
ബംഗളൂരു: ഹൃദയ ശസ്ത്രക്രിയ വിദഗ്ധന്‍ ഡോ. കെ.എം.ചെറിയാന്‍ (82) അന്തരിച്ചു. ഇന്നലെ രാത്രി 11.50ന് മണിപ്പാല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ബെംഗളൂരുവില്‍ സുഹൃത്തിന്റെ മകന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
രാജ്യത്തെ ആദ്യത്തെ കൊറോണി ആര്‍ട്ടറി ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയ ഡോക്ടറാണ് ചെറിയാന്‍. ആദ്യത്തെ പീഡിയാട്രിക് ട്രാന്‍സ്പ്ലാന്റ്, ആദ്യത്തെ ടിഎംആര്‍ (ലേസര്‍ ഹാര്‍ട്ട് സര്‍ജറി) എന്നിവ നടത്തിയതും അദ്ദേഹമാണ്. 1990 മുതല്‍ 1993 വരെ രാഷ്ട്രപതിയുടെ ഓണററി സര്‍ജനായിരുന്ന അദ്ദേഹത്തെ രാജ്യം 1991ല്‍ പത്മശ്രീ നല്‍കി ആദരിച്ചു.

വേള്‍ഡ് കോണ്‍ഗ്രസ് ഓഫ് തൊറാസിക് കാര്‍ഡിയാക് സര്‍ജന്‍ പ്രസിഡന്റാകുന്ന ആദ്യ ഇന്ത്യക്കാരനും ഇന്ത്യയില്‍ നിന്നുള്ള അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് തൊറാസിക് സര്‍ജറിയിലെ ആദ്യ അംഗവുമായിരുന്നു. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് കാര്‍ഡിയാക് തൊറാസിക് സര്‍ജന്റെ സെക്രട്ടറിയും പ്രസിഡന്റുമായിരുന്നു. പീഡിയാട്രിക് കാര്‍ഡിയാക് സൊസൈറ്റി ഓഫ് ഇന്ത്യയുടെയും പ്രസിഡന്റായിരുന്നു.
ചെന്നൈയിലെ മദ്രാസ് മെഡിക്കല്‍ മിഷന്റെ (എംഎംഎം) സ്ഥാപക വൈസ് പ്രസിഡന്റും ഡയറക്ടറുമായിരുന്നു. ലണ്ടനിലെ റോയല്‍ സൊസൈറ്റി ഓഫ് മെഡിസിന്‍ ഫെലോയും മലേഷ്യന്‍ അസോസിയേഷന്‍ ഫോര്‍ തൊറാസിക് ആന്‍ഡ് കാര്‍ഡിയോവാസ്‌കുലര്‍ സര്‍ജറിയുടെ ഓണററി അംഗവുമായും അദ്ദേഹം സേവനമനുഷ്ടിച്ചു.