KeralaNEWS

വധു ട്രാന്‍സ്‌ജെന്‍ഡർ: വിവാഹപ്പിറ്റേന്ന് വരൻ ഇറ്റലിക്കു പറന്നു, ചതിയെന്ന പരാതിയുമായി യുവതിയുടെ ബന്ധുക്കൾ പൊലീസിൽ; സംഭവം റാന്നിയില്‍

   കടുത്തുരുത്തി: വിവാഹത്തിന് പിന്നാലെ വധുവിനെ വീട്ടില്‍ കൊണ്ടാക്കി സ്വര്‍ണാഭരണങ്ങളും കൈക്കലാക്കി വരന്‍ നാടുവിട്ടെന്ന് വധുവിന്റെ ബന്ധുക്കളുടെ പരാതി. എന്നാല്‍, താന്‍ വിവാഹം കഴിച്ചത് ട്രാന്‍സ്‌ജെന്‍ഡറിനെയാണെന്ന് ആദ്യരാത്രി തന്നെ മനസിലാക്കിയ വരന്‍ പിറ്റേന്ന് എമര്‍ജന്‍സി ടിക്കറ്റ് എടുത്ത് ജോലി സ്ഥലത്തേക്ക് മടങ്ങുകയായിരുന്നുവെന്ന് ബന്ധുക്കളുടെ വിശദീകരണം.

ഇറ്റലിയില്‍ ജോലി ചെയ്യുന്ന റാന്നി സ്വദേശിയായ യുവാവ് ജനുവരി 23നാണ് കടുത്തുരുത്തിയിലുള്ള യുവതിയെ വിവാഹം കഴിച്ചത്. പിറ്റേന്ന് തന്നെ യുവതിയെ കടുത്തുരുത്തിയിലെ വീട്ടിലാക്കി യുവാവ് ഇറ്റലിക്ക്  മടങ്ങി. യുവതിയെ  ഉപദ്രവിച്ചുവെന്നും വിവാഹത്തിന് നല്‍കിയ സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയെന്നും കാട്ടി യുവതിയുടെ ബന്ധുക്കള്‍ കടുത്തുരുത്തി പോലീസില്‍ പരാതി നല്‍കി. ഇതോടെയാണ് വരന്റെ ചില ബന്ധുക്കളുടെ ശബ്ദസന്ദേശം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുന്നത്.

Signature-ad

വിവാഹദിവസം രാത്രി മണിയറയിലേക്ക് ചെന്ന വരന്‍ ഞെട്ടി. പാന്റ്‌സ് മാത്രം ധരിച്ച് ഒരു യുവാവ് കട്ടിലില്‍ കിടക്കുന്നു. താന്‍ വിവാഹം ചെയ്ത യുവതിയാണ് അതെന്ന തിരിച്ചറിവില്‍ യുവാവ് പരിഭ്രാന്തനായി. വിവാഹത്തിന് വധുവിന്റെ കഴുത്തില്‍ അണിയിച്ച 5 പവന്റെ താലിമാല വല്ല വിധേനെയും  ഊരി വാങ്ങി പിറ്റേന്ന് തന്നെ വധുവിന്റെ വീട്ടില്‍ കൊണ്ടാക്കി.
വധുവിന് മാതാവ് മാത്രമേയുള്ളു. ട്രാന്‍സ്‌ജെന്‍ഡര്‍ ആണെന്ന വിവരം മറച്ചു വച്ച് വധുവിന്റെ വീട്ടുകാര്‍ യുവാവിനെ കബളിപ്പിച്ചുവെന്നാണ് പരാതി.

ശബ്ദസന്ദേശം ഇങ്ങനെ:

വിവാഹം കഴിഞ്ഞ് കടുത്തുരുത്തിയില്‍ വധുവിന്റെ വീട്ടിലാണ്  പോകേണ്ടിയിരുന്നത്. ദൂരക്കൂടുതല്‍ ആയതിനാല്‍ അന്ന് വരന്റെ വീട്ടില്‍ തന്നെ തങ്ങാന്‍ തീരുമാനിച്ചു. രാത്രിയില്‍ ആഭരണം അണിയണ്ട എന്ന് പറഞ്ഞ് അതെല്ലാം അവിടെ ഊരി വാങ്ങി വച്ചു. വരന്‍ ഇട്ട 5 പവന്റെ മാലയും ഊരിവാങ്ങി. രാത്രി മുറിയില്‍ കടന്നു ചെന്നപ്പോള്‍ ഒരു പാന്റ് മാത്രം ഇട്ടു കിടക്കുന്ന ആളിനെ കണ്ടു. വരന്‍ ഞെട്ടി, വിഷമിച്ചു. കാര്യങ്ങള്‍ സംസാരിച്ചു. വഞ്ചനയാണെന്ന് മനസിലായി. നാളെ പെങ്ങളുടെ വീട്ടില്‍ വിരുന്നുണ്ടെന്ന് പറഞ്ഞ് വധുവിനെ കടുത്തുരുത്തിയിലെ വീട്ടില്‍ കൊണ്ടു വിട്ട ശേഷം യുവാവ് അടിയന്തിരമായി ടിക്കറ്റ് എടുത്ത് ഇറ്റലിക്ക് പോവുകയായിരുന്നു. ഫേസ്ബുക്കിലൂടെയുള്ള പരിചയം വിവാഹത്തില്‍ കലാശിക്കുകയായിരുന്നു.”

യുവതിയുടെ വീട്ടുകാരുടെ പരാതിയില്‍ ഗാർഹിക പീഡനത്തിന് ഉള്‍പ്പെടെ പൊലീസ് കേസെടുത്തു.  ഇയാളെ നാട്ടിലെത്തിച്ചു ചോദ്യം ചെയ്താല്‍ മാത്രമേ സംഭവത്തിന്റെ ദുരൂഹത അഴിയുകയുള്ളൂവെന്നു പൊലീസ് അറിയിച്ചു.

ഇത് സംബന്ധിച്ച് സോഷ്യല്‍ മീഡിയ വഴി ശബ്ദസന്ദേശങ്ങളും ചിത്രങ്ങളും പ്രചരിക്കുമ്പോള്‍ സത്യം അറിയാതെ അന്തം വിട്ട് നില്‍ക്കുകയാണ് നാട്ടുകാര്‍.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: