
മലയാളിയെ കുടുകുടെ ചിരിപ്പിച്ച നിരവധി ഹിറ്റ് ചിത്രങ്ങളൊരുക്കിയ സംവിധായകൻ ഷാഫി (56) വിട പറഞ്ഞു. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ഒരാഴ്ച മുൻപ് ആസ്റ്റർ മെഡ്‌സിറ്റിയിൽ പ്രവേശിപ്പിച്ച ഷാഫി 7 ദിവസമായി അതീവ ഗുരുതരാവസ്ഥയിൽ തുടരുകയായിരുന്നു. ഇന്നലെ രാത്രി 11.30നായിരുന്നു വിയോഗം.
എറണാംകുളം പുല്ലേപ്പടിയിൽ 1968 ഫെബ്രുവരിയിൽ റഷീദ് എം.എച്ച് എന്ന ഷാഫി ജനിച്ചു. പിതാവ് എം.പി ഹംസ, മാതാവ് നബീസുമ്മ. പ്രശസ്ത സംവിധായകൻ സിദ്ദീഖ് ഷാഫിയുടെ അമ്മാവനാണ്. റാഫി മെക്കാർട്ടിൻ ടീമിലെ റാഫി സഹോദരനും. കുട്ടിക്കാലത്തു തന്നെ മനസിൽ സിനിമാ മോഹമുദിച്ച ഷാഫി സ്കൂൾ കാലത്ത് മിമിക്രിയും മോണോ ആക്ടും അവതരിപ്പിച്ചു. അമ്മാവൻ സിദ്ദീഖ് സിനിമയിൽ എത്തിയതോടെ സിനിമാ മോഹം ശക്തവുമായി.

രാജസേനൻ സംവിധാനം ചെയ്ത ‘ദില്ലിവാലാ രാജകുമാര’നിൽ അസിസ്റ്റന്റ് ഡയറക്ടറായി സിനിമാ ജീവിതം തുടങ്ങി. 2001ല്‍ സഹോദരന്‍ റാഫിയും മെക്കാര്‍ട്ടിനും ചേര്‍ന്ന് രചന നിര്‍വഹിച്ച ‘വണ്‍മാന്‍ഷോ’ ആയിരുന്നു ഷാഫിയുടെ ആദ്യ സംവിധാന സംരംഭം. ജയറാമും ലാലും സംയുക്ത വർമ്മയും അഭിനയിച്ച സിനിമ പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും ഒരു വര്‍ഷത്തിനുശേഷം പുറത്തിറങ്ങിയ ദിലീപ് ചിത്രം കല്യാണരാമൻ, ബോക്സോഫീസ് ഇളക്കിമറിച്ചു. 2005ല്‍ ഷാഫി സംവിധാനം ചെയ്ത തൊമ്മനും മക്കളും ആ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമയായിരുന്നു.
2007ല്‍ പുറത്തിറങ്ങിയ ഷാഫി ചിത്രം ‘മായാവി’യും മലയാള സിനിമയിലെ മിന്നുന്ന ബോക്സോഫീസ് വിജയങ്ങളിലൊന്നാണ്. ചട്ടമ്പിനാടും വെനീസിലെ വ്യാപാരിയുമായി ജനപ്രിയ ചേരുവകള്‍ നിറഞ്ഞ മമ്മൂട്ടിച്ചിത്രങ്ങളുടെ വേറൊരു ധാര തന്നെ ഷാഫിയുടെ സംവിധാന മികവിലൂടെ സംഭവിച്ചു. നടന്‍ ദിലീപിനെ മാത്രമല്ല പൃഥ്വീരാജിനെയും വരെ ചിരിപ്പിക്കുന്ന ജനപ്രിയ നായകപദവിയിലേക്ക് ഉയര്‍ത്തിയ സംവിധായകനുമാണ് ഷാഫി.
മായാവി, തൊമ്മനും മക്കളും, പുലിവാൽ കല്യാണം, മേരിക്കുണ്ടൊരു കുഞ്ഞാട്, ചോക്ലേറ്റ്, മേക്കപ്പ് മാൻ, ചട്ടമ്പിനാട്, ടു കൺട്രീസ് തുടങ്ങി ബോക്സ് ഓഫിസിൽ വൻ വിജയം നേടിയ ചിത്രങ്ങളുടെ പരമ്പരയാണ് ഷാഫി സമ്മാനിച്ചത്. വിക്രം നായകനായ മജാ എന്ന തമിഴ് ചിത്രം ഉൾപ്പെടെ 18 സിനിമകൾ സംവിധാനം ചെയ്തു. 2022-ല്‍ പുറത്തിറങ്ങിയ ആനന്ദം പരമാനന്ദം ആണ് അവസാന ചിത്രം. തിരക്കഥാകൃത്ത്, നിർമാതാവ് എന്നി നിലകളിലും ശ്രദ്ധേയനായിരുന്നു.
ഷാഫിയുടെ മൃതദേഹം ഇപ്പോൾ ഇടപ്പള്ളി ബിടിഎസ് റോഡിലുള്ള സ്വവസതിയിലാണ്. തുടർന്ന് 9 മുതൽ 12 വരെ മണപ്പാട്ടിപ്പറമ്പ് കൊച്ചിൻ സഹകരണ ബാങ്ക് ഹാളിൽ പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം ഇന്ന് 4ന് കലൂർ മുസ്‌ലിം ജമാഅത്ത് പള്ളിയിൽ. ഭാര്യ ഷാമില. മക്കൾ: അലീമ ഷെറിൻ, സൽമ ഷെറിൻ.
മലയാള സിനിമയുടെ ഓര്‍മയില്‍ നിന്ന് ചിരി വറ്റാത്തിടത്തോളം കാലം സംവിധായകൻ ഷാഫിക്കു മരണമില്ല.