NEWSWorld

കാനഡ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഇന്ത്യന്‍ വംശജന്‍ ? ആരാണ് ചന്ദ്ര ആര്യ?

ഒട്ടാവ: കാനഡയുടെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഇന്ത്യന്‍ വംശജനും. നിലവില്‍ കാനഡ പാര്‍ലമെന്റ് അംഗമായ ചന്ദ്ര ആര്യയാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ജസ്റ്റിന്‍ ട്രൂഡോയുടെ രാജിക്കു പിന്നാലെയാണ് എക്സ് പോസ്റ്റിലൂടെ ചന്ദ്ര ഇക്കാര്യം അറിയിച്ചത്.

‘തലമുറകളായി കണ്ടിട്ടില്ലാത്ത ഘടനാപരമായ പ്രശ്നങ്ങളാണ് കാനഡ ഇപ്പോള്‍ നേരിടുന്നത്. അവ പരിഹരിക്കാന്‍ കടുത്ത തീരുമാനങ്ങള്‍ വേണ്ടി വരും. എന്നും കാനഡക്കാരുടെ നന്മയ്ക്കു വേണ്ടി കഠിനാധ്വാനം ചെയ്തയാളാണ് ഞാന്‍. നമ്മുടെ മക്കള്‍ക്കും പേരമക്കള്‍ക്കും വേണ്ടി തീര്‍ത്തും അനിവാര്യമായ കടുത്ത തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടതുണ്ട്. ലിബറല്‍ പാര്‍ട്ടിയുടെ നേതാവായി തെരഞ്ഞെടുക്കപ്പെട്ടാല്‍ എന്റെ അറിവും കഴിവുമെല്ലാം ഞാന്‍ അതിനു വേണ്ടി സമര്‍പ്പിക്കും’-എക്സ് പോസ്റ്റില്‍ ചന്ദ്ര പറഞ്ഞു.

Signature-ad

വിരമിക്കല്‍ പ്രായം കൂട്ടുമെന്നും പൗരത്വത്തെ അടിസ്ഥാനമാക്കിയുള്ള നികുതി സമ്പ്രദായം അവതരിപ്പിക്കുമെന്നും അദ്ദേഹം വാഗ്ദാനം നല്‍കുന്നുണ്ട്. ഇതോടൊപ്പം ഫലസ്തീന്‍ രാഷ്ട്രം അംഗീകരിക്കുമെന്നും പ്രഖ്യാപനമുണ്ട്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും നയങ്ങളും വാഗ്ദാനങ്ങളും പ്രചരിപ്പിക്കാനുമായി വെബ്സൈറ്റും ലോഞ്ച് ചെയ്തിട്ടുണ്ട് ചന്ദ്ര ആര്യ.

രാജ്യത്തെ തൊഴിലാളികളായ മധ്യവര്‍ഗം കടുത്ത ദുരിതത്തിലാണെന്നും എക്സ് പോസ്റ്റില്‍ അദ്ദേഹം തുടരുന്നു. പലരും ദാരിദ്ര്യത്തിലേക്ക് നീങ്ങുകയാണ്. വലിയ തീരുമാനങ്ങളെടുക്കാന്‍ ശേഷിയുള്ള നേതൃത്വത്തെ കാനഡ അര്‍ഹിക്കുന്നുണ്ട്. രാജ്യത്തിന്റെ സമ്പദ്ഘടനെ പുനര്‍നിര്‍മിക്കാനും പ്രതീക്ഷകള്‍ തിരിച്ചുകൊണ്ടുവരാനും എല്ലാ കാനഡക്കാര്‍ക്കും തുല്യാവസരങ്ങള്‍ സൃഷ്ടിക്കാനും ശേഷിയുള്ളവരാണു വരേണ്ടത്. നമ്മുടെ ഭാവിതലമുറയുടെ ക്ഷേമവും ഉറപ്പാക്കണം. ഇതിന് ശക്തമായ രാഷ്ട്രീയ തീരുമാനങ്ങള്‍ അനിവാര്യമാണ്. ദീര്‍ഘവീക്ഷണവും പ്രായോഗികതയും മാര്‍ഗനിര്‍ദേശ തത്വമായി സ്വീകരിച്ച ഒരാളെന്ന നിലയ്ക്ക് ഈ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ താന്‍ തയാറാണെന്നും അദ്ദേഹം അറിയിച്ചു. ഇതോടൊപ്പം കാനഡയിലെ ഹിന്ദു സമൂഹത്തിന് പിന്തുണ വാഗ്ദാനം ചെയ്യുകയും ഖലിസ്ഥാന്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട് ചന്ദ്ര ആര്യ.

ആരാണ് ചന്ദ്ര ആര്യ?

നിലവില്‍ കാനഡ ജനപ്രതിനിധി സഭയില്‍ അംഗമാണ് ചന്ദ്ര ആര്യ. ബംഗളൂരുവില്‍നിന്ന് 70 കിലോമീറ്ററുകള്‍ അകലെയുള്ള തുംകൂര്‍ ജില്ലയിലെ ദ്വാരലു ഗ്രാമത്തിലാണ് അദ്ദേഹത്തിന്റെ ജനനം. 2006ലാണ് കാനഡയിലേക്ക് കുടിയേറുന്നത്. 2015ലായിരുന്നു രാഷ്ട്രീയപ്രവേശം.

2015ലെ ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച ചന്ദ്ര ആര്യ 2019ല്‍ വീണ്ടും പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 2022ല്‍ കാനഡ പാര്‍ലമെന്റില്‍ മാതൃഭാഷയായ കന്നഡയില്‍ സംസാരിച്ചത് ചര്‍ച്ചയായിരുന്നു.

എഞ്ചിനീയറിങ് ബിരുദവും ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദവും നേടിയ ചന്ദ്ര രണ്ടു പതിറ്റാണ്ടു മുന്‍പ് ഭാര്യയ്ക്കും മകനുമൊപ്പമാണ് കാനഡയിലേക്കു താമസം മാറ്റുന്നത്. രാഷ്ട്രീയത്തില്‍ സജീവമാകുംമുന്‍പ് ടെക്-ബിസിനസ് മേഖലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു. ഇന്തോ-കാനഡ ഒട്ടാവ ബിസിനസ് ചേംബറിന്റെ ചെയര്‍മാനായും ഫെഡറേഷന്‍ ഓഫ് കനേഡിയന്‍ ബ്രസീലിയന്‍ ബിസിനസസിന്റെ സ്ഥാപക ഡയറക്ടറായും സേവനമനുഷ്ഠിച്ചു.

ഒട്ടാവ കാത്തലിക് സ്‌കൂളില്‍ അധ്യാപികയായിരുന്നു ഭാര്യ സംഗീത. മകന്‍ സിദ് ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാണ്. ഇരുവര്‍ക്കുമൊപ്പം നേപ്പിയനിലാണ് ചന്ദ്രയുടെ താമസം.

 

Back to top button
error: