
തിരുവനന്തപുരം: തലസ്ഥാനത്തു ഹോട്ടലിന് നേരെ മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്റെ പേരില്‍ ബോംബ് ഭീഷണി.കിഴക്കേക്കോട്ട പവര്‍ഹൗസ് റോഡിലെ ഹോട്ടല്‍ ഫോര്‍ട്ട് മാനറില്‍ ഇന്നലെ ഉച്ചയ്ക്കു 2.30ന് മനുഷ്യബോംബ് സ്‌ഫോടനം നടത്തുമെന്നായിരുന്നു സന്ദേശം.രാവിലെ 9.30ന് ഹോട്ടലിലെ ഇമെയില്‍ വിലാസത്തില്‍ എത്തിയ സന്ദേശം 12ന് ആണ് മാനേജര്‍ കാണുന്നത്. വിവരം അറിഞ്ഞെത്തിയ പൊലീസ് 2 മണിക്കൂറോളം ഹോട്ടലില്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.അന്വേഷണത്തില്‍ ബോംബ് ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചതായി കമ്മിഷണര്‍ തോംസണ്‍ ജോസ് പറഞ്ഞു. ഭീഷണി സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താന്‍ സൈബര്‍ സെല്‍ പരിശോധന ആരംഭിച്ചു.
ഇംഗ്ലിഷില്‍ എഴുതിയ നാലു വരികളുള്ള ഒരു പാരഗ്രാഫ് ആണ് ഇമെയിലിലുള്ളത്. തമിഴ്‌നാട്ടിലെ അണ്ണാമലൈ യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ട വിഷയമാണു ഇതില്‍ പറയുന്നതെന്നും വ്യാജ മൊബൈല്‍ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് തയാറാക്കിയ ഇമെയില്‍ ഐഡിയില്‍ നിന്നാണ് സന്ദേശം അയച്ചതെന്നും പൊലീസ് പറഞ്ഞു.കഴിഞ്ഞ ദിവസം പൂക്കോട് വെറ്ററിനറി സര്‍വകലാശാലയ്ക്കും തലസ്ഥാനത്തെ മറ്റൊരു ഹോട്ടലിനും എതിരെ ബോംബ് ഭീഷണി ഉണ്ടായിരുന്നു. ഹോട്ടല്‍ മാനേജരുടെ പരാതിയില്‍ ഫോര്‍ട്ട് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു.ഹോട്ടലില്‍ ഇന്നലെ തമിഴ്‌നാട് സ്വദേശിയായ യുവാവിന്റെയും കളിയ്ക്കാവിള സ്വദേശിയായ യുവതിയും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നിരുന്നു.വിവാഹ നിശ്ചയം തടസ്സപ്പെടുത്താന്‍ ഉദ്ദേശിച്ച് ആരെങ്കിലും വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ചതാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

തലസ്ഥാനത്ത് 6 മാസത്തിനിടയില്‍ ഹോട്ടലുകള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും നേരെ ബോംബ് ഭീഷണി ഉയര്‍ന്നത് 8 തവണ. വ്യാജ ഭീഷണി പതിവായിട്ടും ഇതിന്റെ ഉറവിടം പൊലീസിനു കണ്ടെത്താനാകുന്നില്ല. സെക്രട്ടേറിയറ്റ്, രാജ്യാന്തര വിമാനത്താവളം, പഞ്ചനക്ഷത്ര ഹോട്ടലുകള്‍, കൈത്തറി ടെക്‌സ്‌റ്റൈല്‍സ് ഡയറക്ടറേറ്റ് എന്നിവയ്ക്കു നേരെയായിരുന്നു ബോംബ് ഭീഷണി. കഴിഞ്ഞ ദിവസം വഴുതക്കാടുള്ള ഹോട്ടലിലും ഇമെയിലിലൂടെ ആണ് ബോംബ് ഭീഷണി ഉണ്ടായത്. ഈ ഹോട്ടലിന് രണ്ടാം തവണയാണ് വ്യാജ ഭീഷണി ലഭിച്ചത്.