ഡിസിപ്ലിന്‍ ഉള്ളവരായതുകൊണ്ടല്ല, അടി പേടിച്ചിട്ടാണ് അവര്‍ അടുക്കാത്തത്! ‘ബാലയ്യ’ ബൗണ്‍സേഴ്‌സിനെ വെക്കാത്തതിന് പിന്നില്‍!
തെലുങ്ക് സിനിമയില്‍ മാസ് ഫാന്‍ ഫോളോയിങ്ങുള്ള എല്ലാ നായകന്മാരും നായികമാരും ബൗണ്‍സര്‍മാരുടെ സഹായത്തോടെയാണ് പരിപാടികളില്‍ പങ്കെടുക്കുന്നത്. അല്ലാത്തപക്ഷം ആരാധകര്‍ തടിച്ച് കൂടി താരങ്ങള്‍ക്ക് ഒരടി ചലിക്കാന്‍ പറ്റാതെയാകും. സെല്‍ഫികള്‍ക്കും ഷെയ്ക്ക് ഹാന്റ് നല്‍കാനും ആരാധകര്‍ ചുറ്റും കൂടി പലപ്പോഴും സൂപ്പര്‍ താരങ്ങള്‍ക്ക് ശാരീരികമായി പരിക്കേല്‍ക്കുന്ന അവസ്ഥവരെ ഉണ്ടായിട്ടുണ്ട്.
ആരാധന പ്രകടിപ്പിച്ച് അടുത്ത് കൂടുന്നവരില്‍ ചിലരെങ്കിലും ശാരീരിക ഉപദ്രവങ്ങള്‍ നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ബൗണ്‍സേഴ്‌സിനെ ഒപ്പം കൂട്ടി തുടങ്ങിയത്. ഇന്ത്യന്‍ സിനിമയിലെ ഒട്ടുമിക്ക താരങ്ങളും പൊതുവേദികളിലും പരിപാടികളിലും പങ്കെടുക്കാന്‍ എത്തുമ്പോള്‍ ബൗണ്‍സേഴ്‌സിനെ വെക്കാറുണ്ട്. ചിലപ്പോഴൊക്കെ ബൗണ്‍സേഴ്‌സ് ഉണ്ടെങ്കില്‍ പോലും നിയന്ത്രിക്കാന്‍ പറ്റാത്ത ക്രൗഡാണ് പല വേദികളിലും ഉണ്ടാകാറുള്ളത്.
മോഹന്‍ലാല്‍, മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍ പോലുള്ള താരങ്ങള്‍ ബൗണ്‍സേഴ്‌സ് ഒപ്പമുണ്ടായിട്ട് പോലും ക്രൗഡില്‍ കുടുങ്ങി പോയിട്ടുള്ളവരാണ്. തെലുങ്കിലെ യുവതാരങ്ങള്‍ പോലും ബൗണ്‍സേഴ്‌സിനൊപ്പമാണ് പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തുന്നത്. എന്നാല്‍ ഒരു സൂപ്പര്‍ താരം മാത്രം ബൗണ്‍സേഴ്‌സിനെ ഒപ്പം കൊണ്ട് നടക്കാറില്ല. അത് മറ്റാരുമല്ല നാല്‍പ്പത് വര്‍ഷത്തോളമായി തെലുങ്ക് സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന നന്ദമൂരി ബാലകൃഷ്ണ എന്ന ബാലയ്യയാണ്.
ബാലയ്യ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ചുറ്റും അധികം ബൗണ്‍സര്‍മാരുണ്ടാകാറില്ല. ഒന്നോ രണ്ടോ സുരക്ഷാ ജീവനക്കാര്‍ ഒഴികെ മറ്റാരെയും ബാലയ്യ ബൗണ്‍സേഴ്‌സായി വെച്ചിട്ടില്ല. ഒരു അഭിമുഖത്തില്‍ ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ബാലയ്യ അതിശയിപ്പിക്കുന്ന ഒരു മറുപടിയാണ് പറഞ്ഞത്.
