പാലക്കാട്: മണ്ണാര്‍ക്കാട് കരിമ്പുഴ തോട്ടര ഈങ്ങാക്കോടന്‍ മമ്മിയുടെ ഭാര്യ നബീസയെ (71) വിഷംനല്‍കി കൊലപ്പെടുത്തിയത് മകളുടെ മകനും ഭാര്യയും ചേര്‍ന്ന്. എട്ടുവര്‍ഷം നീണ്ട വിചാരണയ്ക്കുശേഷം നബീസയുടെ കൊച്ചുമകനായ ബഷീറിനേയും ഭാര്യ ഫസീലയേയും ജീവപര്യന്തം തടവിന് ശിക്ഷിച്ചിരിക്കുകയാണ് മണ്ണാര്‍ക്കാട് കോടതി. ദൃക്സാക്ഷികളോ നേരിട്ടുള്ള തെളിവുകളോ ഇല്ലാത്ത കേസില്‍ സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് നിര്‍ണായകമായത്.
നോമ്പുതുറക്കാനായി വീട്ടിലേക്ക് വിളിച്ചുവരുത്തിയായിരുന്നു കൊച്ചുമകനും ഭാര്യയും നബീസയെ അരുംകൊല ചെയ്തത്. ഭക്ഷണത്തില്‍ വിഷംകലര്‍ത്തിയും പിന്നീട് ബലപ്രയോഗത്തിലൂടെ വിഷംകുടിപ്പിച്ചുമാണ് ബഷീറും ഫസീലയും നബീസയെ കൊന്നത്. മരണം ആത്മഹത്യയാണെന്ന് വരുത്തിതീര്‍ക്കാന്‍ നബീസയുടെ പേരില്‍ വ്യാജ ആത്മഹത്യാകുറിപ്പ് തയ്യാറാക്കിയതും പ്രതികള്‍ക്ക് വിനയായി. നബീസയ്ക്ക് എഴുത്തറിയില്ലായിരുന്നു.
2016 ജൂണ്‍ 24 നാണ് തോട്ടറ സ്വദേശി നബീസയുടെ മൃതദേഹം ആര്യമ്പാവ് ഒറ്റപ്പാലം റോഡില്‍ നായാടിപ്പാറക്ക് സമീപം റോഡരികില്‍ കണ്ടെത്തുന്നത്. കൊലപാതകത്തിന് നാല് ദിവസം മുന്‍പ് നബീസയെ ബഷീര്‍ നമ്പ്യാന്‍ കുന്നിലുള്ള തന്റെ വീട്ടിലേക്ക് കൊണ്ടുവന്നതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
22-ാം തീയതി രാത്രി ചിതലിനുള്ള മരുന്നു ചീരക്കറിയില്‍ ചേര്‍ത്ത് നബീസക്ക് കഴിക്കാന്‍ നല്‍കി. ഇതു കഴിച്ചെങ്കിലും നബീസയ്ക്ക് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായില്ല. ഇതോടെ രാത്രി ബലം പ്രയോഗിച്ച് നബീസയുടെ വായിലേക്ക് വിഷം ഒഴിച്ചുനല്‍കുകയായിരുന്നു. മരിച്ചെന്ന് ഉറപ്പിച്ച ശേഷം മൃതദേഹം ഒരു ദിവസം വീട്ടില്‍ സൂക്ഷിച്ചു. തുടര്‍ന്ന് 24- ന് രാത്രിയോടെ ബഷീറും ഫസീലയും തയാറാക്കിയ ആത്മഹത്യ കുറിപ്പ് സഹിതം മൃതദേഹം റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു. ആത്മഹത്യാക്കുറിപ്പ് നോട്ടുബുക്കില്‍ ഫസീല പലതവണ എഴുതിയിരുന്നതായും, ഇത് മറ്റൊരു പേപ്പറിലേക്ക് പകര്‍ത്തിയെഴുതിയത് ബഷീറാണെന്നും പോലീസ് കണ്ടെത്തി. എഴുത്തും, വായനയും അറിയാത്ത നബീസയുടെ സഞ്ചിയില്‍ നിന്നും കണ്ടെടുത്ത കത്താണ് അന്വേഷണത്തില്‍ വഴിത്തിരിവായത്.
വീട്ടില്‍നിന്നു സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്നു ബഷീറിനെയും ഭാര്യയെയും വീട്ടില്‍നിന്നു മുന്‍പ് പുറത്താക്കിയിരുന്നു. സ്വര്‍ണം മോഷ്ടിച്ചതു നബീസ ബന്ധുക്കളോടും മറ്റും പറഞ്ഞതിലുള്ള വൈരാഗ്യംകൊണ്ടും ബഷീറിന്റെ മാതാവിന്റെ സ്വര്‍ണം കാണാതായതുസംബന്ധിച്ചുള്ള സംശയങ്ങള്‍ പുറത്തുവരാതിരിക്കാനുമാണു പ്രതികള്‍ കൊലപാതകം ആസൂത്രണംചെയ്തതെന്നു കുറ്റപത്രത്തില്‍ പറയുന്നു.
മുന്‍പ് കൊലപാതകശ്രമക്കേസില്‍ തടവ് ശിക്ഷ അനുഭവിച്ചിട്ടുള്ള ഫസീല നിരവധി മോഷണ കേസിലും പ്രതിയാണ്.
ഭര്‍ത്തൃപിതാവ് മുഹമ്മദിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലാണ് ഫസീലയ്ക്ക് അഞ്ചുവര്‍ഷം കഠിനതടവും അരലക്ഷംരൂപ പിഴയും ഒറ്റപ്പാലം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചിരുന്നത്. ഭക്ഷണത്തില്‍ വിഷം നല്‍കിയായിരുന്നു കൊലപാതകശ്രമം.
2015ല്‍ മുഹമ്മദ് ഇതു കണ്ടുപിടിച്ചതോടെ പരാതി നല്‍കുകയായിരുന്നു. ഈ കേസില്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കേ ജാമ്യത്തിലിറങ്ങി. തുടര്‍ന്ന് ഇരുവരും എറണാകുളത്തു താമസിക്കുകയായിരുന്നു.
കഴിഞ്ഞവര്‍ഷം എറണാകുളത്തെ വ്യാപാരസ്ഥാപനത്തില്‍വെച്ച് വ്യാപാരിയുടെ മുഖത്ത് കുരുമുളക് സ്‌പ്രേ ചെയ്ത് പണവും സ്വര്‍ണവും കവര്‍ന്ന സംഭവത്തിലും ഫസീലയുടെ പേരില്‍ എറണാകുളം ഹില്‍പാലസ് സ്റ്റേഷനില്‍ കേസുണ്ടെന്നു പോലീസ് പറയുന്നു.
കേസില്‍ അന്തിമ വിധിവന്ന വെള്ളിയാഴ്ച മണ്ണാര്‍ക്കാട് കോടതിയിലെത്തിയ, നബീസയുടെ ബന്ധുക്കള്‍ക്കുനേരെയും കോടതിവരാന്തയില്‍വച്ച് ഫസീല ഭീഷണിമുഴക്കിയിരുന്നു. സംഭവത്തില്‍ ബഷീറിന്റെ സഹോദരി മണ്ണാര്‍ക്കാട് പോലീസില്‍ പരാതിനല്‍കിയിട്ടുണ്ട്.