കണ്ണൂര്‍: തലയ്ക്ക് അടിയേറ്റ യുവാവ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍. കായലോട് കുണ്ടല്‍കുളങ്ങര കെ.ശ്രീജേഷ് (42) ആണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ലോട്ടറിയടിച്ചതിന്റെ സന്തോഷത്തില്‍ കൂട്ടുകാര്‍ക്ക് നടത്തിയ പാര്‍ട്ടിക്കിടെ അടിയേറ്റാണ് ശ്രീജേഷിന് പരിക്കേറ്റതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പിണറായി പോലീസില്‍ ബന്ധപ്പെട്ടെങ്കിലും രണ്ടാഴ്ചയിലേറെയായിട്ടും കേസെടുക്കാന്‍ തയ്യാറായില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.
ഡിസംബര്‍ 27-ന് വൈകിട്ട് 5.30-ന് കൂട്ടുകാരെ കാണാനെന്ന് പറഞ്ഞാണ് മകന്‍ വീട്ടില്‍നിന്ന് ഇറങ്ങിയതെന്നാണ് ശ്രീജേഷിന്റെ അച്ഛന്‍ കെ.നാരായണന്‍ പറയുന്നത്. രാത്രി വൈകിയും തിരിച്ചെത്തിയില്ല. ശനിയാഴ്ച രാവിലെയായിട്ടും വീട്ടിലെത്താതായതോടെ തിരക്കിയെങ്കിലും വിവരം ലഭിച്ചില്ല. ഞായറാഴ്ച അയല്‍ക്കാരനാണ് മകന് അപകടം പറ്റിയെന്നും അടിയന്തരമായി തലശ്ശേരി ജനറല്‍ ആശുപത്രിയിലെത്തണമെന്നും പറഞ്ഞത്. ആശുപത്രിയിലെത്തിയെങ്കിലും ശ്രീജേഷ് അവിടെ ചികിത്സ തേടിയില്ലെന്ന് അറിഞ്ഞതിനാല്‍ മടങ്ങി. കൂട്ടുകാരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ആരും ഫോണെടുത്തില്ലെന്നും അദ്ദേഹം പറയുന്നു.
ശ്രീജേഷ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണെന്ന് ഞായറാഴ്ച വൈകിട്ട് നാലിന് പോലീസ് വീട്ടിലെത്തി അറിയിച്ചു. നാരായണന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തുമ്പോഴേക്കും ശ്രീജേഷിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. സഹായത്തിന് ശ്രീജേഷിനൊപ്പം ആരുമുണ്ടായിരുന്നില്ല. ആശുപത്രിയിലെത്തിച്ചത് ആരെന്ന കാര്യത്തില്‍ കുടുംബാംഗങ്ങള്‍ക്ക് ഇപ്പോഴും വ്യക്തതയില്ല.
ചോരയൊലിപ്പിച്ച് വീണുകിടക്കുന്നതു കണ്ട് രണ്ട് സുഹൃത്തുക്കളാണ് ശ്രീജേഷിനെ പിണറായി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചതെന്നും സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചില്ലെന്നുമാണ് പോലീസിന്റെ വിശദീകരണം. പിന്നീട് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നുവെന്നും പറയുന്നു. ചലനശേഷിയും സംസാരശേഷിയും ഭാഗികമായി നഷ്ടപ്പെട്ട ശ്രീജേഷിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. വിവരമറിഞ്ഞ് ഗള്‍ഫില്‍ ജോലിചെയ്യുന്ന സഹോദരന്‍ സന്തോഷ് നാട്ടിലെത്തിയിട്ടുണ്ട്.