CrimeNEWS

സ്ത്രീകളെ ശല്യം ചെയ്തതു ചോദ്യം ചെയ്തു; ഡിവൈഎഫ്‌ഐ നേതാവിന്റെ വീട്ടിലേക്ക് സ്‌ഫോടക വസ്തു എറിഞ്ഞു

കോഴിക്കോട്: പേരാമ്പ്ര നടുവണ്ണൂര്‍ പഞ്ചായത്തിലെ വെള്ളിയൂരില്‍ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാക്കളുടെ വീടിനു നേരെ അജ്ഞാതര്‍ സ്‌ഫോടക വസ്തുക്കള്‍ എറിഞ്ഞു. നടുവണ്ണൂര്‍ പഞ്ചായത്തിലെ കരുവണ്ണൂര്‍ അഞ്ചാം വാര്‍ഡിലെ പുതുവാണ്ടി മീത്തല്‍ ഗിരീഷിന്റെ വീടാണ് ആക്രമിക്കപ്പെട്ടത്. ഗിരീഷിന്റെ മക്കളാണ് കരുവണ്ണൂര്‍ ഡിവൈഎഫ്‌ഐ മേഖലാ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറിയുമായ ജഗനും, ഡിവൈഎഫ്‌ഐ കരുവണ്ണൂര്‍ യൂണിറ്റ് അംഗമായ സ്‌നേഹയും. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. ആക്രമണ സമയത്ത് ജഗനും സ്‌നേഹയും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഗിരീഷ് വിദേശത്താണ് ജോലി ചെയ്യുന്നത്.

രാത്രിയില്‍ ഉറങ്ങിയ വീട്ടുകാര്‍ പുറത്തുനിന്ന് കനത്ത ശബ്ദം കേട്ടതിനെ തുടര്‍ന്ന് വീടിനു പുറത്തെത്തിയപ്പോഴേക്കും അജ്ഞാതര്‍ രക്ഷപ്പെട്ടിരുന്നു. ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്തു വീടിനുള്ളിലേക്ക് എത്താതിരുന്നത് വലിയ അപകടം ഒഴിവാക്കി. ജഗന്‍ ജനലിനു സമീപം കിടന്നുറങ്ങുകയായിരുന്നു. സമീപത്തെ ക്ഷേത്രോത്സവത്തിനിടയില്‍ ഉണ്ടായ തര്‍ക്കം ആക്രമണത്തിലേക്ക് നയിച്ചതാകാമെന്ന് സംശയിക്കപ്പെടുന്നു. ഉത്സവപ്പറമ്പില്‍ ലഹരി ഉപയോഗിച്ച് ചിലര്‍ സ്ത്രീകളെ ശല്യം ചെയ്തതതു പ്രദേശവാസികള്‍ ചോദ്യം ചെയ്തിരുന്നു. ഇതിനുള്ള പ്രതികാരമാകാമെന്നാണ് വീട്ടുകാരുടെ സംശയം.

Signature-ad

പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. സംഭവത്തില്‍ കുറ്റവാളികളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് ലഹരി ഉപയോഗവും വില്‍പ്പനയും സജീവമാണെന്നു നാട്ടുകാര്‍ ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: