CrimeNEWS

അച്ഛനെ കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ല, ചെയ്തത് സ്വബോധത്തോടെ; പെട്ടെന്ന് തോന്നിയ ദേഷ്യത്തിന് സംഭവിച്ചത് പോയതെന്ന് മകന്റെ മൊഴി; മൊഴി വിശ്വാസത്തിലെടുക്കാതെ പോലീസ്

തിരുവനന്തപുരം: പെട്ടെന്നുള്ള ദേഷ്യത്തിനാണ് അച്ഛനെ വെട്ടിക്കൊലപ്പെടുത്തയതെന്ന് മകന്‍ പ്രജിന്റെ മൊഴി. സ്വബോധത്തോടെയാണ് പ്രജിന്‍ കൊലപാതകം ചെയ്തതെന്ന് പോലീസ് പറഞ്ഞു. കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ല എന്നും പ്രജിന്‍ പറഞ്ഞു. എന്നാല്‍ പ്രജിന്റെ വാക്കുകള്‍ പോലീസ് വിശ്വാസത്തില്‍ എടുത്തിട്ടില്ല. രാത്രിയില്‍ പുറത്ത് പോയ വന്ന പ്രജിന്‍ ഹാളില്‍ കിടന്നിരുന്ന അച്ഛനെ വെട്ടുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിന്തുടര്‍ന്ന് പല തവണ വെട്ടുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ജോസിനെ കരുതിക്കൂട്ടി കൊലപ്പെടുത്തുകയായിരുന്നു.

വെള്ളറട കിളിയൂര്‍ ചരുവിളാകം ബംഗ്ലാവില്‍ ജോസിനെയാണ് (70), ബുധനാഴ്ച രാത്രി 9.30ഓടെ മകന്‍ പ്രജിന്‍ (29) വെട്ടിക്കൊലപ്പെടുത്തിയത്. ജോസും ഭാര്യ സുഷമകുമാരിയും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭര്‍ത്താവിനെ വെട്ടുന്നതുകണ്ട് മാതാവ് മകനെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. സംഭവത്തിനുശേഷം പ്രജിന്‍ വെള്ളറട പൊലീസിലെത്തി കീഴടങ്ങുകയായിരുന്നു. ജീവിക്കാനാവശ്യമായ സ്വാതന്ത്ര്യവും പണവും അച്ഛന്‍ തരാത്തതില്‍ പെട്ടെന്നുതോന്നിയ വിരോധമാണ് കാരണമെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്.

Signature-ad

ആവര്‍ത്തിച്ചുള്ള ചോദ്യംചെയ്യലില്‍ മറ്റൊന്നും വിട്ടുപറയാന്‍ പ്രതി തയ്യാറായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ചൈനയില്‍ എം.ബി.ബി.എസ് പഠനത്തിനുപോയ പ്രജിന്‍ കൊവിഡ് ബാധയെ തുടര്‍ന്ന് നാട്ടിലെത്തി. പിന്നീട് പഠനം തുടര്‍ന്നില്ല. ചൈനയില്‍ കൊണ്ടുപോയ ഏജന്റിന് വീട്ടുകാര്‍ ഫീസും പണവുമെല്ലാം നല്‍കിയെങ്കിലും കോളേജില്‍ മുഴുവന്‍ തുകയും അടച്ചിട്ടില്ല. അതിനാല്‍ ഇയാളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ചൈനയിലെ കോളേജിലാണുള്ളത്. ഇത് ലഭിക്കാത്തതിന്റെ മനോവിഷമമുണ്ടായിരുന്നെന്നും കോളേജില്‍ പണമടച്ച് സര്‍ട്ടിഫിക്കറ്റ് വാങ്ങണമെന്ന് നിരവധിതവണ അച്ഛനോട് ആവശ്യപ്പെട്ടിരുന്നതായും പ്രതി പറയുന്നു.

നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കിയ പ്രജിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കൂടുതല്‍ അന്വേഷണത്തിനായി പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കുമെന്ന് വെള്ളറട സി.ഐ: വി.പ്രസാദും എസ്.ഐ: റസല്‍ രാജും പറഞ്ഞു. അര്‍ദ്ധരാത്രിയോടെ ഉണ്ടായ അരുംകൊലയുടെ നടുക്കത്തിലാണിപ്പോഴും കിളിയൂര്‍ ഗ്രാമം. ബുധനാഴ്ച രാത്രി എല്ലാവരും ഉറങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് മകന്‍ അച്ഛനെ വെട്ടിക്കൊലപ്പെടുത്തിയത്. അമ്മയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ അടുക്കളയില്‍ ചോരവാര്‍ന്ന് മരിച്ചുകിടന്ന ജോസിനെയും, മൃതദേഹത്തിനരികില്‍ ബോധരഹിതയായിരുന്ന സുഷമയേയുമാണ് കണ്ടത്.

ചൈനയില്‍ എം.ബി.ബി.എസ് പഠനത്തിനായി പോയി തിരിച്ചെത്തിയ പ്രജിന്‍ നാട്ടുകാരുമായി വലിയ ബന്ധമൊന്നുമില്ലാതെയാണ് കഴിഞ്ഞിരുന്നത്. സുഷമ ദീര്‍ഘകാലം ഇസ്രയേലിലെ നഴ്സായി ജോലിചെയ്തിരുന്നു. ജോസിന്റെ മൃതദേഹം ഇന്നലെ മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയശേഷം ബന്ധുക്കള്‍ക്ക് കൈമാറി. പാറശാല ഗവ. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ജോസിന്റെ ചേട്ടന്റെ മകന്‍ വിദേശത്തുനിന്നും എത്തുന്നതോടെ ഇന്ന് സംസ്‌കരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: