തിരുവനന്തപുരം: കഠിനംകുളത്ത് പൂജാരിയുടെ ഭാര്യ ആതിരയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തിരിച്ചറിഞ്ഞു. എറണാകുളത്ത് താമസക്കാരനായ ജോണ്‍സണ്‍ ഔസേപ്പ് ആണ് പ്രതിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇന്‍സ്റ്റഗ്രാമില്‍ റീലുകള്‍ ചെയ്യുന്ന ഫിസിയോ തെറാപ്പിസ്റ്റാണ് ജോണ്‍സണ്‍. ഇയാള്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്.
യുവതിയുടെ ഇന്‍സ്റ്റഗ്രാം സുഹൃത്താണ് ജോണ്‍സണ്‍. കൊല്ലം ദളവാപുരം സ്വദേശിയാണ് ജോണ്‍സണ്‍ ഔസേപ്പ്. ചെല്ലാനത്ത് നിന്നും വിവാഹം കഴിച്ച് അവിടെ താമസിക്കുകയായിരുന്നു. മൂന്നു വര്‍ഷം മുമ്പ് ഭാര്യയുമായി പിരിഞ്ഞശേഷം കൊല്ലത്തും കൊച്ചിയിലുമായി താമസിച്ചു വരികയായിരുന്നുവെന്നും പൊലീസ് കണ്ടെത്തി.
ആതിരയും ജോണ്‍സണും ഇന്‍സ്റ്റഗ്രാമില്‍ റീലുകള്‍ ചെയ്തിരുന്നു. അങ്ങനെയാണ് രണ്ടുപേരും പരിചയപ്പെടുന്നതും സൗഹൃദത്തിലായതും. കുടുംബത്തെ ഉപേക്ഷിച്ച് കൂടെ വരണമെന്ന ജോണ്‍സന്റെ ആവശ്യം ആതിര നിരസിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസിന്റെ നിഗമനം. കൊലയ്ക്ക് തക്കം പാര്‍ത്ത് ഒരാഴ്ചയോളം ഇയാള്‍ പെരുമാതുറയിലെ ലോഡ്ജില്‍ താമസിച്ചിരുന്നതായും പൊലീസ് കണ്ടെത്തി.
കൊല്ലത്തെ സുഹൃത്തിന്റെ പേരിലുള്ള തിരിച്ചറിയല്‍ രേഖ ഉപയോഗിച്ചാണ് ജോണ്‍സണ്‍ സിം കാര്‍ഡ് എടുത്തിരിക്കുന്നത്. കൊലപാതകത്തിന് ശേഷം പ്രതി കൊണ്ടുപോയ വീട്ടമ്മയുടെ സ്‌കൂട്ടര്‍ പൊലീസ് റെയില്‍വേ സ്റ്റേഷന് സമീപത്തു നിന്ന് കണ്ടെത്തിയിരുന്നു. കഠിനംകുളം വടക്കേവിള പാടിക്കവിളാകം ഭരണിക്കാട് ഭഗവതി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന വെഞ്ഞാറമൂട് സ്വദേശി ആതിര (30) ചൊവ്വാഴ്ചയാണ് കൊല്ലപ്പെട്ടത്.