
ഇലോണ്‍ മസ്‌കിന്റെ കുഞ്ഞിന് ജന്മം നല്‍കിയെന്ന് അവകാശവാദവുമായി എഴുത്തുകാരിയും ഇന്‍ഫ്‌ലുവന്‍സറുമായ ആഷ്ലി സെന്റ് ക്ലെയര്‍. അഞ്ച് മാസം മുമ്പ് മസ്‌കിന്റെ കുഞ്ഞിന് ജന്മം നല്‍കിയെന്നാണ് ആഷ്‌ലി പറയുന്നത്. എക്‌സിലൂടെ അവര്‍ ഇക്കാര്യം പുറത്തുവിട്ടത്.
‘അഞ്ച് മാസം മുമ്പ് പുതിയൊരു കുഞ്ഞിനെ ഈ ലോകത്തിലേക്ക് സ്വാഗതം ചെയ്തു. ഇലോണ്‍ മസ്‌ക് ആണ് പിതാവ്. ഞങ്ങളുടെ കുഞ്ഞിന്റെ സ്വകാര്യതയും സുരക്ഷയും കണക്കിലെടുത്താണ് ഇക്കാര്യം വെളിപ്പെടുത്താതിരുന്നത്. എന്നാല്‍, ഇത് പരിഗണിക്കാതെ മാധ്യമങ്ങള്‍ ഇക്കാര്യം പുറത്തുവിടാന്‍ ഉദ്ദേശിക്കുന്നുവെന്ന് മനസ്സിലായി.

ഞങ്ങളുടെ കുഞ്ഞിനെ സാധാരണവും സുരക്ഷിതവുമായ അന്തരീക്ഷത്തില്‍ വളരാന്‍ അനുവദിക്കാനാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. മാധ്യമങ്ങള്‍ കുഞ്ഞിന്റെ സ്വകാര്യതയെ മാനിക്കണമെന്നും ആവശ്യപ്പെടുന്നു’, ആഷ്ലി സെന്റ് ക്ലെയര്‍ എക്‌സില്‍ കുറിച്ചു.
2002 മുതല്‍ മസ്‌കിന് 12 കുട്ടികള്‍ ജനിച്ചിട്ടുണ്ട്. മുന്‍ ഭാര്യ ജസ്റ്റിന്‍ മസ്‌കില്‍ ജനിച്ച ആദ്യത്തെ കുഞ്ഞ് ശൈശവകാലത്ത് തന്നെ മരണപ്പെട്ടിരുന്നു. 2008 ആയപ്പോഴേക്കും ജസ്റ്റിന് ഐവിഎഫിലൂടെ അഞ്ച് കുട്ടികള്‍ ജനിച്ചിരുന്നു. പിന്നീടാണ് ബ്രീട്ടീഷ് നടി തലൂലാ റിലേയുമായി മസ്‌ക് ബന്ധത്തിലാവുന്നത്. ഇവരെ രണ്ട് തവണ വിവാഹം ചെയ്യുകയും രണ്ട് തവണയും വേര്‍പിരിയുകയും ചെയ്തു. എന്നാല്‍ ഈ ബന്ധത്തില്‍ മസ്‌കിന് കുട്ടികളില്ല.
2020 നും 2022 നും ഇടയില്‍ ഗായിക ഗ്രിംസില്‍ മൂന്ന് കുട്ടികളാണ് മസ്‌കിന് ജനിച്ചത്. ഈ കുട്ടികളുടെ സംരക്ഷണാവകാശവുമായി ബന്ധപ്പെട്ട് ഇരുവരും നിയമപോരാട്ടത്തിലാണ്. 2021 ല്‍ സ്വന്തം കമ്പനിയായ ന്യൂറാലിങ്കിലെ ഉദ്യോഗസ്ഥയായ ഷിവോന്‍ സില്ലിസില്‍ ഇരട്ടകുട്ടികളും മസ്‌കിന് ജനിച്ചു. 2024 ലാണ് ഇരുവര്‍ക്കും മൂന്നാമതൊരു കുഞ്ഞുകൂടി ജനിച്ചത്.