എനിക്ക് ബോഡിഗാര്‍ഡുകളെ ആവശ്യമില്ല. കാരണം ഞാന്‍ തന്നെയാണ് എന്റെ ബോഡിഗാര്‍ഡ് എന്ന മാസ് മറുപടിയാണ് നടനില്‍ നിന്നും വന്നത്. ബോഡിഗാര്‍ഡുകളെ വെക്കാത്തിന് പിന്നിലെ മറ്റൊരു കാരണവും ബാലയ്യ വെളിപ്പെടുത്തി. തന്റെ ആരാധകര്‍ അച്ചടക്കമുള്ളവരാണെന്നാണ് ബാലയ്യ പറഞ്ഞത്. അതിനാല്‍ തനിക്ക് ബൗണ്‍സര്‍മാരെ ആവശ്യമില്ലെന്നും താരം പറഞ്ഞു. എന്നാല്‍ നടന്റെ അഭിപ്രായത്തോട് തെലുങ്ക് സിനിമാ പ്രേമികള്‍ക്ക് വിയോജിപ്പാണ്.
ചില ആരാധകര്‍ അവരുടെ ഇഷ്ട താരങ്ങളുടെ അടുത്തേക്ക് പോയി കാലില്‍ വീഴാറുണ്ട്. ഇത്തരം രംഗങ്ങള്‍ നമ്മള്‍ പരിപാടികളില്‍ കാണാറുണ്ട്. ഉടനെ ബൗണ്‍സര്‍മാര്‍ പ്രതികരിക്കുകയും അത്തരം ആരാധകരെ തള്ളിമാറ്റുകയും ചെയ്യും. ബാലയ്യയെ കാണാനെത്തുന്ന അല്ലെങ്കില്‍ സ്‌നേഹം പ്രകടിപ്പിക്കാന്‍ എത്തുന്ന ആരാധകരെ ബൗണ്‍സര്‍മാര്‍ അല്ല ബാലയ്യ തന്നെയാണ് പലപ്പോഴും കൈകാര്യം ചെയ്യുന്നത്.
ആരാധകരെ അടിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്ന ബാലയ്യയുടെ വീഡിയോകള്‍ നിരവധി കണ്ടിട്ടുണ്ട്. അതിനാല്‍ അച്ചടക്കം കൊണ്ടാകില്ല ബാലയ്യ തല്ലുമെന്ന് ഭയന്നാകും ആരാധകര്‍ അച്ചടക്കം പാലിച്ച് അകലം പാലിച്ച് നില്‍ക്കുന്നതെന്നാണ് ചിലര്‍ കമന്റായി കുറിച്ചത്. തന്റെ ആരാധകരെ പരസ്യമായി അടിച്ച ഒന്നിലധികം സംഭവങ്ങളാണ് ബാലകൃഷ്ണയുടെ പേരില്‍ ഉള്ളത്. 2017ല്‍ സെല്‍ഫി എടുക്കുന്നതിനിടെ വീഴാന്‍ പോയ ആരാധകന്റെ മുഖത്ത് ബാലകൃഷ്ണ അടിച്ചിരുന്നു.
അതേവര്‍ഷം തന്നെ സെല്‍ഫി എടുക്കാന്‍ വന്ന ആരാധകന്റെ ഫോണ്‍ എറിഞ്ഞുടക്കുകയും മറ്റൊരു ആരാധകനെ പരസ്യമായി തെറി വിളിക്കുകയും ചെയ്തിരുന്നു. ആരാധകരോട് മാത്രമല്ല സഹതാരങ്ങളോട് പോലും പലപ്പോഴും മോശം പെരുമാറ്റമാണ് ബാലയ്യ നടത്താറുള്ളത്. ബാലകൃഷ്ണയുടെ അടുത്ത് നിന്നുണ്ടായ മോശം പെരുമാറ്റത്തെ കുറിച്ച് നടി രാധിക ആപ്തെ തുറന്നുപറഞ്ഞിരുന്നു.
നടന്റെ പേര് വെളിപ്പെടുത്താതെയായിരുന്നു രാധിക ഇക്കാര്യം വെളിപ്പെടുത്തിയത്. താന്‍ ചെയ്ത ഈ രണ്ട് തെലുങ്ക് ചിത്രങ്ങളില്‍ നിന്ന് മോശം അനുഭവം ഉണ്ടായിരുന്നെന്നായിരുന്നു രാധിക പറഞ്ഞത്. ചിത്രീകരണത്തിനായി മണിക്കൂറുകളോളം കാത്തിരിപ്പിച്ചെന്നും രാധിക പറഞ്ഞിരുന്നു. അടുത്തിടെ നടി അഞ്ജലിയെ ചടങ്ങിനിടെ ബാലയ്യ തള്ളി മാറ്റിയ വീഡിയോ വൈറലായിരുന്നു.