KeralaNEWS

സുരേഷ് ഗോപിയുടെ ആ വാക്കും പാഴായി; നിരാശയില്‍ ജനം, ഉടന്‍ പ്രക്ഷോഭം

തൃശൂര്‍: വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും ജില്ലയില്‍ രണ്ടാം സ്ഥാനത്തുള്ള ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനോടുള്ള നിരന്തര അവഗണനയില്‍ പ്രതിഷേധിച്ച് യാത്രക്കാര്‍ പ്രക്ഷോഭത്തിലേക്ക്. അമൃത് പദ്ധതിയും കൊവിഡ് കാലത്ത് നിറുത്തലാക്കിയ അഞ്ച് ട്രെയിനുകളുടെ പുനഃസ്ഥാപിക്കലും സംബന്ധിച്ച് അധികൃതര്‍ നല്‍കിയ ഉറപ്പുകള്‍ എങ്ങുമെത്താത്ത സാഹചര്യത്തിലാണ് റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സമര പരിപാടികളിലേക്ക് നീങ്ങുന്നത്.

2023 മാര്‍ച്ച് 23 നാണ് റെയില്‍വേ സ്റ്റേഷന്‍ സന്ദര്‍ശിച്ച റെയില്‍വേ പാസഞ്ചേഴ്‌സ് അമിനിറ്റീസ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ.കൃഷ്ണദാസ് ഇരിങ്ങാലക്കുട സ്റ്റേഷനെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചത്. രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ കോഫീ ഷോപ്പിനായി ഉടന്‍ ടെണ്ടര്‍ വിളിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. വിഷയത്തില്‍ സജീവമായി ഇടപെടുമെന്ന് സുരേഷ് ഗോപി എം.പിയും വ്യക്തമാക്കിയിരുന്നു.

Signature-ad

2024 ഡിസംബര്‍ വരെയുളള സമയം അധികൃതര്‍ ആവശ്യപ്പെട്ടിരുന്നതായും അസോസിയേഷന്‍ പറയുന്നു. കേന്ദ്രബഡ്ജറ്റിലും അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കുന്ന 35 സ്റ്റേഷനുകളുടെ പട്ടികയില്‍ ഇരിങ്ങാലക്കുട സ്ഥാനം പിടിച്ചില്ല. അതേസമയം ചാലക്കുടി ലോക്‌സഭ മണ്ഡലത്തില്‍ നിന്നും മൂന്ന് സ്റ്റേഷനുകള്‍ പട്ടികയില്‍ ഇടം പിടിച്ചിട്ടുമുണ്ട്.

റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമര പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്.വിപുലമായ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ ഉടന്‍ വിളിച്ച് ചേര്‍ക്കാനും നിരന്തരമായ സമരപരിപാടികളിലേക്ക് നീങ്ങാനുമാണ് തീരുമാനം. അസോസിയേഷന്‍ പ്രസിഡന്റ് ഷാജു ജോസഫ് അദ്ധ്യക്ഷനായി. പ്രസിഡന്റ് കെ.ആര്‍.ജോജോയെ രക്ഷാധികാരിയും ഐ.എന്‍.ബാബു, ബാബു തോമസ്, പി.സി.സുഭാഷ്, ടി.സി.അര്‍ജുനന്‍ എന്നിവരെ ഭാരവാഹികളായും തെരഞ്ഞെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: