
തിരുവനന്തപുരം: വര്‍ക്കലയില്‍ ഗൃഹനാഥന്‍ പള്ളിയില്‍ നമസ്‌കരിക്കാന്‍ പോയ സമയം വീട്ടില്‍ നിന്നും സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന കേസില്‍ പത്താംക്ലാസുകാരനും സുഹൃത്തായ യുവാവും പിടിയില്‍. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും വര്‍ക്കല കാപ്പില്‍ സ്വദേശിയായ കൃഷ്ണാഭവനില്‍ സായ് കൃഷ്ണനും (25) ആണ് അയിരൂര്‍ പൊലീസിന്റെ പിടിയിലായത്. വര്‍ക്കല കാപ്പില്‍ പണിക്കക്കുടി വീട്ടില്‍ ഷറഹബീലിന്റെ വീട്ടിലാണ് നട്ടുച്ചസമയം മോഷണം നടന്നത്.
ഉച്ചയ്ക്ക് 12.45 ഓടെ വീട്ടില്‍നിന്നിറങ്ങിയ വയോധികന്‍ പള്ളിയില്‍ നമസ്‌കാരം കഴിഞ്ഞ് രണ്ടുമണിയോടെ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തുടര്‍ന്ന് അയിരൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പത്താം ക്ലാസ് വിദ്യാര്‍ത്ഥി സ്‌കൂളില്‍ നിന്നും വരുന്ന വഴി വീട്ടില്‍ നിന്നും ഇറങ്ങി വരുന്ന വയോധികനെ കാണുകയും കുശലാന്വേഷണത്തില്‍ വയോധികന്‍ പള്ളിയില്‍ നമസ്‌കരിക്കാന്‍ പോകുന്നു എന്നുള്ള വിവരം മനസിലാക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് വയോധികന്റെ വീട്ടില്‍ മറ്റാരുമില്ല എന്ന് മനസിലാക്കിയ വിദ്യാര്‍ത്ഥി വീടിന്റെ പിന്‍വാതില്‍ കുത്തിത്തുറന്ന് വീടിനുള്ളില്‍ പ്രവേശിക്കുകയും മേശയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും 50,000 രൂപയും കവര്‍ന്നെടുത്തു.
ഈ പണം ഉപയോഗിച്ച് വര്‍ക്കലയിലെ മൊബൈല്‍ ഷോപ്പില്‍ നിന്നും പുത്തന്‍ മൊബൈല്‍ വാങ്ങിക്കുകയും പുത്തന്‍ വസ്ത്രങ്ങള്‍ വാങ്ങിക്കുകയും ചെയ്തു. തുടര്‍ന്ന് സുഹൃത്തായ സായ് കൃഷ്ണനെ വിദ്യാര്‍ത്ഥി വിളിച്ചുവരുത്തി മോഷണവിവരം അറിയിച്ചു. തുടര്‍ന്ന് രണ്ടരപ്പവന്റെ മാലയും ഒരു പവന്റെ മോതിരവും അടങ്ങുന്ന സ്വര്‍ണാഭരണങ്ങള്‍ വിദ്യാര്‍ത്ഥി സായ് കൃഷ്ണനെ ഏല്‍പ്പിച്ചു. യുവാവ് സ്വര്‍ണ മോതിരം വര്‍ക്കലയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയം വച്ചു. സ്വര്‍ണമാല വീട്ടില്‍ ഒളിപ്പിച്ച ശേഷം അത് സ്വര്‍ണമല്ലെന്ന് പത്താംക്ലാസുകാരനെ പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്തു.
സായി കൃഷ്ണയെ പണയ സ്ഥാപനത്തിലെത്തിച്ച് സ്വര്‍ണമോതിരം പൊലീസ് കണ്ടെടുത്തു. പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ബാത്ത്‌റൂമിനകത്ത് ടവ്വല്‍ ഹോള്‍ഡറിനകത്ത് ഒളിപ്പിച്ചു വച്ചിരുന്ന സ്വര്‍ണ മാല പ്രതി പൊലീസിന് എടുത്തു നല്‍കി. വിദ്യാര്‍ത്ഥിയുടെ വീടിനു സമീപത്തു നിന്നും ഒളിപ്പിച്ച നിലയില്‍ പുതിയ മൊബൈല്‍ ഫോണും പുതുവസ്ത്രങ്ങളും പൊലീസ് കണ്ടെടുത്തു.
അയിരൂര്‍ എസ്എച്ച്ഒ ശ്യാമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ പൂജപ്പുര ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി ജുവനൈല്‍ ഹോമിലേക്ക് അയച്ചു.