
ഡള്ളാസ് (ടെക്സസ്): അനധികൃത കുടിയേറ്റക്കാരുമായുള്ള യുഎസ് സൈനിക വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടു. വിമാനം ഇന്ന് രാവിലെ അമൃത്സര്‍ വിമാനത്താവളത്തില്‍ ഇറങ്ങും. 250 ല്‍ കൂടുതല്‍ ആളുകള്‍ വിമാനത്തില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവരില്‍ 30-40 പേര്‍ ഗുജറാത്തുകാരാണ്. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് ബാക്കിയുള്ളവരില്‍ ഭൂരിപക്ഷവും.
നാട്ടിലെത്തിക്കുന്ന ഗുജറാത്തുകാരെ ഗുജറാത്തിലേക്ക് കൊണ്ടുവന്ന് ചോദ്യം ചെയ്യുമെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എങ്ങനെയാണ് ഇവര്‍ യുഎസില്‍ എത്തിയതെന്നും ആരാണ് ഏജന്റുമാരായി പ്രവര്‍ത്തിച്ചതെന്നും അന്വേഷിക്കും. ഇവര്‍ മനുഷ്യക്കടത്തിന്റെ ഇരകളായതിനാല്‍ നിയമപരമായി മുന്നോട്ട് പോകുമെന്നും പൊലീസ് അറിയിച്ചു.

ഡോണള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെയാണ് അനധികൃത കുടിയേറ്റത്തിന് എതിരായ നടപടികള്‍ ശക്തമാക്കിയത്. 41,330 ഗുജറാത്തുകാര്‍ അനധികൃതമായി യുഎസിലേക്ക് കുടിയേറിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഇവരില്‍ 5,340 പേര്‍ക്ക് അഭയം നല്‍കിയിരുന്നു. ബാക്കിയുള്ളവരെ നാടുകടത്താനുള്ള നീക്കത്തിലാണ് യുഎസ്. അനധികൃത കുടിയേറ്റക്കാരെയും വഹിച്ചുള്ള ആദ്യ വിമാനം ഇന്നലെയാണ് യുഎസില്‍ നിന്ന് പുറപ്പെട്ടത്.
ഓരോ വര്‍ഷവും ആയിരക്കണക്കിന് ഗുജറാത്തികളാണ് കാനഡ, മെക്സിക്കോ അതിര്‍ത്തികള്‍ വഴി യുഎസിലേക്ക് അനധികൃതമായി കടക്കുന്നത്. നിരവധി മനുഷ്യക്കടത്ത് കേസുകള്‍ നിലവില്‍ ഗുജറാത്ത് പൊലീസിന്റെ അന്വേഷണത്തിലാണ്. 2023 ഡിസംബറില്‍ ചാര്‍ട്ടേര്‍ഡ് വിമാനം വഴി ഗുജറാത്തുകാരായ 60 അനധികൃത കുടിയേറ്റക്കാരെ ഫ്രാന്‍സ് തിരിച്ചയച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഗുജറാത്ത് സിഐഡി വിഭാഗം 14 മനുഷ്യക്കടത്ത് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും നിരവധിപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.