്തി ഡോക്ടര്‍മാര്‍

ഴിഞ്ഞ വര്‍ഷം ജനുവരി 22നായിരുന്നു അയോദ്ധ്യ രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ. ഈ ദിവസം ആശുപത്രികളില്‍ ഗര്‍ഭിണികളുടെ തിരക്കായിരുന്നു. ഈ കാഴ്ച രോഗികളെ മാത്രമല്ല ആശുപത്രി അധികൃതരെയും ഞെട്ടിച്ചു. അയോദ്ധ്യ രാമക്ഷേത്ര ഉദ്ഘാടന ദിവസം തന്നെ തന്റെ കുഞ്ഞ് ജനിക്കണം എന്നായിരുന്നു ആശുപത്രിയിലെത്തിയ സ്ത്രീകളുടെയെല്ലാം മനസില്‍. കുഞ്ഞ് ആ ‘ശുഭ’ സമയത്ത്, ശുഭദിനത്തില്‍ തന്നെ ജനിക്കണമെന്ന ആവശ്യം പലരും ഡോക്ടര്‍മാരെ മുന്‍കൂട്ടി അറിയിക്കുകയും ചെയ്തു.

ഇതിനെയാണ് ‘മഹൂറത്ത് പ്രസവം’ എന്ന് പറയുന്നത്. എന്നാല്‍, ഇത് രാമക്ഷേത്ര ഉദ്ഘാടന ദിവസം മാത്രമല്ല, പല ശുഭ മുഹൂര്‍ത്തങ്ങളിലും സംഭവിച്ചുവരുന്ന കാര്യമാണ്. ഇത്തരത്തിലുള്ള പ്രസവങ്ങള്‍ നമ്മുടെ രാജ്യത്ത് വര്‍ദ്ധിച്ചുവരികയാണ്. എന്നാല്‍, എന്തുകൊണ്ടായിരിക്കാം ആശുപത്രികള്‍ ഇവ പ്രോത്സാഹിപ്പിക്കുന്നത്? പല ആശുപത്രികളിലും അവര്‍ നല്‍കുന്ന സേവനങ്ങളുടെ പട്ടികയില്‍ ‘മഹൂറത്ത് പ്രസവം’ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ശുഭ മുഹൂര്‍ത്തത്തില്‍ പ്രസവിക്കാന്‍ ഇന്ത്യയിലെ സ്ത്രീകള്‍ ഇപ്പോഴും ആഗ്രഹിക്കുന്നതിന് കാരണമെന്തെന്ന് പരിശോധിക്കാം.

Signature-ad

എന്താണ് ‘മഹൂറത്ത് പ്രസവം’ ?

‘മാതാപിതാക്കള്‍ അവരുടെ കുഞ്ഞിന്റെ ജനനത്തിനായി ഒരു പ്രത്യേക ദിവസവും സമയവും തിരഞ്ഞെടുക്കുന്ന രീതിയെയാണ് മഹൂറത്ത് പ്രസവം എന്നതിലൂടെ ഉദ്ദേശിക്കുന്നത്. പലപ്പോഴും ഒരു പുരോഹിതനെയോ ജ്യോതിഷിയെയോ സമീപിച്ചതിനുശേഷമാകും ഇവര്‍ തീയതിയും സമയവും തീരുമാനിക്കുന്നത്. എന്നിരുന്നാല്‍ പോലും ഗര്‍ഭസ്ഥ ശിശുവിനും മാതാവിനും മറ്റ് പ്രശ്നങ്ങളൊന്നും ഇല്ല എന്നകാര്യം ഉറപ്പുവരുത്തിയ ശേഷമായിരിക്കും പ്രസവം നടത്തുക. ഈ തീയതി സാധാരണ പ്രസവം നടക്കേണ്ട മാസത്തില്‍ തന്നെയുള്ളതാകാനും പ്രത്യേകം ശ്രദ്ധിക്കും. പലര്‍ക്കും ഇപ്പോള്‍ സി – സെക്ഷനാണ് വേണ്ടത്. അതിനാല്‍ തന്നെ പ്രസവവേദന വരുന്നതുവരെ കാത്തിരിക്കുന്നില്ല. ഇങ്ങനെയുള്ളവര്‍ തീയതിയും സമയവും കണ്ടെത്തിയ ശേഷമാണ് ആശുപത്രിയില്‍ അഡ്മിറ്റ് ആകുന്നത് ‘, ബംഗളൂരുവിലെ ഗ്ലെനീഗിള്‍സ് ബിജിഎസ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലെ സീനിയര്‍ കണ്‍സള്‍ട്ടന്റായ ഡോ. നിര്‍മ്മല ചന്ദ്രശേഖര്‍ പറയുന്നു.

വര്‍ദ്ധിച്ചുവരുന്ന ആവശ്യം

സാധാരണ പ്രസവ വേദന വരുകയും സ്വാഭാവികമായി പ്രസവം നടക്കുകയുമാണ് ചെയ്യാറുള്ളത്. എന്നാല്‍, ഇന്ന് പലര്‍ക്കും വേദന സഹിക്കാന്‍ കഴിയില്ല എന്നതിനാല്‍ തന്നെ സി – സെക്ഷന്‍ വേണമെന്ന് ആദ്യമേ ആവശ്യപ്പെടും. ഡോക്ടര്‍മാര്‍ സാധാരണ പറയാറുള്ള പ്രസവ തീയതികള്‍ ഏകദേശ കണക്ക് മാത്രമാണ്. അതിന് മുമ്പോ ശേഷമോ പ്രസവം നടക്കാം. എന്നാല്‍, വൈദ്യശാസ്ത്രത്തിനും മീതെ പലരും കാണുന്നത് ജ്യോതിഷപരമായ വിശ്വാസത്തെയാണ്. ഇപ്പോഴും പലരും ഇതിനെയെല്ലാം അന്ധമായി വിശ്വസിക്കുകയാണ്. സമീപ വര്‍ഷങ്ങളിലാണ് മഹൂറത്ത് പ്രസവങ്ങളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നത്. ഞങ്ങളുടെ ആശുപത്രിയില്‍ സിസേറിയന്‍ തീരുമാനിച്ചിരിക്കുന്ന രോഗികള്‍ക്ക് മാത്രമാണ് ഇത്തരത്തിലുള്ള പ്രസവം അനുവദിക്കുന്നത് ‘, ഹൈദരാബാദിലെ കെയര്‍ ഹോസ്പിറ്റലിലെ ക്ലിനിക്കല്‍ ഡയറക്ടര്‍ ഡോ. മഞ്ജുള അനഗാനി പറഞ്ഞു.

‘ആശുപത്രികള്‍ക്ക് ഈ പ്രവണയതോട് പൊരുത്തപ്പെടേണ്ടി വന്നതാണ്. എന്നാല്‍, കുഞ്ഞിനും അമ്മയ്ക്കും ഒരുപോലെ ദോഷം വരുന്ന സമയങ്ങളില്‍ പ്രസവം നടത്താന്‍ ചില കുടുംബങ്ങള്‍ നിര്‍ബന്ധിക്കാറുണ്ട്. അതിനോടൊന്നും ഞാന്‍ യോജിക്കുന്നില്ല. പ്രത്യേകിച്ച് അര്‍ദ്ധരാത്രിയോ പുലര്‍ച്ചയോ പോലുള്ള സമയങ്ങളില്‍ ‘, മഞ്ജുള അനഗാനി കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇന്ത്യയില്‍ സി – സെക്ഷന്‍ പ്രസവങ്ങള്‍ വര്‍ദ്ധിച്ചുവരുന്നു എന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. സ്വകാര്യ ആശുപത്രികളിലാണ് ഇവ കൂടുതലായും നടക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. ഇത്തരം ആശുപത്രികളില്‍ നടക്കുന്നതില്‍ പകുതിയിലേറെ പ്രസവങ്ങളും സി – സെക്ഷനുകളാണ്.

അപകടസാദ്ധ്യതകള്‍

ഗര്‍ഭപാത്രത്തില്‍ കുഞ്ഞിന്റെ വളര്‍ച്ച പൂര്‍ത്തിയാകുന്നതിന് മുമ്പ് മാതാപിതാക്കള്‍ മഹൂറത്ത് പ്രസവം വേണമെന്ന് ആവശ്യപ്പെട്ടാല്‍ അത് കുഞ്ഞിന്റെ ജീവനെ പോലും ബാധിക്കും. വളര്‍ച്ച പൂര്‍ത്തിയാകാത്ത കുഞ്ഞിന് പലപ്പോഴും എന്‍ഐസിയു പരിചരണവും ആവശ്യമായി വന്നേക്കാം.

ചില സാഹചര്യങ്ങളില്‍ സാധാരണ പ്രസവത്തിലൂടെ കുഞ്ഞിന്റെ തല പുറത്തുവന്നാല്‍ പോലും ഈ സമയം കുഞ്ഞ് ജനിക്കണ്ട ശുഭ മുഹൂര്‍ത്തത്തില്‍ തന്നെ പ്രസവം നടക്കണമെന്ന് ചിലര്‍ വാശിപിടിക്കാറുണ്ട്. ഇത് കുഞ്ഞിന്റെ ജീവനെ ബാധിക്കും എന്നത് മാത്രമല്ല, അമ്മയ്ക്ക് അണുബാധ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ വരാനും വലിയ പ്രശ്നങ്ങളിലേക്ക് നയിക്കാനും സാദ്ധ്യതയുണ്ട്.

ഈ പ്രവണതകളെ പ്രോത്സാഹിപ്പിക്കാതിരിക്കാന്‍ തങ്ങള്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍, മഹൂറത്ത് പ്രസവങ്ങള്‍ വേണമെന്ന് വാശിപിടിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതിനാല്‍ ആശുപത്രി അധികൃതര്‍ക്ക് ഒന്നും തന്നെ ചെയ്യാന്‍ സാധിക്കുന്നില്ലെന്നും അവര്‍ പറയുന്നു. കുഞ്ഞിന്റെ ഭാവി നല്ലതായിരിക്കാന്‍ വേണ്ടിയാണ് പലരും ശുഭ മുഹൂര്‍ത്തം നോക്കുന്നത്. എന്നാല്‍, ഇത് കുഞ്ഞിന്റെ ആരോഗ്യത്തെ എത്രമാത്രം ദോഷകരമായി ബാധിക്കുന്നുവെന്ന് ചിന്തിക്കണമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: