Breaking NewsKeralaLead NewsNEWSNewsthen Specialpolitics

മേയര്‍ ആര്യ രാജേന്ദ്രന്‍ കോഴിക്കോടേക്കു തട്ടകം മാറ്റുന്നു; പാര്‍ട്ടി അനുമതി നല്‍കിയാല്‍ ഉടന്‍ മാറ്റം; നിയമസഭയിലേക്കു മത്സരിച്ചേക്കുമെന്നു സൂചന നല്‍കി എം.വി. ഗോവിന്ദന്‍; സംസ്ഥാനതലത്തിലേക്ക് ആര്യയെ പ്രയോജനപ്പെടുത്താനും നീക്കം

തിരുവനന്തപുരം: ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ എന്ന പദവിയിലൂടെ രാജ്യത്തിന്റെതന്നെ ശ്രദ്ധ പതിഞ്ഞ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ കോഴിക്കോടേക്കു തട്ടകം മാറ്റുന്നെന്നു സൂചന. ന്യൂയോര്‍ക്ക് സിറ്റി മേയറായി തെരഞ്ഞെടുക്കപ്പെട്ട സോറന്‍ മാംദാനിയടക്കം ആര്യയുടെ എക്‌സ് പോസ്റ്റ് ഷെയര്‍ ചെയ്തതോടെ രാജ്യാന്തര തലത്തിലും അവര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. എങ്ങനത്തെ മേയറാകാനാണ് താന്‍ ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിന് ‘ഇങ്ങനെ’ എന്നു പറഞ്ഞാണ് ആദ്യ റെഡ്‌വളന്റിയര്‍ മാര്‍ച്ചില്‍ പങ്കെടുക്കുന്ന ചിത്രങ്ങള്‍ മാംദാനി ഷെയര്‍ ചെയ്തത്.

പാര്‍ട്ടി അനുമതി നല്‍കിയാല്‍ തലസ്ഥാനത്തെ രാഷ്ട്രീയത്തോട് വിടപറഞ്ഞ് കോഴിക്കോടേക്ക് കൂടുമാറും. ജീവിത പങ്കാളിയായ ബാലുശേരി എംഎല്‍എ സച്ചില്‍ ദേവ് രാഷ്രീയ തട്ടകം അവിടെത്തന്നെ തുടരാനാണ് ആലോചന. മേയറുടെ ജോലികള്‍ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കേണ്ടതിനാല്‍ ആര്യ കുഞ്ഞുമായി തിരുവനന്തപരുത്തായിരുന്നു താമസം. മേയര്‍ സ്ഥാനം ഒഴിഞ്ഞതോടെ സംസ്ഥാന തലത്തിലേക്ക് ആര്യയുടെ രാഷ്ട്രീയം ഉപയോഗിക്കാനാണ് സിപിഎമ്മും ആലോചിക്കുന്നത്. ഇതിനാലാണ് രാഷ്ട്രീയവും താമസവും കോഴിക്കോട്ടേക്ക് മാറ്റാന്‍ ആര്യ ചിന്തിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരം.

Signature-ad

ബാലസംഘം സംസ്ഥാന പ്രസിഡന്റായിരിക്കെ, രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ എന്ന ഖ്യാതിയോടെയാണ് ആര്യ 21ാം വയസ്സില്‍ തിരുവനന്തപുരം കോര്‍പറേഷന്റെ മേയറായത്. 2022 സെപ്റ്റംബറില്‍ മേയറായിരിക്കെയായിരുന്നു എസ്എഫ്‌ഐയുടെ മുന്‍ സംസ്ഥാന സെക്രട്ടറി കൂടിയായ സച്ചിന്‍ദേവുമായുള്ള വിവാഹം.

എംഎല്‍എ എന്ന നിലയില്‍ സച്ചിന്‍ദേവിനു ബാലുശ്ശേരിയും, മേയര്‍ എന്ന നിലയില്‍ ആര്യയ്ക്കു തിരുവനന്തപുരവും വിട്ടുനില്‍ക്കാനാകാത്ത സ്ഥിതിയായിരുന്നു ഇതുവരെ. സിപിഎം ജില്ലാ കമ്മിറ്റിയംഗവും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമാണ് ആര്യ. ഡിവൈഎഫ്‌ഐ സംസ്ഥാന നേതാവ് എന്ന നിലയില്‍ കോഴിക്കോട് ഉള്‍പ്പെടെ മറ്റു ജില്ലകളിലും സംഘടനാപരിപാടികളില്‍ സജീവമാണ്.

മികച്ച മേയറാണെന്നു സിപിഎം അവകാശപ്പെടുന്ന സ്ഥിതിക്ക് ആര്യയെ എന്തുകൊണ്ടു തിരുവനന്തപുരത്തു വീണ്ടും മത്സരിപ്പിക്കുന്നില്ലെന്നു കഴിഞ്ഞദിവസം ബിജെപി പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചിരുന്നു. ‘മലയാള മനോരമ’ തിരുവനന്തപുരം ഓഫിസില്‍ സംഘടിപ്പിച്ച, മുഖ്യ പാര്‍ട്ടികളുടെ സംസ്ഥാന അധ്യക്ഷരുടെ സംവാദത്തിലായിരുന്നു ചോദ്യം. മേയറായിരുന്നയാളെ ഡപ്യൂട്ടി മേയറാക്കാന്‍ വേണ്ടി മത്സരിപ്പിക്കില്ലെന്നും നിയമസഭയിലേക്കോ, പാര്‍ലമെന്റിലേക്കോ ആണു പരിഗണിക്കുകയെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മറുപടി. ലോകം ശ്രദ്ധിച്ച മേയറാണ് ആര്യയെന്നും അദ്ദേഹം പ്രകീര്‍ത്തിച്ചിരുന്നു.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: