
ഇടുക്കി: കൂട്ടാറില്‍ പുതുവത്സര ദിനത്തില്‍ പടക്കം പൊട്ടിക്കുന്നത് കാണാന്‍ നിന്നയാള്‍ക്ക് പൊലീസിന്റെ ക്രൂരമര്‍ദനം. കമ്പംമെട്ട് സിഐ ഷമീര്‍ ഖാനാണ് ഓട്ടോ ഡ്രൈവറായ മുരളീധരന്റെ കരണത്തടിച്ചത്. പൊലീസിന്റെ അടിയേറ്റ് നിലത്തു വീഴുന്ന മുരളീധരന്റെ ദൃശ്യങ്ങള്‍ ദിവസങ്ങള്‍ കഴിഞ്ഞ ശേഷമാണ് കുടുംബത്തിനു കിട്ടിയത്. മര്‍ദനത്തില്‍ തന്റെ പല്ലു പൊട്ടിപ്പോയെന്നും മുരളീധരന്‍ പറയുന്നു.
മര്‍ദനമേറ്റ കാര്യം മുരളീധരന്‍ വീട്ടുകാരോട് പറഞ്ഞിരുന്നില്ല. വീഡിയോ കണ്ടാണ് ഇക്കാര്യം അറിഞ്ഞതെന്ന് മകള്‍ അശ്വതി പറഞ്ഞു. എസ്പി ഓഫീസില്‍ പരാതി നല്‍കി. പിന്നാലെ ഡിവൈഎസ്പി ഓഫിസില്‍ വിളിച്ചു മൊഴിയെടുത്തു. പക്ഷേ, ഇതുവരെയും നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നും മകള്‍ പറഞ്ഞു.

ആശുപത്രി ചെലവ് വഹിക്കാമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ഉറപ്പു നല്‍കിയതിനാല്‍ പരാതി ഒത്തുതീര്‍പ്പാക്കിയിരുന്നു. എന്നാല്‍, ചികിത്സ ചെലവ് വഹിക്കാതെ വന്നതോടെയാണ് എസ്പിയെ സമീപിച്ചത്. ഇന്നലെ പത്തനംതിട്ടയില്‍ അകാരണമായി വിവാഹ സംഘത്തിനു നേരെയുണ്ടായ പൊലീസ് അതിക്രമത്തിനു ശേഷമാണ് കൂട്ടാറിലെ വാര്‍ത്തയും പുറത്തുവരുന്നത്.