CrimeNEWS

വളര്‍ത്തുനായയെച്ചൊല്ലി തര്‍ക്കം; കൊല്ലത്ത് സുഹൃത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു

കൊല്ലം: വളര്‍ത്തുനായയെ വിഷം കൊടുത്തുകൊല്ലുമെന്നു പറഞ്ഞതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ കുത്തേറ്റ് യുവാവ് മരിച്ചു. പട്ടത്താനം വേപ്പാലുംമൂട് ഭാവന നഗര്‍ 289ബി-യില്‍ പി.ചെറിയാന്റെ മകന്‍ ഫിലിപ്പാണ് (ലാലു-42) മരിച്ചത്. ഫിലിപ്പിന്റെ കൈയില്‍നിന്ന് കത്തി പിടിച്ചുവാങ്ങി കുത്തിയ അയല്‍വാസി ഭാവന നഗര്‍ 36എ-യില്‍ മനോജ് (മാര്‍ഷല്‍-45), ഒപ്പമുണ്ടായിരുന്ന ഭാവന നഗര്‍ 41ബി, ചെറുപുഷ്പത്തില്‍ ജോണ്‍സണ്‍ (45) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. സഹോദരന്‍ റാഫി ഒളിവിലാണ്.

ഞായറാഴ്ച വൈകിട്ട് ആറുമണിയോടെ ജോണ്‍സന്റെ വീടിനു മുന്നിലാണ് സംഭവം. പോലീസ് പറയുന്നത്: ഫിലിപ്പും പ്രതികളും അയല്‍വാസികളും സുഹൃത്തുക്കളുമാണ്. വൈകുന്നേരങ്ങളില്‍ വളര്‍ത്തുനായയുമായി ഫിലിപ്പ് അതുവഴി പോകാറുണ്ട്. ഫിലിപ്പിന്റെ ബന്ധുവീടും ഇതിനടുത്താണ്. വളര്‍ത്തുനായയെ ജോണ്‍സന്റെ വീടിനടുത്ത് കൊണ്ടുവരുന്നതിനെച്ചൊല്ലി ജോണ്‍സനും റാഫിയുമായി വൈകിട്ട് തര്‍ക്കമുണ്ടായി. ഫിലിപ്പിനെ ഇവര്‍ കളിയാക്കുകയും നായയെ കല്ലെടുത്ത് എറിയുകയും ചെയ്തു. തങ്ങളെയെങ്ങാനും കടിച്ചാല്‍ വിഷം കൊടുത്ത് നായയെ കൊല്ലുമെന്നും പറഞ്ഞു. ഇതില്‍ പ്രകോപിതനായ ഫിലിപ്പും ഇവരുമായി വാക്കുതര്‍ക്കവും കൈയേറ്റവുമുണ്ടായി.

Signature-ad

വാക്കേറ്റത്തില്‍ മനോജും ഇടപെട്ടു. സംഘര്‍ഷത്തിനിടെ മനോജ് കത്തികൊണ്ട് ഫിലിപ്പിന്റെ നെഞ്ചില്‍ കുത്തുകയായിരുന്നു. കുത്തേറ്റ ഫിലിപ്പ് അവിടെനിന്ന് ബന്ധുവീട്ടിലേക്ക് നടന്നു. ബഹളംകേട്ടെത്തിയ ബന്ധു ആന്റണി, ഫിലിപ്പിനെ സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഫിലിപ്പും പ്രതികളും പ്ലംബിങ്, പെയിന്റിങ് തൊഴിലാളികളാണ്.

തര്‍ക്കത്തിനിടെ കൈയ്ക്ക് പരിക്കേറ്റ് ചികിത്സതേടിയ ജോണ്‍സനെ സ്വകാര്യ ആശുപത്രിയില്‍നിന്നാണ് പോലീസ് പിടികൂടിയത്. ഈസ്റ്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ എല്‍.അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെപിടികൂടിയത്. ഫിലിപ്പിന്റെ അമ്മ: എം.ലീല. ഭാര്യ: ജെസ്റ്റിന. മകന്‍: ചെറിയാന്‍ ഫിലിപ്പ്. മൃതദേഹം സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍. സംസ്‌കാരം പിന്നീട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: