
തിരുവനന്തപുരം: വസ്തു തരം മാറ്റുന്നതിന് 5000 രൂപ കൈക്കൂലി വാങ്ങവേ വില്ലേജ് ഓഫീസറെ വിജിലന്‍സ് പിടികൂടി. തിരുവനന്തപുരം പഴയകുന്നുമ്മേല്‍ വില്ലേജ് ഓഫീസറായ ഡി വിജയകുമാറിനെയാണ് വിജിലന്‍സ് പിടികൂടിയത്. വില്ലേജ് ഓഫീസിന് സമീപത്തുവച്ച് കൈക്കൂലി വാങ്ങവെ വിജയകുമാറിനെ വിജിലന്‍സ് സംഘം കൈയോടെ പിടികൂടുകയായിരുന്നു.
പഴയകുന്നുമ്മേല്‍ സ്വദേശിയുടെ പരാതിയിലാണ് നടപടി. പരാതിക്കാരന്റെ പേരില്‍ പഴയകുന്നുമ്മേല്‍ വില്ലേജ് പരിധിയില്‍പെട്ട 34 സെന്റ് വസ്തു ഡാറ്റാ ബാങ്കില്‍ വയല്‍ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് കര ഭൂമിയാക്കുന്നതിന് 2024 ജനുവരി മാസം ഓണ്‍ലൈനില്‍ അപേക്ഷ നല്‍കിയിരുന്നു. തിരുവനന്തപുരം കളക്ടറേറ്റിലെയും ചിറയിന്‍കീഴ് താലൂക്ക് ഓഫീസിലെയും നടപടികള്‍ക്ക് ശേഷം 2024 ജനുവരി മാസം തന്നെ ഫയല്‍ പഴയകുന്നുമ്മേല്‍ വില്ലേജ് ഓഫീസില്‍ എത്തിയെങ്കിലും, വില്ലേജ് ഓഫീസര്‍ കളക്ടറേറ്റിലേക്ക് റിപ്പോര്‍ട്ട് സഹിതം മടക്കി അയച്ചിരുന്നില്ല.

വിവരം അന്വേഷിച്ച് വെള്ളിയാഴ്ച വില്ലേജ് ഓഫീസില്‍ എത്തിയ പരാതിക്കാരനില്‍ നിന്നും വില്ലേജ് ഓഫീസറായ വിജയകുമാര്‍ 2000 രൂപ കൈക്കൂലി വാങ്ങി. ശനിയാഴ്ച വീണ്ടും വില്ലേജ് ഓഫീസറെ നേരില്‍ കണ്ടപ്പോള്‍ 5000 രൂപ കൂടി കൈക്കൂലി നല്‍കിയാലേ റിപ്പോര്‍ട്ട് കളക്ടറേറ്റിലേക്ക് അയക്കുകയുള്ളുവെന്ന് പറഞ്ഞു തിരിച്ചയക്കുകയായിരുന്നു. ഇതോടെ പരാതിക്കാരന്‍ വിജിലന്‍സ് ദക്ഷിണ മേഖല പൊലീസ് സൂപ്രണ്ടിനെ വിവരം അറിയിക്കുകയായിരുന്നു.
സൂപ്രണ്ടിന്റെ നിര്‍ദേശപ്രകാരം വിജിലന്‍സ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചു വരവെ ഇന്നലെ രാവിലെ 11.40 മണിയോടുകൂടി പഴയകുന്നുമ്മേല്‍ വില്ലേജ് ഓഫീസിന് സമീപത്തുവച്ച് പരാതിക്കാനില്‍ നിന്നും 5000 രൂപ കൈക്കൂലി വാങ്ങവേ വിജയകുമാറിനെ വിജിലന്‍സ് സംഘം കൈയോടെ പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.