CrimeNEWS

പൊലീസിനും രക്ഷയില്ല! അമ്പലമേട് സ്റ്റേഷനില്‍ പ്രതികളുടെ പരാക്രമം; ലോക്കപ്പ് തകര്‍ത്തു, മേശയുടെ ഗ്ലാസ് ഉടച്ചു

കൊച്ചി: അമ്പലമേട് പൊലീസ് സ്റ്റേഷനിലെ ലോക്കപ്പും മേശയുടെ ഗ്ലാസും ഉള്‍പ്പെടെ തല്ലിത്തകര്‍ത്ത് മോഷണക്കേസില്‍ പിടിയിലായ പ്രതികളുടെ പരാക്രമം. കരിമുകള്‍ സ്വദേശികളായ അജിത്ത് ഗണേശന്‍ (28), അഖില്‍ ഗണേശന്‍ (26), ആദിത്യന്‍ (23) എന്നിവരാണ് സ്റ്റേഷനില്‍ പരാക്രമം കാട്ടിയത്.

കഴിഞ്ഞ ദിവസം നാട്ടുകാരുടെ സഹായത്തോടെയാണ് ഇവരെ അമ്പലമേട് പൊലീസ് പിടികൂടിയത്. വേളൂരില്‍ അടഞ്ഞു കിടക്കുന്ന ഫ്ലാറ്റില്‍ മോഷണം നടത്തുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ ലോക്കപ്പിനുള്ളിലെ പൈപ്പുകളും ഗ്രില്ലുകളും പ്രതികള്‍ തകര്‍ത്തുവെന്നാണു പൊലീസ് പറയുന്നത്. മേശയുടെ മുകളിലെ ഗ്ലാസും ലാപ്‌ടോപ്പും തകര്‍ക്കുകയും ചെയ്തു. 30,000 രൂപയിലധികം നാശനഷ്ടം സംഭവിച്ചതായി എസിപി പിവി ബേബി പറഞ്ഞു.

Signature-ad

വനിതാ പൊലീസുകാരോടു മോശമായി പെരുമാറുകയും ബക്കറ്റിലെ വെള്ളം ശരീരത്തിലേക്ക് ഒഴിക്കുകയും ചെയ്തതായും ആരോപണമുണ്ട്. പ്രതികളെ വൈദ്യ പരിശോധനയ്ക്കു കൊണ്ടു പോകാന്‍ വാഹനത്തിലേക്കു കയറ്റാന്‍ ശ്രമിക്കുന്നതിനിടെ പൊലീസിനെ ആക്രമിച്ചതായും കേസുണ്ട്. പ്രതികളുടെ ബന്ധുക്കള്‍ വാഹനം തടയാന്‍ ശ്രമിച്ചതു സംഘര്‍ഷത്തിനിടയാക്കി. കൂടുതല്‍ പൊലീസ് എത്തിയാണു പ്രതികളെ കൊണ്ടു പോയത്.

അഖില്‍ 18 കേസില്‍ പ്രതിയാണ്. ഒരു വര്‍ഷം മുന്‍പാണു കാപ്പ കേസില്‍ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയത്. സഹോദരനായ അജിത്ത് 14 കേസില്‍ പ്രതിയാണ്. ജന്മദിനാഘോഷത്തിനു പോയപ്പാഴാണു പൊലീസ് ഇവരെ പിടിച്ചതെന്നും ക്രൂരമായി മര്‍ദിച്ചുവെന്നും മാതാപിതാക്കള്‍ ആരോപിച്ചു.

അമ്പലമേട് സ്റ്റേഷനിലെ അതിക്രമത്തില്‍ മോഷണക്കേസ് പ്രതികള്‍ക്കെതിരെ നരഹത്യാശ്രമത്തിനും കേസെടുത്തു. ഇന്നലെ കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പൊലീസ് വാന്‍ ഡ്രൈവറുടെ കഴുത്തില്‍ പ്രതികള്‍ വിലങ്ങുകൊണ്ട് മുറുക്കുകയായിരുന്നു. കുറ്റകരമായ നരഹത്യാശ്രമം ചുമത്തിയാണ് കേസ്. കൂട്ടുപ്രതിയായ ആദിത്യനെ ലോക്കപ്പില്‍വച്ച് ആക്രമിച്ച ശേഷം പൊലീസുകാര്‍ മര്‍ദിച്ചുവെന്ന് വരുത്തിത്തീര്‍ക്കാന്‍ പ്രതികള്‍ ശ്രമിച്ചുവെന്നും പൊലീസ് ആരോപിക്കുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: