KeralaNEWS

വാളയാർ കേസ് തിരിഞ്ഞു കുത്തുന്നു: പെൺകുഞ്ഞുങ്ങളെ പീഡിപ്പിക്കാൻ സ്വന്തം അമ്മ കൂട്ടുനിന്നു! ഞെട്ടിച്ച് സിബിഐ കുറ്റപത്രം

    ഇങ്ങനെയും മാതാപിതാക്കളുണ്ടോ…? വിശ്വസിക്കാനാവില്ല. വാളയാറിലെ പ്രായപൂർത്തിയാകാത്ത മക്കളുടെ മുന്നിൽ വെച്ച് ഒന്നാം പ്രതി അമ്മയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്ന് സിബിഐയുടെ കുറ്റപത്രം. ഇതും പോരാഞ്ഞ് ഇളയ കുട്ടിയെ ഒന്നാം പ്രതിക്ക് പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് ഇരയാക്കാനും മാതാപിതാക്കൾ ഒത്താശ ചെയ്തുവെന്ന് സിബിഐ  കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തെ ഉദ്ധരിച്ച് ‘ദ ഹിന്ദു’ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. മൂത്തമകളുടെ ആത്മഹത്യക്ക് കാരണക്കാരൻ ഒന്നാം പ്രതിയാണെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് അമ്മ ഇളയ മകളെ ഈ കശ്മലന് കൂട്ടിക്കൊടുത്തത് എന്നാണ് സിബിഐ പറയുന്നത്.

52 ദിവസങ്ങളുടെ ഇടവേളയിലാണ് 13 ഉം 9തും വയസുള്ള രണ്ട് പെൺകുട്ടികളെ  ഒറ്റമുറി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 2017 ജനുവരി 13 നാണ് 13 കാരിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഇളയ കുഞ്ഞ് അതേ വർഷം മാർച്ച് 4നും തൂങ്ങി മരിച്ചു. പോസ്റ്റ്‌മോർട്ടം പരിശോധനയിൽ മരണത്തിന് മുമ്പ് ഈ രണ്ടു കുരുന്നുകളും ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. ചേച്ചി മരിച്ച ദിവസവം മുഖം മറച്ചുകൊണ്ട് രണ്ടുപേർ വീട്ടിൽ നിന്ന് ഇറങ്ങുന്നത് താൻ കണ്ടതായി ഇളയ സഹോദരി അന്ന് പൊലീസിനോട് പറഞ്ഞിരുന്നു.

Signature-ad

അത്യന്തം സംഭ്രമജനകമായ വിവരങ്ങളാണ് കുറ്റപത്രത്തിൽ സിബിഐ വിവരിക്കുന്നത്. കുഞ്ഞുങ്ങളുടെ മരണത്തിൽ നീതി തേടി സമരത്തിൽ മുൻപന്തിയിൽ ഉണ്ടായിരുന്ന അമ്മ പ്രതിയായി എന്ന വിവരം മാത്രമാണ് സിബിഐ അന്വേഷണത്തെ സംബന്ധിച്ച് ഇതുവരെ പുറത്തുവന്നത്. എന്നാൽ പ്രായപൂർത്തിയാകാത്ത
കുഞ്ഞുങ്ങളുടെ ആത്മഹത്യക്ക് ഉത്തരവാദികൾ മാതാപിതാക്കൾ തന്നെയാണ് എന്നാണ് സിബിഐ അസന്നിഗ്ധമായി കുറ്റപത്രത്തിൽ വിവരിക്കുന്നത്.

അവധി ദിവസങ്ങളിൽ ഒന്നാം പ്രതിയെ വീട്ടിൽ വിളിച്ചു വരുത്തി മദ്യം നൽകുകയും പ്രായപൂർത്തിയാകാത്ത മൂത്ത കുട്ടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ സകല സൗകര്യങ്ങളും ഈ അമ്മ ഒരുക്കി കൊടുക്കുമായിരുന്നു. മകളെ ഇയാൾ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ച് മാതാവിന് തികഞ്ഞ ബോധ്യമുണ്ടായിരുന്നു. ബലാൽസംഗം ചെയ്യാൻ കുഞ്ഞുങ്ങളെ മാതാപിതാക്കൾ ഇട്ടു കൊടുക്കുകയായിരുന്നു എന്നാണ് സിബിഐ കുറ്റപത്രത്തിൽ പറയുന്നത്.

ഒന്നാം പ്രതിക്കൊപ്പം സിബിഐ കുറ്റപത്രത്തിൽ അമ്മ രണ്ടാം പ്രതിയും അച്ഛൻ മൂന്നാം പ്രതിയുമാണ്. 2016 ഏപ്രിലിൽ മൂത്ത കുട്ടിയെ ഒന്നാം പ്രതി ബലാൽസംഗം ചെയ്യുന്നതിന് അമ്മ സാക്ഷ്യം വഹിച്ചു. 2 ആഴ്ച കഴിഞ്ഞ് അച്ഛനും ഹീനകൃത്യത്തിന് സാക്ഷിയായി. ഇക്കാര്യമൊന്നും മാതാപിതാക്കൾ പൊലീസ് അന്വേഷണത്തിൽ വെളിപ്പെടുത്തിയില്ല. അതുകൊണ്ട് തന്നെ ഇവർ പ്രതിയായതുമില്ല. ഇവരുടെ തന്നെ ആവശ്യപ്രകാരം സിബിഐ നടത്തിയ അന്വേഷണമാണ് ഒടുവിൽ ഇവർക്കെതിരെ തിരിഞ്ഞത്.

രണ്ട് കുഞ്ഞുങ്ങളും സ്വന്തം വീട്ടിൽ തന്നെ ജീവനൊടുക്കിയ ഈ കേസിൽ കേരള പൊലീസ് നടത്തിയ അന്വേഷണം പ്രതികൾക്ക് അനുകൂലമായിരുന്നു എന്ന് ആരോപിച്ചാണ് ഇവർ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ എത്തിയത്. അന്വേഷണത്തിന് മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥന് ഐപിഎസ് നൽകുന്നതിന് എതിരെ ഇവർ നൽകിയ ഹർജിയും അടുത്തയിടെ ഹൈക്കോടതി തള്ളിയിരുന്നു.

മാതാപിതാക്കൾക്ക് നീതിക്കായി സമരസമിതി രൂപീകരിച്ച് പോരാട്ടങ്ങൾ നടത്തി വന്നവരെയും സിബിഐയുടെ വെളിപ്പെടുത്തലുകൾ വെട്ടിലാക്കും. 2021 ഫെബ്രുവരി മുതൽ തല മുണ്ഡനം ചെയ്ത് ഈ സമരത്തിന് മുൻപന്തിയിൽ നിന്ന അമ്മക്കെതിരെ ആണ് ഒടുവിൽ രാജ്യത്തെ പരമോന്നത അന്വേഷണ ഏജൻസി തെളിവുകൾ നിരത്തുന്നത്. ഇവരുടെ പോരാട്ടങ്ങളെയെല്ലാം പൊളിച്ചടുക്കുന്ന വിധത്തിലാണ് സിബിഐ കുറ്റപത്രം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: